'വൃക്കയും കരളും വില്‍ക്കാനുണ്ടെ'ന്ന ബോര്‍ഡിന് പകരം 'വിശപ്പിന്‍റെ സംഗീതം, സംഭാവന തരൂ' എങ്കിലും...

First Published | Jul 15, 2021, 11:11 AM IST

"കണ്ണുതുറക്കാത്ത ദൈവങ്ങളെ... 
കരയാനറിയാത്ത ചിരിക്കാനറിയാത്ത, 
കളിമണ്‍ പ്രതിമകളെ...
മറക്കൂ നിങ്ങളീ ദേവദാസിയെ... മറക്കൂ... മറക്കൂ...'"

ശംഖുമുഖത്ത് നിന്നാണ് റൊണാള്‍ഡ് തിരുരവനന്തപുരം നഗരത്തിലേക്ക് തന്‍റെ സ്കൂട്ടറോടിച്ച് എത്തിയത്. അതൊരു വെറും സ്കൂട്ടറല്ല. ഒരേ സമയം വാഹനവും വീടുമാണ് അദ്ദേഹത്തിന് ആ വണ്ടി. അദ്ദേഹം അതിലിരുന്ന് പാടി.. 

"കള്ളിപ്പാലകള്‍ പൂത്തു... കാടൊരു വെള്ളി പൂക്കൂട തീര്‍ത്തു.
ആരിലും ആരിലും അവയുടെ സൌരഭം ആളിപ്പടരുമൊരു ഉന്മാദം... " 

ശംഖുമുഖത്തെത്തുന്ന സന്ദര്‍ശകരില്‍ മിക്കവരും റൊണാള്‍ഡിനെ കണ്ടിട്ടുണ്ടാകും. വൈകുന്നേരങ്ങളില്‍ റൊണാള്‍ഡ് ശംഖുമുഖത്തിരുന്ന് പാടും. കാഴ്ചകാണാന്‍ വരുന്നവര്‍ക്കായി. കൊറോണാ രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് ജീവിതം നിശ്ചലമായവരില്‍ ഒരാള്‍ കൂടിയാണ് റൊണാള്‍ഡ്. നഷ്ടപ്പെട്ട ജീവിതം തിരിച്ച് പിടിക്കാന്‍ അദ്ദേഹം ഇന്ന് സ്വന്തം വൃക്കവില്‍ക്കാന്‍ തയ്യാറാണെന്ന പരസ്യം തന്‍റെ വണ്ടിയില്‍ വച്ചാണ് യാത്ര ചെയ്യുന്നത്. പൊള്ളുന്ന ആ ജീവിതത്തില്‍ നിന്ന്...  ( ചിത്രങ്ങള്‍ പ്രദീപ് പാലവിളാകം )

ഒരു ദിവസത്തിന്‍റെ ഭാരം ഒഴിച്ച് വെക്കാനായി ശംഖുമുഖത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഒരായുസ്സിന്‍റെഭാരവും പേറിയാണ് റൊണാള്‍ഡ് പാടിയിരുന്നത്. സുഖവും ദുഃഖവും പ്രണയുവും വിരഹവും... അങ്ങനെ ജീവിതത്തിലെ എല്ലാ ഭാവങ്ങളും അദ്ദേഹം തന്‍റെ കേള്‍വിക്കാര്‍ക്കായി പങ്കുവച്ചു.
ആശയും നിരാശയും ശബ്ദങ്ങളില്‍ അടക്കി. കേള്‍വിക്കാര്‍ സന്തോഷത്തോടെ നല്‍കിയിരുന്ന നാണയത്തുട്ടുകളില്‍ അദ്ദേഹം തന്‍റെ ജീവിതം കൊരുത്തു. എന്നാല്‍, രോഗവ്യാപനത്തിന് പുറകെ, നാടും നഗരവും അടച്ച് പൂട്ടലിലേക്ക് നീങ്ങിയതോടെ എല്ലാം നിശ്ചലമായി. ശംഖുമുഖവും.

