കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ ചരിത്ര പ്രശസ്തമായ പുരാതന ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് ഇവിടെ പ്രതിഷ്ഠ.
പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 13 കിലോമീറ്റർ ഉള്ളിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വനാന്തരത്തിലെ ക്ഷേത്രമായതിനാല്‍ തന്നെ ക്ഷേത്ര ദര്‍ശനത്തിന് നിയന്ത്രണങ്ങളുണ്ട്. ഇന്ന് രാവിലെ മുതല്‍ അഭൂതപൂര്‍വ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
മംഗളാദേവി ക്ഷേത്രം കടല്‍ നിരപ്പില്‍ നിന്ന് ഏകദേശം 1337 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടും കേരളവും ക്ഷേത്രാവകാശത്തിനായി നടത്തുന്ന കേസ് ഇന്നും നിലനില്‍ക്കുന്നു.
"ചിത്രപൗർണമി" നാളിലാണ് ഇവിടെ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാജ്യത്തെമ്പാടുമുള്ള 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ഒരു ക്ഷേത്രമാണ് മംഗളാ ദേവി ക്ഷേത്രം.
മധുരാ നഗരി പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെയെത്തിയെന്നതാണ് ഐതിഹ്യം. പിന്നീട് ഇവിടെ കണ്ണകിക്കായി ഒരു ക്ഷേത്രമുയരുകയായിരുന്നെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
മംഗള വനത്തിലെത്തിയ കണ്ണകി 14 ദിവസമാണ് ഇവിടെ കഴിച്ച് കൂട്ടിയത്. പിന്നീട് കണ്ണകി ഇവിടെ നിന്നും തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലേക്ക് പോയതായും ഐതീഹ്യങ്ങള്‍ പറയുന്നു.
കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ച്ചുള്ള നിര്‍മ്മാണ രീതിയിലാണ് ക്ഷേത്ര നിര്‍മ്മാണം. ഈ രീതിയെ പുരാതന പാണ്ഡ്യൻ ശൈലി എന്നാണ് അറിയപ്പെടുന്നത്.
ഇന്ന് വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ ഭക്തര്‍ക്കായി ക്ഷേത്രത്തിലേക്കെത്താൻ കുമളിയിൽ നിന്നും ജീപ്പ് സർവീസ് ഉണ്ടായിരുന്നു.
കേരളവും തമിഴ്നാടും തമ്മില്‍ അധികാര തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇരു ഭാഷകളിലുമുള്ള പൂജകളാണ് ഇവിടെ നടത്തുന്നത്. പ്രധാനപ്പെട്ട രണ്ട് ശ്രീകോവിലുകളിലും ഇരുഭാഷകളില്‍ ഇന്ന് പ്രാര്‍ത്ഥനകള്‍ നടന്നു.
ഇന്ന് പുലർച്ചെ ഉദ്യോഗസ്ഥരുടെ വാഹനങ്ങളും, പൂജാരിയുടെ വാഹനവും പൂജ സാധനങ്ങളും മംഗളാ ദേവി ക്ഷേത്രത്തിലേക്ക് കടത്തി വിട്ടു. ക്ഷേത്രത്തിലേക്ക് രണ്ട് ഭാഷകളിലുമുള്ള പൂജാരികളെ ഏര്‍പ്പാടാക്കുന്നതും സര്‍ക്കാറിന്‍റെ മേല്‍നോട്ടത്തിലാണ്.
ആറുമണി മുതൽ രണ്ടു മണി വരെയാണ് പൊതുജനങ്ങളെ കുമളിയിൽ നിന്നും മംഗളാദേവി ക്ഷേത്രത്തിലേക്ക് കടത്തിവിടുന്നത്. വൈകിട്ട് അഞ്ചു മണിക്ക് ശേഷം മലയിലേക്ക് ആരെയും കടത്തിവിടില്ലെന്ന് വനം വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
ഇരുസംസ്ഥാനങ്ങളും തമ്മില്‍ അധികാര തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും റവന്യൂ, പൊലീസ്, വനം വകുപ്പുകള്‍ ചേര്‍ന്നാണ് ഉത്സവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഭക്തതെത്തിചേരുന്നതും.
