വിസ്മയയുടെ വീട്ടിലെത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ വിസ്മയയുടെ അച്ഛനോടും സഹോദരനോടും സംഭവങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങവേ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കെതിരെയുള്ള ആരോപണങ്ങളോട് പ്രതികരിക്കവേ എം സി ജോസഫൈന്‍ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതയായാണ് സംസാരിച്ചത്. യുവതിയോട് അനുഭവിച്ചോയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ എം സി ജോസഫൈന്‍ തെറിയൊന്നും പറഞ്ഞിട്ടില്ലെന്നും തികഞ്ഞ ആത്മാർത്ഥതയോടെയും സത്യസന്ധതയോടുമാണ് പരാതിക്കാരിയോട് സംസാരിച്ചതെന്നും പറഞ്ഞു.
എന്നാല്‍, കൊല്ലത്ത് വിസ്മയയുടെ വീട്ടിലെത്തിയ അവർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതയായാണ് സംസാരിച്ചത്. 'പാര്‍ട്ടിയാണ് കോടതി പാര്‍ട്ടിയാണ് പൊലീസ് സ്റ്റേഷന്‍' എന്ന വിവാദ പ്രസ്താവന നടത്തി നേരത്തെയും വിവാദ നായികയായിരുന്നു എം സി ജോസഫൈന്‍.
'അനുഭവിച്ചോയെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങിനെ പല വീഡിയോകളും വരും. ഇത്തരം സന്ദർഭങ്ങളിൽ അത്തരം ചോദ്യങ്ങൾ ചോദിക്കുകയല്ല വേണ്ടത്. ഞാനത് നിഷേധിക്കുന്നു. ഞങ്ങൾ മനുഷ്യരാണ്. ഞങ്ങൾ പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മർദ്ദത്തിന് വിധേയരായാണ് മുന്നോട്ട് പോകുന്നത്. അതിനുമാത്രം സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്.' എന്നും അവര്‍ പറഞ്ഞു.
'ചില സ്ത്രീകൾ അങ്ങോട്ട് പറയുന്നത് കേൾക്കാൻ തയ്യാറാവില്ല. ഒരു സ്ത്രീക്ക് ദുരനുഭവം ഉണ്ടായാൽ ഉടൻ വനിതാ കമ്മീഷനിലേക്ക് ഓടിയെത്താനാവില്ല. അതുകൊണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പറയും. ആ പരാതിക്ക് അതിന്‍റെതായ ബലം ഉണ്ടാകുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
സാധാരണക്കാരാണെങ്കിലും യഥാവിധിയല്ല കാര്യങ്ങൾ കേൾക്കുന്നതും ഉൾക്കൊള്ളുന്നതും തിരിച്ച് പറയുന്നതും. ചിലപ്പോ ഉറച്ച ഭാഷയിൽ സംസാരിക്കേണ്ടി വരും.' തന്നെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിച്ചത് യൂത്ത് കോൺഗ്രസല്ലെന്നും ജോസഫൈൻ ഓര്‍മ്മിപ്പിച്ചു.
'എന്നെ നിയമിച്ചത് സർക്കാരാണ്. ആ സർക്കാർ എന്നെ കുറിച്ച് എന്ത് തീരുമാനമെടുത്താലും താനതിന് വഴങ്ങും. അത് പൊലീസ് സ്റ്റേഷനിൽ പോകേണ്ട പരാതിയാണ്. സ്വമേധയാ കേസെടുക്കണമെങ്കിൽ പൊതുജനമധ്യത്തിൽ വന്ന് പരാതി പറയണം. എന്നാലേ സ്വമേധയാ കേസെടുക്കൂ. ഞങ്ങള്‍ സാധാരണ സ്ത്രീകളാണ്. അതുകൊണ്ടാണ് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കൂ എന്ന് പറഞ്ഞത്.
ഞാൻ തെറിയൊന്നും പറഞ്ഞിട്ടില്ല. ഞാനാ അർത്ഥത്തിലല്ല പറഞ്ഞത്. തികഞ്ഞ ആത്മാർത്ഥതയോടെ തികഞ്ഞ സത്യസന്ധതയോടെയാണ് താനത് പറഞ്ഞത്. പൊലീസിൽ പരാതി കൊടുക്കാതിരുന്നത് ശരിയായില്ലെന്നാണ് പറഞ്ഞത്. ഫോണിൽ വിളിച്ച് പറയുന്നതല്ലേ. അവരുടെ വിവരങ്ങൾ ഞങ്ങൾക്ക് അറിയില്ലല്ലോ,' എന്നും എം സി ജോസഫൈന്‍ പറഞ്ഞു.
വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ മാത്രം കുറ്റപ്പെടുത്തി ഏതെങ്കിലും വാക്കോ, വാചകമോ അടര്‍ത്തിയെടുത്ത് അതിനെ മറ്റ് താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിച്ച് മുന്നോട്ട് പോവുകയല്ല വേണ്ടതെന്നും സമൂഹമാണ് മാറേണ്ടതെന്നും എം സി ജോസഫൈന്‍ പറഞ്ഞു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona