ഡാനിഷ് സിദ്ദിഖിക്ക് തലസ്ഥാന നഗരിയുടെ ആദരാജ്ഞലികൾ

First Published | Jul 17, 2021, 1:18 PM IST

ന്ത്യന്‍ സ്വാതന്ത്രത്തിനായി പോരാടി വീരചരമം പ്രാപിച്ച ധീരരക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തില്‍, അഫ്ഗാനിസ്ഥാനില്‍ ഇന്നലെ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിക്ക് ആദരാജ്ഞലികൾ അര്‍പ്പിച്ചു. തിരുവനന്തപുരം നഗരത്തിലെ പത്ര ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ലെന്‍സ് വ്യൂ കൂട്ടായ്മയാണ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്. സ്മൃതി മണ്ഡപത്തില്‍ ഡാനിഷ് സിദ്ദിഖിയുടെ ചിത്രത്തിന് മുന്നില്‍ ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ക്യാമറകള്‍ വച്ചായിരുന്നു ആദരാജ്ഞലി നല്‍കിയത്. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍. 

പത്രങ്ങള്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന്‍റെ നാലാം തൂണെന്നാണ് പൊതുവേ പറയാറ്. എന്നാല്‍ പത്രങ്ങളിലെ അക്ഷരങ്ങളെക്കാള്‍ ചിത്രങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് ഒരിക്കല്‍ കൂടി തന്‍റെ ചിത്രങ്ങളിലൂടെ തെളിയിച്ചന്യൂസ് ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി.
വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ലോകത്തിന് മുന്നിലെത്തിച്ചത് ഡാനിഷിന്‍റെ ക്യാമറാ കണ്ണുകളായിരുന്നു. അവയിലൂടെയാണ് അന്തര്‍ദേശീയ സമൂഹം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞതും പ്രതികരിച്ചതും.

കൊവിഡ് കാലത്തെ അതിഥി തൊഴിലാളികളുടെ ആയിരത്തോളം കിലോമീറ്റര്‍ നീണ്ട നടത്തങ്ങള്‍, കശ്മീര്‍, സിഎഎ സമരം, കര്‍ഷക സമരം, ഒടുവില്‍ ദില്ലിയുടെ കൊവിഡ് കണക്കുകളില്‍ പോലും പെടാതെ കൂട്ടിയിട്ട് കത്തിക്കപ്പെട്ട അനേകം മൃതദ്ദേഹങ്ങളുടെ ശ്മശാന ദൃശ്യങ്ങള്‍... ഇവയെല്ലാം ഇന്ത്യയുടെ നേര്‍ക്കാഴ്ചകളായിരുന്നു.
ഇതോടൊപ്പം അഭയാര്‍ത്ഥികളായ റോഹിംഗ്യകള്‍, ഇറഖ് യുദ്ധം, അഫ്ഗാന്‍ യുദ്ധം എന്നിടങ്ങളിലെല്ലാം സിദ്ദിഖി തന്‍റെ ക്യാമറയുമായി നിലയുറപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ആ യാഥാര്‍ത്ഥ്യങ്ങളെ പകര്‍ത്തി ലോകത്തിനായി നല്‍കി.
നമ്മുടെ സാഹചര്യങ്ങള്‍ എത്രമേല്‍ അസ്വസ്ഥമായിരുന്നുവെന്ന് ഡാനിഷ് സിദ്ദിഖിയുടെ ചിത്രങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. ഒടുവില്‍ തീവ്രമതാശയവുമായ അഫ്ഗാന്‍ മണ്ണില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന താലിബാന്‍റെ അക്രമണത്തില്‍ ഡാനിഷിന് സ്വന്തം ജീവന്‍ തന്നെ നല്‍കേണ്ടി വന്നു.
വിവിധ മാധ്യമസ്ഥാപനങ്ങളിലെ ഫോട്ടോജേര്‍ണലിസ്റ്റുകളായ രാജേഷ് രാജേന്ദ്രൻ , ദീപക് പ്രസാദ് , അജയ് മധു , രാഖി യുഎസ് , ശിവജി , ഗോപൻ കൃഷ്ണ, നോയല്‍ , ജി ബിനുലാല്‍, കെ. നാരായണന്‍ , ജി പ്രമോദ് എന്നിവര്‍ പങ്കെടുത്തു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!