കടുവാ സംങ്കേതത്തിനുള്ളിലുള്ള ക്ഷേത്രമായതിനാല്‍, ഉച്ചഭാഷിണി, പടക്കം, പ്ലാസ്റ്റിക്ക് എന്നിവയ്ക്ക് പരിപൂര്‍ണ്ണ നിയന്ത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളം കൊണ്ടുപോകാന്‍ അഞ്ച് ലിറ്ററിന്‍റെ ക്യാന്‍ കരുതണമെന്ന് വനം വകുപ്പ് നേരത്തെ ഭക്തജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ദക്ഷിണെന്ത്യയെക്കുറിച്ച് ചരിത്രഗ്രന്ഥം എഴുതിയിട്ടുള്ള എസ്.എൻ. സദാശിവന്‍, ക്ഷേത്രം നശിപ്പിക്കപ്പെട്ടത് തമിഴ് നാട്ടിൽ നിന്നുള്ള ശൈവമതക്കാരുടെ ആക്രമണത്തിലാണ് രേഖപ്പെടുത്തിയിരുന്നു. ക്ഷേത്രം നശിപ്പിക്കപ്പെട്ടതിന് മറ്റ് രേഖകളൊന്നും നിലവില്‍ ലഭ്യമല്ല.
മധുര നഗരം നശിപ്പിച്ച ശേഷം കണ്ണകി ഈവിടത്തെ ബുദ്ധ ക്ഷേത്രത്തിലെത്തിയെന്നും ബുദ്ധ ഭിക്ഷുമായിതീര്‍ന്നെന്നും അദ്ദേഹം എഴുതുന്നു.
9 നൂറ്റാണ്ടിലെ ശൈവ സന്യാസിയായ സംബന്ധമൂർത്തിയും അദ്ദേഹത്തിന്‍റെ മറവ സൈന്യവും ഈ ക്ഷേത്രം പിടിച്ചെടുക്കുകയും സന്യാസിമാരെ വധിക്കുകയും ചെയ്തു.
പിന്നീട് ശബരിമലയിലെ ക്ഷേത്രം പിടിച്ചെടുക്കാനായി സംബന്ധമൂർത്തിയും സംഘവും യാത്രതിരിച്ചെന്നും കരുതുന്നു. ഇതേ പേരിലുള്ള ഒരു ക്ഷേത്രം അഞ്ചാം നൂറ്റാണ്ടില്‍ മംഗലാപുരത്ത് സ്ഥാപിക്കപ്പെട്ട ബുദ്ധമത ഭിക്ഷുകിയായ താരദേവിയൂടേതാണ്.
കാബൂളിലെ ചിത്രാൾ എന്ന സ്ഥലത്തുള്ള സമമാനമായ ബുദ്ധവിഹാരവുമായി ഈ ക്ഷേത്രത്തിന് ബന്ധമുണ്ടായിരുന്നതായി ചില തെളിവുകള്‍ ലഭിച്ചിരുന്നു. ക്ഷേത്ര ചുമരില്‍ കാണുന്ന ചിത്രങ്ങള്‍ക്ക് ബുദ്ധഭിക്ഷുവായ അവലോകിതേശ്വരനുമായും ധ്യാന നിമഗ്നനായിരിക്കുന്ന ബുദ്ധനുമായും ബന്ധമുണ്ട്.
കെ.എൻ. ഗോപാല പിള്ളയുടെ അഭിപ്രായപ്രകാരം ക്ഷേത്രത്തിൽ കാണുന്ന ബുദ്ധന്മാർ ബുദ്ധന്‍റെ അടുത്ത ശിഷ്യന്മാരുടേതാണ്. ക്ഷേത്രത്തിനു പുറത്ത് കാണുന്ന തകർന്ന മതിൽ , ക്ഷേത്രത്തിനോടൊപ്പം വിഹാരങ്ങളോ ചൈത്യങ്ങളോ ഉണ്ടായിരുന്നുവെന്നതിന്‍റെ സൂചനയായി കണക്കാക്കുന്നു.
നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രം, 1980-കളിൽ തമിഴ് നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെയാണ് പൊതുശ്രദ്ധയിലേക്ക് വരുന്നത്. ഭൂമിശാസ്ത്രപരമായി കേരളത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.