Farmers Suicide: കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കൃഷിമന്ത്രി; മറ്റ് വഴികളില്ലെന്ന് കര്‍ഷകര്‍

First Published | Apr 12, 2022, 4:30 PM IST

വേനല്‍ മഴ കനത്തപ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ദുരിതക്കയം. സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ക്കാണ് കനത്ത നഷ്ടം നേരിട്ടത്. കഴി‍ഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴയില്‍ സംസ്ഥാനത്ത് ഒട്ടാകെ 261 കോടിയുടെ കൃഷിനാശമാണ് സംഭവിച്ചത്. ആലപ്പുഴ ജില്ലയില്‍ മാത്രം 28 കോടിയുടെ നെല്‍കൃഷി നശിച്ചു. 1511 ഹെക്ടറിലെ നെല്‍കൃഷിയാണ് കുട്ടനാട്ടില്‍ മാത്രം വെള്ളം കയറി നശിച്ചത്. ഇതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. ഇതിനിടെ തിരുവല്ല നിരണം വടക്കുംഭാഗം കാണാത്ര പറമ്പില്‍ സരസന്‍റെ മകന്‍ രാജീവ് (49) കൃഷി നാശത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. 

കഴിഞ്ഞ തവണ പത്ത് ഏക്കറാണ് രാജീവ് കൃഷി ചെയ്തത്. വേനല്‍ മഴയില്‍ എട്ട് ഏക്കറിലെ കൃഷിയും നശിച്ചിരുന്നു. ഒടുവില്‍ രണ്ട് ഏക്കറിലെ കൃഷി മാത്രമാണ് കൊയ്തെടുക്കാന്‍ കഴിഞ്ഞത്. ഇത്തവണയും പത്ത് ഏക്കറില്‍ തന്നെ രാജീവ് കൃഷിയിറക്കി. ഇത്തവണത്തെ വേനല്‍ മഴയിലും രാജീവിന്‍റെ എട്ട് ഏക്കര്‍ കൃഷി നശിച്ചു. 

ആദ്യത്തെ വായ്പ അടയ്ക്കാന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് രാജീവ് രണ്ടാമതും വായ്പ എടുത്തത്. എന്നാല്‍ രണ്ടാമതും വേനല്‍ മഴ രാജീവിന് നഷ്ടം മാത്രമാണ് സമ്മാനിച്ചത്. ഇത്തവണ വേനൽമഴയിൽ ഒമ്പതേക്കര്‍ ഏക്കർ കൃഷി നശിച്ചു. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടില്‍ നിന്നും 200 മീറ്റര്‍ മാറി നെൽപ്പാടത്തിന്‍റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


സാമ്പത്തിക ബാധ്യത താങ്ങാതെയാണ് രാജീവ് തൂങ്ങി മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വായ്പയുമായി ബന്ധപ്പെട്ട് രാജീവ് ഏറെ മാനസിക പ്രശ്നത്തിലായിരുന്നുവന്ന് സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ വായ്പയുമായി ബന്ധപ്പെട്ട് നഷ്ടപരിപാരത്തിന് രാജീവ് ശ്രമിച്ചിരുന്നു. 

എട്ട് ഏക്കറോളം കൃഷി നാശം നേരിട്ട രാജീവിന് സര്‍ക്കാര്‍ വെറും രണ്ടായിരം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. മതിയായ നഷ്ടപരിഹാരമല്ല ലഭിച്ചതെന്ന് ആരോപിച്ച് രാജീവ് അടക്കമുള്ള പ്രദേശത്തെ 10 കര്‍ഷകര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ വാദം നടന്നുകൊണ്ടിരിക്കുന്നതിനിടെയിലാണ് രാജീവിന് ഈ വര്‍ഷവും എട്ട് ഏക്കറില്‍ കൃഷി നാശമുണ്ടായതും ഇതിനെ തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്തതും. 

കാര്‍ഷികാവശ്യത്തിന് ഉള്‍പ്പെടുത്തി വിവിധ ബാങ്കുകളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം രൂപയും സ്വയം സഹായസംഘത്തില്‍ നിന്ന് മൂന്നര ലക്ഷത്തോളം രൂപയും രാജീവിന് ബാധ്യതയുണ്ട്. പുരുഷസ്വയം സഹായ സംഘത്തില്‍ പലിശ ഇനത്തില്‍ ഇന്നലെ വൈകീട്ട് 29,400 രൂപ രാജീവ് അടയ്ക്കാനുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. 

ആത്മഹത്യ ചെയ്ത രാജീവ്.

സംസ്ഥാനത്ത് 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ജീവനൊടുക്കിയത് 25 കര്‍ഷകരാണന്നത് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുക്കി 11, വയനാട് 10, കണ്ണൂര്‍ 2, കാസര്‍കോട് എറണാകുളം ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ജീവനൊടുക്കിയത്. 

കര്‍ഷക ആത്മഹത്യയില്‍ 12 എണ്ണവും 2019 ലായിരുന്നു. 2018 - 19 ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് കൃഷി നശിച്ചതും ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജപ്തി ഭീഷണിയുമാണ് കര്‍ഷക ആത്മഹത്യ കൂടാന്‍ കാരണം. 

കൃഷി മന്ത്രി പി പ്രസാദ്.

കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കിയെന്നായിരുന്നു ആദ്യ പിണറായി സര്‍ക്കാര്‍  ആദ്യ രണ്ട് വര്‍ഷം ഉയര്‍ത്തിക്കാട്ടിയ പ്രധാന നേട്ടം. രാജീവിന്‍റെ ആത്മഹത്യയെ തുടര്‍ന്ന്, ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നാണ് കൃഷി മന്ത്രി പി പ്രസാദ് അവകാശപ്പെട്ടത്. 

എന്നാല്‍, രണ്ട് വര്‍ഷം കൊണ്ട് ഏതാണ്ട് ഇരുപതേക്കറോളം കൃഷി നശിച്ച ഒരു കര്‍ഷകന് ലഭിച്ച നഷ്ടപരിഹാര തുക വെറും 2000 രൂപയാണെന്നത് കൃഷി മന്ത്രി സൗകര്യപൂര്‍വ്വം മറന്നു. ആത്മഹത്യയുടെ കാരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

കൃഷി നശിച്ച കര്‍ഷകര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കും. കാര്‍ഷിക മേഖലയില്‍ സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.  എന്നാല്‍ കര്‍ഷകര്‍ക്കുള്ള കൃഷിനാശത്തിന് നല്‍കുന്ന ഇന്‍ഷുറന്‍സുകള്‍ കൃത്യസമയത്ത് കൊടുക്കുന്നില്ലെന്നതും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ധനസഹായം പേരിന് മാത്രമാണെന്നതും അവശേഷിക്കുന്ന കര്‍ഷകരെ കൂടി പ്രതിസന്ധിയിലാക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.  

Latest Videos

click me!