Fire Alert: മുന്നിലുള്ളത് ചൂട് കാലം, അഗ്നിബാധയെ കാത്തിരിക്കുക

First Published | Dec 19, 2021, 9:22 AM IST

ദുരിതപ്പെയ്ത്തായിരുന്ന മഴക്കാലം കഴിഞ്ഞ് കേരളത്തില്‍, മഞ്ഞ് കാലം തുടങ്ങുന്നതെയുള്ളൂ. അതിനിടെ ഇന്നലെ വൈകീട്ടോടെയുണ്ടായ രണ്ടാമത്തെ അഗ്നിബാധയിലാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ (kottayam medical college)  മാലിന്യ സംസ്കരണ കേന്ദ്രം ഇല്ലാതായത്. മിനിയാന്ന് രാവിലെ വടകര താലൂക്ക് ഓഫീസിലുണ്ടായ (Vadakara Taluk Office) ആദ്യത്തെ തീ പിടുത്തത്തില്‍ താലൂക്ക് ഓഫീസ് കെട്ടിടം ഏതാണ്ട് പൂർണമായും കത്തിയമര്‍ന്നു. വടകര താലൂക്ക് ഓഫീസിലെ അഗ്നിബാധ മനുഷ്യ നിര്‍മ്മിതിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു. രണ്ടാമത്തെ സംഭവത്തില്‍ ഷോട്ട് സര്‍ക്കീട്ടാണ് വില്ലന്നെന്നാണ് പ്രഥമിക നിഗമനം. എന്നാല്‍ ഈ രണ്ട് സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് വരാനിരിക്കുന്ന വേനല്‍ക്കാലത്ത് തീ പിടിത്തത്തെ കുറിച്ച് കേരളം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ്. 

(Photo : G K P Vijesh)

അതിശക്തമായ മഴക്കാലമാണ് കേരളത്തില്‍ ഈ വര്‍ഷം ലഭിച്ചത്. ഡിസംബര്‍ മാസം തുടക്കത്തില്‍ പോലും കേരളത്തില്‍ മഴ പെയ്തു. മഴ കൂടുതല്‍ ലഭിച്ച വര്‍ഷങ്ങളില്‍ തൊട്ട് പുറകെ കടുത്ത വേനല്‍ക്കാലമാണ് കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ കണ്ടുവരുന്നത്. ഈ വര്‍ഷം കേരളത്തില്‍ വേനല്‍ കടുക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ മുന്നറിയിപ്പുകളും വന്നു കഴിഞ്ഞു. അതിനിടെയിലാണ് രണ്ട് അഗ്നിബാധകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

(Photo: Kerala Fire And Rescue Services facebook page)

വടകര താലൂക്ക് ഓഫീസിലെ അഗ്നിബാധ മനുഷ്യ നിര്‍മ്മിതമാണെന്ന് കണ്ടെത്തിയാലും, കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ അഗ്നിബാധ ഷോട്ട് സര്‍ക്കീട്ട് മൂലമാണെന്ന് തെളിഞ്ഞാലും, അഗ്നിബാധയെ കുറിച്ച് നമ്മള്‍ ഏറെ ബോധവാന്മാരാവേണ്ടതുണ്ട്.  വരാനിരിക്കുന്ന കാലം കടുത്ത ചൂടുകാലമാണെന്ന മുന്നറിയിപ്പുകളുള്ളപ്പോള്‍ പ്രത്യേകിച്ച്. 


(Photo: Kerala Fire And Rescue Services facebook page)

അതിതീവ്ര മഴ പെയ്തതിനാല്‍ തന്നെ പെയ്തിറങ്ങിയ വെള്ളം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്നതിന് മുമ്പേ കടലിലേക്ക് ഒഴുകി പോയിരിക്കുന്നു. സ്വാഭാവികമായും ഭൂമിയില്‍ പതിവില്‍ കുറഞ്ഞ ജലാംശമേ കാണൂ. ഈയൊരവസ്ഥയില്‍ ചെറിയൊരു തീപ്പൊരി മതി വലിയൊരു അഗ്നി ബാധയ്ക്ക് കാരണമാകാനുള്ളതെന്ന സാധ്യതയെ നിസാരമായി കാണരുത്. 

(Photo : G K P Vijesh)

ഒരു വർഷം 15 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്ന കോട്ടയം മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്‍റ് കത്തിയമര്‍ന്നപ്പോള്‍ ഒരു കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രഥമിക കണക്കെടുപ്പില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, വടകര താലൂക്ക് ഓഫീസ് തീപിടിത്തം ഒരു ദേശത്തിന്‍റെ മുഴുവന്‍ രേഖകളെയുമാണ് ഇല്ലാതാക്കിയത്. ഒന്നര ലക്ഷത്തിന് മേലെ വേട്ടവകാശമുള്ള പൌരന്മാരുടെ രേഖകള്‍.  

(Photo : G K P Vijesh)

കാലവര്‍ഷം താമസിച്ചില്ലെങ്കില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസക്കാലം ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ കേരളാ തമിഴ്നാട് അതിര്‍ത്തിയിലും, ഇടുക്കിയിടക്കം മുള്ള വനമേഖലയിലും വന്‍തോതിലുള്ള അഗ്നിബാധകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മറന്നുകൂടാ.ഏല്ലാ വന്‍കരകളിലെ കാടുകളിലും അഗ്നി പടര്‍ന്ന കാലമായിരുന്നു കടന്ന് പോയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും മുന്നറിയിപ്പുകളെ കുറിച്ചും ഔദ്ധ്യോഗീക വിവരങ്ങള്‍ മാത്രം പിന്തുടരുക. നാളെകളെ കരുതലോടെ നേരിടുക. 

Latest Videos

click me!