ഹർ ഘർ തിരംഗ; കവുംപുര പണിയ കോളനിയിൽ പതാക ഉയര്‍ത്തി സബ് കലക്ടർ ആർ ശ്രീലക്ഷ്മി

First Published | Aug 13, 2022, 12:27 PM IST

സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷികാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവി'ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടി ഇന്ന് മുതൽ ആരംഭിച്ചു. ഇന്ത്യയിലെ 20 കോടിയിലധികം വീടുകളില്‍ ത്രിവർണ്ണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളും ത്രിവര്‍ണ്ണ പതാക വീടുകളില്‍ പാറും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക. വയനാട് വള്ളിയൂർക്കാവ് കവുംപുര പണിയ കോളനിയിൽ സബ് കലക്ടർ ആർ ശ്രീലക്ഷ്മി പതാക ഉയർത്തി. ഡെപ്യൂട്ടി കളക്ടർ ഗോപിനാഥ്, തഹസിൽദാർ അഗസ്റ്റിൻ, ഊരു മൂപ്പൻ കരുണൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്. ചടങ്ങിന് ശേഷം മധുരം വിതരണം ഉണ്ടായിരുന്നു. കവുംപുര പണിയ കോളനിയിൽ ദേശീയ പതാക ഉയര്‍ത്തിയി ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വി ആര്‍ രാഗേഷ്. 

ഇന്ന് മുതൽ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയർത്താനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ ആഹ്വാനമാണ് 'ഹർ ഘർ തിരംഗ' ക്യാമ്പയിനിലൂടെ നല്കിയിരിക്കുന്നത്. എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്‍റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. 

ഒപ്പം ജനങ്ങളെയാകെ വജ്രജയന്ത്രിയിൽ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിക്കുന്നു. വീട്ടിലുയർത്തിയ പതാകയുമൊത്ത് സെൽഫിയെടുത്ത ശേഷം 'ഹർ ഘർ തിരംഗ' എന്ന വെബ്സൈറ്റിൽ ഇത് അപ്ലോഡ് ചെയ്യാം. ഇരുപത് കോടി വീടുകളിലെങ്കിലും പതാക ഉയർത്തുകയാണ് കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യം. ഇതിനോടകം ഒരു കോടിയിലധികം പേർ അവരുടെ വീട്ടിൽ പതാക ഉയർത്തിയ ഫോട്ടോ വെബ്സൈറ്റിൽ പോസ്റ്റ്ചെയ്ത് കഴിഞ്ഞു. 


ദേശീയ പതാക മൂന്ന് ദിവസം ഉയര്‍ത്തുമ്പോഴും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊടി മരത്തിൽ പതാക ഉയർത്തുകയാണെങ്കിൽ മാത്രമേ പതാക രാത്രിയിൽ താഴ്ത്തി കെട്ടേണ്ടതുള്ളൂ. അത് കൊണ്ട് തന്നെ വീടുകളിൽ കെട്ടുന്ന പതാക 3 ദിവസവും രാത്രി അഴിച്ചു വയ്ക്കേണ്ടതില്ല.

പതാക ഒരിക്കലും തറയിൽ മുട്ടാതെ വേണം കെട്ടാൻ. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പതാക ഉപയോഗിക്കാം. കൈ കൊണ്ട് നൂൽക്കുന്നതോ, നെയ്തതോ, മെഷീനിൽ തീർത്തതോ ആയ ദേശീയ പതാകകളും ഉപയോഗിക്കാം. 

പതാകയ്ക്ക് ഏതു വലിപ്പവും ആകാമെങ്കിലും പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്തരുത്. മറ്റേതെങ്കിലും പതാകയ്ക്കൊപ്പമൊ, കീഴിലോ ദേശീയ പതാക ഉയർത്താൻ പാടില്ല.  തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.പതാകയിൽ എഴുത്തുകളും ഉണ്ടാകരുത്. പതാക വിതരണം ചെയ്യാൻ കമ്പനികൾ സിഎസ്ആർ ഫണ്ടും ഉപയോഗിക്കാം എന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വയം സഹായ സംഘങ്ങൾ വഴി ലക്ഷക്കണക്കിന് പതാകകളുടെ വിതരണം ഇതിനകം പൂർത്തിയായി കഴിഞ്ഞു.

Latest Videos

click me!