തൊട്ട് പുറകെ കടലേറ്റത്തില്‍ ഇനിയീ ഭൂമിയിലേക്കൊരു തിരിച്ച് വരവില്ലെന്ന് പറഞ്ഞ് ശംഖുമുഖത്തെ മണല്‍ത്തരികളും കടലിനോടൊപ്പം കരയിറങ്ങിപ്പോയി. 'ദുഃഖങ്ങള്‍ കടല്‍ പോലെ'യെന്ന് ജീവിതം കൊണ്ട് റൊണാള്‍ഡ് പറയുന്നു.
തിരയ്ക്ക് പുറകെ മറുതിര, പിന്നെയും പിന്നെയും അണമുറിയാത്ത തിരകള്‍. ആ തിരകളില്‍ ഇല്ലാതായത് ശംഖുമുഖത്തെ പാട്ടൊഴുകിയ സന്ധ്യകള്‍ മാത്രമായിരുന്നില്ല. റൊണാള്‍ഡിനെ പോലെയുള്ള അനേകം ജീവിതങ്ങള്‍ കൂടിയായിരുന്നു. ശംഖുമുഖത്തേക്കുള്ള സന്ദര്‍ശകരുടെ വരവുകളും നിന്നു. റൊണാള്‍ഡിനെ പോലെ ജീവിതത്തിലേക്ക് പിടിച്ച് കയറാന്‍ കടലേക്കിട്ട 'ചൂണ്ടക്കൊളുത്തുകള്‍' ഒഴിഞ്ഞു തന്നെയിരുന്നു.
അനേകരുടെ ജീവിതങ്ങള്‍ വഴിമുട്ടി. റൊണാള്‍ഡ് ജീവിതത്തില്‍ ഒറ്റയ്ക്കായിരുന്നില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരുന്നു അദ്ദേഹത്തിനും. ഭാര്യ മരിച്ചു. ഒരു മകന്‍ കേസില്‍പ്പെട്ട് ജയിലിലായി. മകള്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് കാമുകനായ തമിഴന്‍റെ ഒപ്പം പോയെന്നും റൊണാള്‍ഡ് പറയുന്നു. റൊണാള്‍ഡ് ശംഖുമുഖത്ത് ഒറ്റയ്ക്കായി.
പൊട്ടിയ കമ്പികള്‍ ചേര്‍ത്ത് കെട്ടി അദ്ദേഹം പാടി.'... ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍... '
മരുമകനൊപ്പമായിരുന്നു ജീവിതം. പക്ഷേ, കാര്യങ്ങള്‍ നമ്മുടെ കൈകളിലല്ലല്ലോയെന്ന് അദ്ദേഹം പറയുന്നു. മരുമകന്‍ കിഡ്നി തകരാറായി ആശുപത്രിയിലായതോടെ റൊണാള്‍ഡ് വീണ്ടും തെരുവിലായി. തെരുവിന്‍റെ പാട്ടുകാരനായി. ആയിടക്കാണ് കൊറോണാ രോഗാണുവിന്‍റെ വ്യാപനവും.
നീണ്ട അടച്ച് പൂട്ടലുകള്‍. അതിനിടെയില്‍ ചെറുതായി നാടും നഗരവും തുറന്നപ്പോള്‍ മെഡിക്കല്‍ കോളേജുകളില്‍ അദ്ദേഹം കയറിയിറങ്ങി. സ്വന്തം വൃക്ക വില്‍ക്കാനുണ്ടെന്നും വാങ്ങാന്‍ ആളുണ്ടോയെന്ന് അന്വേഷിച്ചു. പക്ഷേ അദ്ദേഹത്തിന് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നെ മറ്റ് വഴികളുണ്ടായിരുന്നില്ല. ' വിശപ്പിന്‍റെ സംഗീതം, സംഭാവന തരൂ' എന്ന തന്‍റെ പഴയ ബോര്‍ഡ് മാറ്റിയ അദ്ദേഹം പകരം 'വൃക്കയും കരളും വില്‍പ്പനയ്ക്കെ'ന്ന പരസ്യബോര്‍ഡ് പുറകിലും 'സംഗീതമേ വിട പട്ടിണി മരണ ശയനം' എന്ന ബോര്‍ഡ് മുന്നിലുമായി വച്ച് തന്‍റെ മുച്ചക്ര വണ്ടിയുമെടുത്ത് തിരുവനന്തപുരം നഗരത്തിലേക്കിറങ്ങി.
പരസ്യത്തിലെ പുതുമയില്‍ തട്ടിയ ആരൊക്കെയോ അതിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വാര്‍ത്തയായി. സാഹായങ്ങളായി... പക്ഷേ... മന്ത്രി ആന്‍റണി രാജുവും തൃക്കാക്കര എംഎല്‍എ ടി പി തോമസും തന്‍റെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അവ പരിഹസിക്കാനാവശ്യമായ നടപടകളെടുക്കാമെന്നും ഉറപ്പ് നല്‍കിയെന്ന് റൊണാള്‍ഡ് പറയുന്നു.
ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് റൊണാള്‍ഡ് തന്‍റെ വണ്ടിയില്‍ വച്ചിരുന്ന കരളും വൃക്കയും വില്‍ക്കാനുണ്ട് എന്ന പരസ്യപ്പെടുത്തിയ ബോര്‍ഡ് എടുത്തുമാറ്റി. പകരം പഴയ തകര ഷീറ്റിലെഴുതിയ ' വിശപ്പിന്‍റെ സംഗീതം, സംഭാവന തരൂ' എന്ന ബോര്‍ഡ് വച്ചു.
ആഹാരം കഴിക്കാന്‍ വഴിയില്ലാതെ വന്നപ്പോള്‍ കെട്ടിടം പണിക്കിടെ ബംഗാളി തൊഴിലാളികള്‍ കഴിച്ച് കളഞ്ഞ എച്ചില്‍ ഭക്ഷണം കഴിക്കാനെത്തിയ നാകളെ ഓടിച്ച് അതെടുത്ത് കഴിക്കേണ്ടി വന്ന അനുഭവം അദ്ദേഹം ഏഷ്യനെറ്റ് ന്യൂസിനോട് പങ്കുവച്ചു. കൊവിഡ് രോഗവ്യാപനം ഓരോ മനുഷ്യരിലുമുണ്ടാക്കിയ അനുഭവങ്ങള്‍... റേഷന്‍ കാര്‍ഡില്‍ പേരില്ലാത്ത, രജിസ്റ്ററില്‍ നമ്പറുകളില്ലാത്ത മനുഷ്യര്‍ക്ക് കിറ്റുകള്‍ പോലും അപ്രാപ്യമാകുന്ന കാലം കൂടിയാണിതെന്ന് റൊണാള്‍ഡ് പറയാതെ പറയുന്നു.
എന്നാല്‍, മന്ത്രിയും എംഎല്‍എയും സഹായഹസ്തം ഇന്ന്, കഴിക്കാനായി വാങ്ങിയ ഭക്ഷണം പോലും കഴിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. വയസ്സ് 59 ആയി. ആശുപത്രിയില്‍ പോയി ഇനിയും ജീവിതം നീട്ടിക്കൊണ്ട് പോകാന്‍ വയ്യ.മന്ത്രിയും എംഎല്‍എയും തന്ന ഉറപ്പില്‍ അങ്ങേയറ്റം നന്ദിയുണ്ട്. പക്ഷേ അവരനുവദിച്ച സഹായം ലഭിക്കും വരെ കാത്തുനില്‍ക്കാന്‍ താന്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും അത്രമാത്രം അവശതയുണ്ടെന്നും അദ്ദേഹം പറയുന്നു.
അരസെന്‍റ് ഭൂമിയും അതിലൊരു ചെറിയ വീടും ലഭിച്ചാല്‍ തന്‍റെ ആരോഗ്യം മെച്ചപ്പെട്ടേക്കാം... വാഹനത്തിലിരുന്നുള്ള അലച്ചില്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും റൊണാള്‍ഡ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് തന്നെ എന്തെങ്കിലും വച്ച് കഴിക്കാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷേ കുറച്ച് കാലം കൂടി തനിക്ക് ജീവിക്കാന്‍ കഴിഞ്ഞേക്കാം.
സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ വീട് വച്ച് തരാന്‍ താല്‍പര്യപ്പെട്ട് ഒരു പ്രവാസി മലയാളി വിളിച്ചിരുന്നെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു. എന്നാല്‍ അത്രയും കാലം തനിക്ക് ജീവിച്ചിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും റൊണാള്‍ഡ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!