കൊവിഡിനും നിയന്ത്രണങ്ങള്‍ക്കുമിടയില്‍ ശബരിമലയില്‍ ഒരു മണ്ഡലക്കാലത്ത്...
First Published | Dec 25, 2020, 3:09 PM ISTശബരിമലയില്‍ ഇന്ന് തങ്കയങ്കിചാര്‍ത്തി ദീപാരാധന നടക്കും. നാളെ ഉച്ചയ്ക്ക് നടക്കുന്ന മണ്ഡലപൂജയോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് അവസാനമാകും. കാലങ്ങളായി മണ്ഡലകാലം കണ്ട ശബരിമലയല്ല ഇന്ന്. ആളാരവങ്ങളില്ല. ഉച്ചസ്ഥായിലുള്ള ശരണം വിളികളില്ല. ഒരു ദിവസം വെറും 3000 പേര്‍ക്കാണ് ശബരിമല ദര്‍ശനത്തിന് അനുമതിയുള്ളത്. ഒരു ദിവസം 5000 പേരെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വസ്തുതാപരമായ കണക്കുകള്‍ പരിശോധിക്കാതെയാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ചീഫ് സെക്രട്ടറിക്ക് പുറമേ പൊലീസ്, ആരോഗ്യം, റവന്യൂ, ദേവസ്വം വകുപ്പുകളും ഉത്തരവിനെതിരെ കോടതിയെ സമീപിച്ചു. പൊലീസുകാര്‍ ഉള്‍പ്പടെ 250 ഓളം പേര്‍ക്ക് ശബരിമലിയില്‍ നിന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, ജനിതക മാറ്റം വന്ന രോഗാണുവിന്‍റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇത്തവണയും വെര്‍ച്ച്വല്‍ ക്യൂവില്‍ നിന്ന് യുവതികളെ ഒഴിവാക്കിയതായി അറിയിപ്പ് വന്നിരുന്നു. എന്നാലിത് ദേവസ്വം അല്ല പൊലീസ് ആണ് തീരുമാനിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. കൊറോണാ വ്യാപന കാലത്ത് ലഭിച്ച ശബരിമല ഡ്യൂട്ടിയ്ക്കിടെ പഴയ മണ്ഡലകാല അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനായ വിനോദ് കുളപ്പട.