രാവിലെ കര്‍മ്മംതൊടിയിലെ റോഡരികില്‍ കാട്ടുപോത്തിനെ ആദ്യം കണ്ടത് നാട്ടുകാരാണ്. സാധാരണ വഴിയില്‍ യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ ഇവ കാടുകയറുകയാണ് പതിവ്. എന്നാല്‍, ഇതുമാത്രമെന്താണ് കാട് കയറാത്തതെന്ന് അന്വേഷിച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് കാര്യം മനസിലായത്. കാട്ടുപോത്തിന്‍റെ മുന്‍കാലുകളില്‍ കാര്യമായ മുറിവുണ്ടായിരുന്നു.
പരിക്ക് പറ്റി നടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു കാട്ടുപോത്ത്. തിരിച്ച് കാടുകയറാന്‍ പറ്റാതെ റോഡരികില്‍ നിന്ന് പോയതാണ്. എങ്കിലും കാട്ടുപോത്തിനെ തിരികെ കയറ്റിവിടാന്‍ നാട്ടുകാര്‍ ഒരു വിഫലശ്രമം നടത്തി. എന്നാല്‍, പരിക്ക് അത്യാവശ്യം ഗുരുതരമായതിനാല്‍ നാട്ടുകാരുടെ ശ്രമം വിജയിച്ചില്ല. ഒടുവില്‍ നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന് വനപാലകരും പുറകെ മൃഗഡോക്ടറും സ്ഥലത്തെത്തി.
അങ്ങനെ കാട്ടുപോത്തിന് ചികിത്സ നല്‍കാന്‍ തീരുമാനിക്കുകയും അതിനായുള്ള ശ്രമമാരംഭിക്കുകയും ചെയ്തു. ഇതിനായി കാട്ടുപോത്തിനെ ആദ്യം തളയ്ക്കാനാണ് ശ്രമിച്ചത്. എന്നാല്‍, കഠിന വേദന കാരണം കാട്ടുപോത്ത് പരാക്രമം കാണിച്ചു. തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും കുരുക്കെറിഞ്ഞ് കാട്ടുപോത്തിനെ പിടിച്ച് കെട്ടാന്‍ ഏറെ നേരം ശ്രമം നടത്തി.
അതിനിടെയാണ് കാട്ടുപോത്ത് ആറ് മാസം ഗര്‍ഭിണിയാണെന്ന് മൃഗഡോക്ടര്‍ അറിയിച്ചത്. അങ്ങനെ എത്രയും പെട്ടെന്ന് കാട്ടുപോത്തിന് മതിയായ ചികിത്സ നല്‍കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനായി കാട്ടുപോത്തിന് മയക്കുമരുന്ന് ഇഞ്ചക്ഷന്‍ നല്‍കി. മയക്കിയ ശേഷം ചികിത്സ തുടങ്ങാമെന്നായിരുന്നു തീരുമാനം. എന്നാല്‍, മയക്ക് വെടിവച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും കാട്ടുപോത്ത് ചത്തു.
അതുവഴി കടന്ന് പോയ വാഹനം കാട്ടുപോത്തിനെ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ പരിക്കാണ് അതെന്നായിരുന്നു നാട്ടുകാരുടെ നിഗമനം. എന്നാല്‍, ഉദ്യോഗസ്ഥരുടെ വാദം മറ്റൊന്നാണ്. കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ കാട്ടുപോത്തിന്‍റെ മുന്‍കാലുകള്‍ എവിടെയെങ്കിലും കുരുങ്ങി തൂങ്ങിക്കിടന്നത് മൂലമുണ്ടായ പരിക്കാണ് അതെന്നായിരുന്നു മൃഗഡോക്ടര്‍മാരുടെ നിഗമനം.
ഇരുകാലുകള്‍ക്കും സാരമായി പരിക്കേറ്റിരുന്നതിനാലാണ് പെട്ടെന്ന് ചത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒടുവില്‍ രാവിലെ ആറ് മണിക്ക് കാട്ടുപോത്തിനെ കണ്ടത് മുതല്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം വൈകുന്നേരത്തോടെ ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടി വന്നു. പോത്ത് ചത്തതോടെ അതുവരെ ഒരു ജീവന്‍ രക്ഷിക്കാനായി ഉത്സാഹത്തിലായിരുന്ന നാട്ടുകാരും ദുഖത്തോടെ പിരിഞ്ഞു.