ഇനിയും അച്ഛനെത്തിയില്ല; രേഖയുടെ വിവാഹ വേദിയിലും രാജന്‍റെ അസാന്നിധ്യം

First Published | Jun 11, 2022, 3:57 PM IST

38 ദിവസമായി രേഖ അച്ഛനെ കാത്തിരിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന തന്‍റെ കല്യാണത്തിനെങ്കിലും അച്ഛന്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ആ മകള്‍. പ്രതീക്ഷകള്‍ അസ്ഥാനത്തായി. മകളുടെ കൈ പിടിച്ച് കതിര്‍മണ്ഡലത്തിലേക്ക് കയറ്റാന്‍ അച്ഛനെത്തിയില്ല. കഴിഞ്ഞ മെയ് മൂന്നാം തിയതിയാണ് സൈരന്ധ്രിയിലെ വാച്ചർ പുളിക്കഞ്ചേരി രാജനെ കാണാതാകുന്നത്. സൈലന്‍റ് വാലി, സൈരന്ധ്രിയിലെ വാച്ചർ രാജന്‍ അന്ന് രാത്രി ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പ് റൂമിലേക്ക് പോയതാണ്. പിന്നീട് ഇതുവരെ ആരും രാജനെ കണ്ടിട്ടില്ല. വനംവകുപ്പ് , തണ്ടർബോൾട്ട് , പൊലീസ്, സ്നിഫർ ഡോഗ്, ഡ്രോൺ അടക്കമുള്ള സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് ദിവസങ്ങളോളം നടത്തിയ തിരച്ചിലിലും രാജനെ കണ്ടെത്താനായില്ല. ഒടുവില്‍ അച്ഛന്‍റെ അസാന്നിധ്യത്തില്‍ മകള്‍ വിവാഹ പന്തലിലെത്തി. 

പാലക്കാട് അഗളിയിൽ വച്ച് ഇന്നായിരുന്നു രാജന്‍റെ മകള്‍ രേഖയുടെ വിവാഹം. മണ്ണാർക്കാട് സ്വദേശി നിഖിൽ ആണ് വരൻ. മകളുടെ കഴുത്തിൽ താലിചാർത്തുമ്പോൾ, നിറചിരിയുമായി അടുത്ത് നിൽക്കേണ്ട രാജൻ ഇപ്പോൾ കാണാമറയത്ത്. രാജന്‍റെ അസാന്നിധ്യത്തില്‍ ബന്ധുക്കൾ ചേർന്നാണ് കല്യാണ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. പക്ഷേ, അനുഗ്രഹിച്ച് ഭർതൃവീട്ടിലേക്ക് പറഞ്ഞയക്കേണ്ട രാജന്‍റെ അസാന്നിധ്യം രേഖയുടെ മനസ്സിൽ കടലാഴത്തിന് തുല്യം. 

അവസാനം വീട് വിട്ടിറങ്ങുമ്പോൾ, കല്യാണം ക്ഷണിക്കാൻ വരുമെന്ന് പറഞ്ഞാണ് രാജൻ ജോലിക്കായി കാടുകയറിത്. പിന്നീടിങ്ങോട്ട് 38 ദിവസമായി അദ്ദേഹം പുറം ലോകം കണ്ടിട്ട്. വനംവകുപ്പ് , തണ്ടർബോൾട്ട് , പൊലീസ് സംവിധാനങ്ങളുടെ കാടുകയറിയുള്ള തെരച്ചിലുകളും വിഫലം.


മെയ് ഇരുപതോടെ മകളുടെ കല്യാണം ക്ഷണിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മെയ് ആദ്യം രാജൻ കാടുകയറിയത്. അഗളി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത പൊലീസിന്‍റെ തിരോധാനക്കേസിലും തുമ്പൊന്നുമില്ല. കാത്തിരിപ്പിന്‍റെ ദൈർഘ്യം കൂടുന്നു എന്നല്ലാതെ, രാജനെ കുറിച്ചുള്ള വിവരമൊന്നും മണവാട്ടിക്കുപ്പായത്തിലും രേഖയത്തേടി ഇതുവരെ എത്തിയിട്ടില്ല. 

ഇതിനിടെ ഇതര സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.  ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പിന്‍റെ നിഗമനത്തില്‍ തന്നെയാണ് പൊലീസുമുള്ളത്.  

രാജനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. രണ്ടാഴ്ച്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധന ആഴ്ചകള്‍ക്ക് മുമ്പ് നിർത്തിയിരുന്നു.

ആദ്യ ദിവസങ്ങളില്‍ രാജന് നേരെ, വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായെന്ന് സംശയത്തില്‍ മൃഗങ്ങളുടെ കാൽപ്പാടുകളും മറ്റ് അടയാളങ്ങളും പിന്തുടർന്ന് കണ്ടുപിടിക്കാൻ വൈദഗ്ധ്യമുള്ള ട്രക്കിങ് വിദഗ്ധരാണ് തെരച്ചിലിന് നേതൃത്വം നൽകിയിരുന്നത്. എന്നാല്‍ രാജന്‍റെ ചെരുപ്പും ഉടുമുണ്ടും ടോര്‍ച്ചും കണ്ടെത്തിയെങ്കിലും മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

കാണാതായ ദിവസം പ്രദേശത്ത് പെയ്ത കനത്തമഴ, കാൽപ്പാട് അടക്കമുള്ള തെളിവുകൾ മായ്ച്ചിരിക്കാമെന്നാണ് നിഗമനം. 10 വർഷത്തിലേറെയായി സൈലന്‍റ് വാലിയിൽ ജോലി ചെയ്യുന്ന രാജന് കാട്ടുവഴിയെല്ലാം സുപരിചിതമാണ്.  അതിനാൽ വനത്തിൽ കുടുങ്ങിയതാകാമെന്ന് വനംവകുപ്പ് കരുതുന്നില്ല. തിരോധാനത്തിന് കേസെടുത്ത അഗളി പൊലീസും അന്വേഷണം തുടരുകയാണ്. 
 

Latest Videos

click me!