കാലിത്തീറ്റ വില വര്‍ദ്ധനയ്ക്കെതിരെ 'പോത്തുമായി കാലന്‍'; പാല്‍ വില കൂട്ടണമെന്ന് ക്ഷീര കർഷകർ

First Published | May 5, 2022, 3:01 PM IST

കാലിത്തീറ്റ വില കുത്തനെ ഉയരുമ്പോള്‍ വ്യത്യസ്തസമരവുമായി പത്തനംതിട്ടയിലെ ക്ഷീര കര്‍ഷകര്‍. കുതിച്ചുയരുന്ന കാലിത്തീറ്റ വര്‍ദ്ധനയിൽ പ്രതിഷേധിച്ച് പ്രതീക്താമക കാലൻ, പോത്തുമായിട്ടായിരുന്നു സമരത്തിനെത്തിയത്. കാലന്‍റെ പോത്തായാലും കാലിത്തീറ്റയില്ലാതെ ഇല്ലാതെ ജീവിക്കാൻ കഴിയുമോ ? എന്ന് സമരക്കാര്‍ ചോദിച്ചു. കാലിതീറ്റ വില വർദ്ധന മൂലം കടുത്ത പ്രതിസന്ധിയിലാണ് ക്ഷീര കർഷകർ. ഉത്പാദന ചെലവിന് അനുസരിച്ച് കർഷകന് പാലിന് വില ലഭിക്കുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കാലിതീറ്റക്ക് 110 രൂപയാണ് വർധിച്ചതെന്നും വില കൂട്ടുന്നതിൽ സർക്കാർ കമ്പനികളും  സ്വകാര്യ കമ്പനികളും മത്സരിക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതിന് ആനുപാതികമായി പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ചിത്രങ്ങളും എഴുത്തും ബിദിൻ ദാസ്. 

നിലവിൽ കർഷകന് കാലിതീറ്റ കിട്ടണമെങ്കിൽ 1300 രൂപ മുതൽ 1500 രൂപ വരെ കൊടുക്കണം. മുമ്പ് 35 രൂപക്ക് കിട്ടിയ ഒരു കിലോ പിണ്ണാക്കിന് ഇപ്പോൾ 50 രൂപയാണ്. 18 രൂപയ്ക്ക് കിട്ടിയിരുന്ന ധാന്യങ്ങൾ 35 രൂപയായി വർദ്ധിച്ചു. 

വൈക്കോലിനും വില കൂടി. 220 രൂപയക്ക് ഒരു കെട്ട് വൈക്കോൽ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 370 രൂപ നൽകണം. കർഷകൻ ഉത്പാദന ചെലവ് കണക്ക് കൂട്ടുമ്പോള്‍ ഒരു ലിറ്റർ പാലിന് ചെലവാകുന്നത് 50 രൂപയാണ്. 


ഒരു ലിറ്റർ പാലിന് ക്ഷീര സംഘങ്ങൾ കർഷകന് നൽകുന്നതാകട്ടെ 33 രൂപ മുതൽ 38 രൂപ വരെ മാത്രം. വാങ്ങേണ്ടുന്ന വസ്തുക്കളുടെ വില കുത്തനെ ഉയരുകയും ഉത്പന്നത്തിന് കാര്യമായ വില വര്‍ദ്ധന ഇല്ലാതാകുക കൂടി ചെയ്തതോടെ കന്നുകാലികളെ വളർത്തി മാത്രം ഉപജീവനം നടത്തുന്ന സാധാരണ കർഷകന്‍റെ കൈയില്‍ ലാഭത്തിന്‍റെ കണക്കുകളില്ല. 

നഷ്ടത്തിന് മേൽ നഷ്ടക്കണക്കുകളുമായി ആത്മഹത്യയുടെ വക്കിലാണ് ഭൂരിഭാഗം ക്ഷീരകര്‍ഷകരും. കൊവിഡും അതിനെ തുടര്‍ന്നുണ്ടായ അടച്ചിടലും ഉണ്ടാക്കിയ പ്രതിസന്ധിയിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി കന്നുകാലികളെ വാങ്ങിയവരും ഇപ്പോള്‍ പ്രതിസന്ധിയിലാണ്.

പരമ്പരാഗത കര്‍ഷകര്‍ക്കോ പുതുതായി ഈ മേഖലയിലേക്ക് എത്തിവര്‍ക്കോ ക്ഷീരകർഷക മേഖലയിൽ മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നും സമരക്കാര്‍ പറയുന്നു. 

\

കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ ഗോകുൽ മിഷനിലൂടെ വടക്കൻ സംസ്ഥാനങ്ങളിൽ കന്നുകാലി വളർത്തൽ പരിപോഷിപ്പിക്കാൻ സൗജന്യ കാലിതീറ്റ വിതരണം നടപ്പിലാക്കി. ഇതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ആളുകള്‍ ക്ഷീരമേഖലയിലേക്ക് തിരിഞ്ഞു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ മുഴുവൻ വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകിയത് കേരളത്തിലേക്കുള്ള വരവിനെ ബാധിച്ചു. ഒപ്പം ഇന്ധന വില വർധന കൂടിയായപ്പോൾ പ്രതിസന്ധി രൂക്ഷമായി.\

സ്വകാര്യ കാലിത്തീറ്റ കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണമെങ്കിൽ സർക്കാർ സബ്സിഡി നിരക്കിൽ ക്ഷീര കർഷകര്‍ക്ക് കാലിത്തീറ്റ എത്തിച്ച് നൽകണം. നിലവിലെ ഉത്പാദന ചെലവിന് അനുസരിച്ച് പാല് സംഭരിക്കാനുള്ള നടപടിയുണ്ടാവണം. വൈക്കോൽ ഇറക്കുമതിക്കൊപ്പം ആഭ്യന്തര വൈക്കോൽ പരാമവധി സംഭരിച്ച് കർഷകന് എത്തിക്കാനുള്ള നടപടിയുണ്ടാവണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 

Latest Videos

click me!