തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി രോഗം ബാധിച്ച് ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ദിവസം ചത്തത്. ജില്ലയിലെ 11 പഞ്ചായത്തുകളിൽ താറാവുകളടക്കം വളർത്ത് പക്ഷകളെ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനമേര്‍പ്പെടുത്തി.
അതിനിടെ രോഗം ബാധിച്ച താറാവുകളുടെ പരിശോധനാഫലം വൈകിയത് രോഗവ്യാപനം കൂട്ടിയെന്ന് വ്യാപക പരാതി ഉയര്‍ന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗകാരണം എച്ച് 5 എന്‍ 1 വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. ഭോപ്പാലിലില്‍ നിന്നും പരിശോധനാഫലം ലഭിക്കാന്‍ വൈകിയതോടെ രോഗം വ്യാപനം ശക്തമായി.
നെടുമുടി പഞ്ചായത്തില്‍മാത്രം മൂന്ന് കര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്. ഇതേ തുടര്‍ന്ന് കളക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്ന് താറാവുകളെ കൊന്നൊടുക്കാന്‍ പത്തംഗ ടീമിനെ നിയോഗിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള മേഖലയിലെ 9,048 താറാവുകളെ കൊന്നൊടുക്കി. ഇവയെ കത്തിക്കുന്നതിന് ഇന്നലെ മുതല്‍ ആരംഭിച്ച നടപടികള്‍ ഇന്നും തുടരുകയാണ്.
മേഖലയില്‍ ഇനിയും പക്ഷികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിന്‍റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പരിശോധന നടത്തുന്നുണ്ട്. പക്ഷികളുടെ തൂവകലുകളും മറ്റ് അവിശിഷ്ടങ്ങളും കത്തിച്ചു നശിപ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ ആയിരത്തോളം താറാവുകൾ ചത്ത് വീണെന്ന് കർഷകർ പറയുന്നു. ആദ്യം കണ്ണുകൾ നീലിച്ച് താറാവുകൾ അവശനിലയിലാകുന്നു. പിന്നീട്, ഇവ ചത്തുവീഴുകയാണെന്നും കര്‍ഷകര്‍ പറയുന്നു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളര്‍ത്തി വിൽപനയ്ക്ക് തയ്യാറായ, 70 ദിവസം കഴിഞ്ഞ താറാവുകൾക്കാണ് രോഗബാധ ഏറെയെന്നത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്.
പതിവില്‍ നിന്ന് വ്യത്യസ്തമായി കൊക്ക് അടക്കമുള്ള പക്ഷികളും ജലാശയങ്ങളിലെ മീനുകളും ചത്ത് മലക്കുന്നത് കര്‍ഷകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വായുവിലൂടെ അതിവേഗം പകരുന്നതിനാൽ പക്ഷികളിൽ രോഗം വ്യാപിക്കുവാനുള്ള സാധ്യത ഏറെയാണ്.
പക്ഷി പനി മനുഷ്യരെ ബാധിക്കുന്നത് അപൂർവ്വമാണെങ്കിലും ചില രാജ്യങ്ങളിൽ മനുഷ്യരിലേക്കും രോഗം പടർന്നിട്ടുണ്ട്, കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാദ്യമായി ഒരു 11 വയസുകാരനില്‍ പക്ഷി പനി സ്ഥിരീകരിച്ചിരുന്നു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെ ഈ കുട്ടി മരിച്ചത് ഏറെ ആശങ്കയാണ് അന്ന് ഉണ്ടാക്കിയത്. എന്നാല്‍ വ്യപകമായ രീതിയില്‍ പക്ഷി പനി ഇതുവരെയ്ക്കും മനുഷ്യരെ ബാധിച്ചതായി റിപ്പോര്‍ട്ടില്ല.
വെച്ചൂർ മേഖലയിൽ 30 ഓളം കർഷകർക്കായി പതിനായിരത്തോളം താറാവുകളുണ്ട്. ക്രിസ്തുമസിന് മികച്ച വിൽപന കിട്ടുമെന്ന ഈ കർഷകരുടെ പ്രതീക്ഷയാണ് ഇതോടെ അവസാനിച്ചത്. കുട്ടനാടൻ മേഖലയിൽ താറാവുകളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ അപ്പർ കുട്ടനാടൻ മേഖലയിൽ നിന്നും നൂറുകണക്കിന് താറാവുകളെ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നെൽകൃഷി മേഖലകളിലേക്ക് മാറ്റിയിട്ടുണ്ട്.
2014,16 വർഷങ്ങളിൽ ജില്ലയിൽ വ്യാപിച്ച പക്ഷിപ്പനി കാരണം അപ്പർ കുട്ടനാടൻ മേഖലയിൽ ലക്ഷക്കണക്കിന് താറാവുകളാണ് ചത്തത്. ആയിരക്കണക്കിന് താറാവുകളെ കൊല്ലുകയും അവയുടെ മുട്ടകൾ പ്രതിരോധ നടപടിയുടെ ഭാഗമായി നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷം ജനുവരിയിൽ പക്ഷിപ്പനി മൂലവും മെയ് മാസത്തിൽ ബാക്റ്റീരിയ ബാധ മൂലവും ആയിരക്കണക്കിന് താറാവുകളാണ് ചത്തത്.
അടിക്കടി ഉണ്ടാകുന്ന രോഗബാധ താറാവ് കർഷകർക്ക് വൻ ബാധ്യതയായി മാറിയിട്ടുണ്ട്. ഇതിനിടെ പക്ഷിപ്പനി പടരുന്നത് ദേശാടനപ്പക്ഷികളിൽ കൂടിയാണെന്ന കണ്ടെത്തലോടെ ഇവ കൂട്ടമായി വിരുന്നെത്തി ചേക്കേറിയിരിക്കുന്ന നാലുചിറ, കാരമുട്ട്, ആയാപറമ്പ് പാണ്ടി, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഇവയെ ഒഴിപ്പിക്കുവാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.