അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നഗരത്തിലെ ആദ്യ ജനകീയ ഹോട്ടലിന്‍റെ ചുമരുകൾ ഇടിഞ്ഞു വീണു. ഈ സമയം ജോലിയിൽ ഉണ്ടായിരുന്ന സ്ത്രീകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
തിരുവനന്തപുരം നരസഭയ്ക്ക് കീഴിൽ നഗരത്തിലെത്തുന്നവര്‍ക്ക് ഇരുപത് രൂപയ്ക്ക് ഭക്ഷണം നൽകാൻ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ആദ്യ ജനകീയ ഹോട്ടലായ അനന്തപുരി കഫേയുടെ പുറക് വശത്തെ ചുമരുകളാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ തകര്‍ന്ന് വീണത്.
കെട്ടിടം നില്‍ക്കുന്ന പറമ്പിന് പുറകിലെ പറമ്പില്‍ നിന്ന് ആഴത്തില്‍ മണ്ണെടുത്ത് മാറ്റിയതോടെയാണ് നഗരസഭാ കെട്ടിടത്തിന് ബലക്ഷയം തുടങ്ങിയത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കെട്ടിടത്തിന്‍റെ പുറകിലെ ചുമര്‍ ഭിത്തിയില്‍ നിന്ന് അടര്‍ന്ന് മാറിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
കെട്ടിടത്തിന്‍റെ പുറകിലെ ചുമരാണ് ഇങ്ങനെ അടര്‍ന്ന് മാറിയ നിലയില്‍ നിന്നിരുന്നത്. ഇതാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ ഇടിഞ്ഞ് വീണത്. ഇതോടെ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചു. മൂന്നോളം നിലയുള്ള കെട്ടിടം 1990 ഡിസംബറിലാണ് ഉദ്ഘാടനം ചെയ്തത്.
ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ദുരന്തമുഖത്താണ് പത്തോളം കുടുംബശ്രീ പ്രവർത്തകർ. ഈ അടച്ചുപൂട്ടല്‍ കാലത്തും ദിവസവും ആയിരത്തോളം പേര്‍ക്ക് ഇവിടെ നിന്ന് പൊതിച്ചോറ് നല്‍കുന്നു.
ഇത്രയും പേര്‍ക്ക് ഭക്ഷണമുണ്ടാക്കാനായി പുലര്‍ച്ചെ രണ്ട് മണിക്ക് തന്നെ ജോലിക്ക് കയറുന്നവരാണ് ഇവിടത്തെ തോഴിലാളികള്‍. കഴിഞ്ഞ ദിവസത്തെ മഴയില്‍ മണ്ണ് കുതിര്‍ന്നതും ചുമര്‍ നനഞ്ഞതുമാകാം ചുമര്‍പെട്ടെന്ന് ഇടിഞ്ഞ് വീഴാന്‍ കരണമെന്ന് കരുതുന്നു.
ജീവനക്കാരുടെ വിശ്രമ കേന്ദ്രം കൂടിയായ സ്റ്റോർ റൂമിന്‍റെ ചുമരാണ് ഇടിഞ്ഞ് വീണിരിക്കുന്നത്. അപകട സമയം തൊഴിലാളികള്‍ മറ്റ് മുറികളില്‍ ജോലിത്തിരക്കിലായിരുന്നതിനാല്‍ സ്റ്റോറൂമില്‍ ആരുമില്ലായിരുന്നു.
ഈസമയത്ത് ചുമരിടിഞ്ഞ് വീണതിനാല്‍ ആളപായമൊന്നുമുണ്ടായില്ല. മാസങ്ങൾക്ക് മുൻപ് കെട്ടിടത്തിന്‍റെ ജനറേറ്റർ റൂമിന്‍റെ ചുമർ ഇടിഞ്ഞു വീണിരുന്നു.
ഇതേ തുടർന്ന് അറ്റകുറ്റപണികൾ തീരുന്നത് വരെ കെട്ടിടം അടച്ചിടാൻ അന്ന് സ്ഥലം സന്ദർശിച്ച നഗരസഭ ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീമിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥർ അറിയിച്ചു.
എന്നാല്‍ അടച്ച് പൂട്ടലിനിടെയിലും നഗരത്തില്‍ ആയിരത്തോളം പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിത്തരണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. പുതിയൊരു സ്ഥലം കണ്ടെത്താന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ല.
ഇതോടെ ഇവിടെ തന്നെ ഹോട്ടല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. കെട്ടിടത്തിന്‍റെ അറ്റകുറ്റപണികൾക്കയുള്ള എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ടെന്നും വരുന്ന നഗരസഭ കൗൺസിലിൽ വെച്ച് ഇത് പാസാക്കി എത്രയും വേഗം ടെൻഡർ നടപടികൾ ആരംഭിക്കാനാണ് തീരുമാനമെന്ന് നഗരസഭ ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീം പറഞ്ഞു.
നിലവിൽ അപകട സാധ്യതയുള്ള കെട്ടിടത്തിൽ പാചകം ചെയ്യാൻ ജീവനക്കാരെ അനുവദിക്കില്ലെന്നും നഗരത്തിലെ മറ്റ് രണ്ട് ജനകീയ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം ഇവിടെ എത്തിച്ച് വിതരണം ചെയ്യാനുള്ള നടപടികൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസവും 1200 നും 1500 നുമിടയില്‍ പൊതിച്ചോറുകളാണ് ഇവിടെ നിന്നും ഈ അടച്ച് പൂട്ടലിന്‍റെ കാലത്തും പോയിക്കൊണ്ടിരുന്നത്. നഗരത്തിലെ മറ്റ് രണ്ട് കുടുംബശ്രീ ഹോട്ടലുകളില്‍ ഇന്ന് ഇത്രയും പൊതിച്ചോറ് എല്ലാ ദിവസവും എത്തിച്ച് വിതരണം ചെയ്യുന്നത് എത്രകണ്ട് ഫലം കാണുമെന്നതില്‍ തോഴിലാളികള്‍ക്കും ആശങ്കയുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona