വെളിച്ചമെത്തി; ദുര്‍ഗാലക്ഷ്മിയ്ക്ക് തുടര്‍പഠന സഹായവും വീടും, കൈകോര്‍ത്ത് മലയാളി

First Published | Aug 3, 2021, 11:39 AM IST

ഷ്യാനെറ്റ് ന്യൂസിന്‍റെ പ്രഭാത പരിപാടിയായ നമസ്തേ കേരളത്തിലൂടെയാണ് പാലക്കാട്  വളളിക്കോട് സ്വദേശിയായ ദുര്‍ഗാലക്ഷ്മിയുടെ കഥ മലയാളിയറിഞ്ഞത്. പ്ലസ്ടു പരീക്ഷയില്‍ എംഇഎസ് സ്കൂളില്‍ നിന്ന് ഉന്നത വിജയം നേടിയ ദുര്‍ഗാലക്ഷ്മിയെ വള്ളിക്കോട്ടുകാര്‍ക്കെല്ലാമറിയാം. ഒഴിവ് നേരങ്ങളില്‍ അച്ഛനൊപ്പം റോഡരികിലിരുന്ന് ലോട്ടറിവില്‍ക്കുന്ന ദുര്‍ഗയെ വള്ളിക്കോട്ടുകാര്‍ നിരവധി തവണ കണ്ടിട്ടുണ്ട്. ചോര്‍ന്നൊലിക്കുന്ന ഒറ്റ മുറി വീട്ടില്‍ അന്ധനായ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ദുര്‍ഗയും കഴിഞ്ഞിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്ന ദുര്‍ഗയുടെ വാര്‍ത്ത കണ്ട മലയാളികള്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് സഹായവുമായി എത്തുകയാണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് നൂസ് ക്യാമറാമാന്‍ പ്രശാന്ത് കുനിശ്ശേരി. 

വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പഞ്ചായത്ത് പദ്ധതിയില്‍ അന്ധനായ കുമാരനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പല കാരണങ്ങള്‍, പല 'പഞ്ചായത്ത് യുക്തി'കളില്‍ തട്ടി അത് കാണാമറയത്തായി. പിന്നീട് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കുമാരന് വീട് നല്‍കാമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നെങ്കിലും നമ്മുടെ പഞ്ചായത്ത് സംവിധാനങ്ങള്‍ക്കകത്ത് അതും നടന്നില്ല. 

അപ്പോഴൊക്കെ ദുര്‍ഗാലക്ഷ്മി പഠിക്കുകയായിരുന്നു. ഓരോ ക്ലാസ് വിജയിച്ച് അടുത്ത ക്ലാസിലെക്കെത്തുമ്പോള്‍ ആ ഒറ്റ മുറിവീടിന്‍റെ ദുരിതം കൂടിയതേയുള്ളൂ. അന്ധനായ അച്ഛനും അമ്മയ്ക്കുമൊപ്പം ദുര്‍ഗയും വളരുകയായിരുന്നു. 


ഒടുവില്‍ എല്ലാവരുടെയും സ്വാതന്ത്രത്തിനും കൂച്ച് വിലങ്ങിട്ട് കൊവിഡ് മഹാമാരി രാജ്യമെങ്ങും പടര്‍ന്നു പിടിച്ചു. നാടും നഗരവും അടച്ചിടലില്ലേക്ക് നീങ്ങി. ദുര്‍ഗയുടെ അച്ഛന്‍റെ ഏക വരുമാനമായിരുന്ന ലോട്ടറിയും ഭാഗ്യങ്ങള്‍ക്ക് വിലക്കിട്ട് അടച്ച് പൂട്ടി. 

അച്ഛന്‍റെ ലോട്ടറി കച്ചവടത്തില്‍ വലിയ ലാഭമൊന്നുമില്ലെന്ന് ദുര്‍ഗ തന്നെ പറയുന്നു. അദ്ദേഹത്തിന് കണ്ണുകാണില്ലെന്ന് അറിയാവുന്നതിനാല്‍ പലരും പറ്റിക്കും. ഒന്നെന്ന് പറഞ്ഞ് രണ്ടും മൂന്നും ലോട്ടറികളെടുക്കും. ചിലര്‍ കാശ് കൊടുക്കും മറ്റ് ചിലര്‍ കാശില്ലാതെയെടുക്കും.

ഇത് സ്ഥിരമായപ്പോഴാണ് ദുര്‍ഗയും അച്ഛന്‍റെ ഒപ്പം ലോട്ടറി കച്ചവടത്തിന് സഹായിക്കാനായി ഇറങ്ങിയത്. അങ്ങനെയാണ് ആ അച്ഛനെയും മകളെയും വള്ളിക്കോട്ടുകാരും പാലക്കാട്ടുകാരും റോഡരികിലെ ലോട്ടറി വില്‍പ്പനക്കാരായി കണ്ട് തുടങ്ങിയതും. 

ഒരു ദിവസം 300 -350 രൂപ കിട്ടും. അതില്‍ 150 ഓളം ഓട്ടോയ്ക്ക് കൊടുക്കണം. ബാക്കി കൊണ്ട് മൂന്ന് പേരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകണം. 'പ്രത്യാശ' എന്ന സന്നദ്ധ സംഘടനയുടെ സഹായമാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കിയിരുന്നത്. 'വെളിച്ചത്തിന്‍റെ വെളിച്ചമില്ലായ്മ'യിലേക്ക് നോക്കി കുമാരന്‍ പറയുന്നു.

അച്ഛനെ സഹായിക്കാനായി റോഡരികിലിരിക്കുമ്പോഴും ഒണ്‍ലൈന്‍ ക്ലാസുകളില്‍ കയറാന്‍  ദുര്‍ഗ ശ്രമിച്ചിരുന്നു. പക്ഷേ, പലപ്പോഴും അത് പ്രായോഗികമല്ലെന്ന് ദുര്‍ഗ തന്നെ പറയുന്നു. പ്ലസ്ടുവിലെത്തിയെങ്കിലും വീടിന്‍റെ ശോചനീയാവസ്ഥയ്ക്ക് കൂടുതല്‍ ഓട്ടകള്‍ വീണതേയുണ്ടായുള്ളൂ. 

ചോര്‍ന്നൊലിച്ച വീട് കുടുതല്‍ ചോര്‍ന്നു തുടങ്ങി. ഒരു ജനാല പോലുമില്ലാത്ത ആ ഒറ്റ മുറി വീട്ടില്‍‌ മഴ പെയ്താല്‍ വെള്ളം മുറിക്കകത്ത് നിന്നാണ് കോരി കളഞ്ഞത്. ദുര്‍ഗയുടെ പഠനമുറിയും കിടപ്പ് മുറിയും ആ ഒറ്റ മുറി തന്നെ. 

ഈ ദുരിതകാലത്തും ദുര്‍ഗാലക്ഷ്മി പഠനം മുടക്കിയില്ല. മഴ പെയ്ത് 'ഉള്ളം' നിറഞ്ഞപ്പോളോ, അച്ഛനൊപ്പം പാതവക്കില്‍ 'ഭാഗ്യം' വിറ്റിരുന്നപ്പോഴോ അവള്‍ പഠനം മുടക്കിയില്ല. അച്ഛന് ലോട്ടറി വില്‍ക്കാനായി ഒരു ഇരിപ്പിടവും ചോര്‍ന്നൊലിക്കാത്തൊരു വീടും അവള്‍ സ്വപ്നം കണ്ടു. 

ആ സ്വപ്നത്തില്‍ അവള്‍ ഉറക്കമിളച്ച് പഠിച്ചു. ഒടുവില്‍ പ്ലസ്ടു പരീക്ഷയുടെ ഫലം വന്നപ്പോള്‍ ദുര്‍ഗാലക്ഷ്മിക്ക് മികച്ച വിജയം. റോഡില്‍ അന്ധനായ അച്ഛനൊപ്പം ലോട്ടറി വിട്ട് നടന്ന കുട്ടി  പരീക്ഷയില്‍ വികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ നാട്ടുകാരും അത്ഭുതപ്പെട്ടു. 

ഒടുവില്‍ ദുര്‍ഗാലക്ഷ്മിയുടെ വേദന, ഏഷ്യാനെറ്റിലൂടെ മലയാളികളൊന്നടക്കം കണ്ടു. നിരവധി കുരുന്നുകളുടെ വേദനയൊപ്പിയ ഏഷ്യാനെറ്റിന്‍റെ കാഴ്ചക്കാര്‍ ദുര്‍ഗാലക്ഷ്മിക്കായും ഒപ്പം നിന്നു. 

ദുര്‍ഗാലക്ഷ്മിയുടെ വാര്‍ത്ത കണ്ട ചങ്ങനാശ്ശേരി രൂപതയിലെ വൈദികൻ സെബാസ്റ്റ്യൻ പുന്നശ്ശേരി വികാഭരിതനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ ദുര്‍ഗാലക്ഷ്മിക്കായി സ്ഥലും വീടും നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. 

ദില്ലി മലയാളി സമാജവും ദുര്‍ഗയ്ക്ക് വീട് വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്. എം ഇ എസ് കോളേജ് ദുര്‍ഗയ്ക്ക് തുടര്‍പഠനത്തിനുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തു. പേരറിയാത്ത അനേകം മലയാളികള്‍ ദുര്‍ഗയ്ക്കായി ലോകത്തിന്‍റെ വിവിധ കോണുകളിലിരുന്ന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. 

ദുര്‍ഗയ്ക്കായി ആരെങ്കിലും സ്ഥലം കണ്ടെത്തുകയാണെങ്കില്‍ വീട് വയ്ക്കാന്‍ പഞ്ചായത്തിന്‍റെ സഹായങ്ങള്‍ക്കായി ശ്രമിക്കാമെന്നും അതല്ല ദുര്‍ഗയ്ക്ക് സ്ഥലവും വീടും ആരെങ്കിലും വാഗാദാനം ചെയ്യുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയുന്നതായി വാര്‍ഡ് മെമ്പറും അറിയിച്ചു. ഇനി ദുര്‍ഗയ്ക്ക് കുടുതല്‍ പരീക്ഷകളില്‍ വിജയിക്കണം. അച്ഛനെയും അമ്മയെയും പൊന്ന് പോലെ നോക്കണം. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!