കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ച കേസ്; കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

First Published | Jun 25, 2021, 2:48 PM IST

കൊല്ലം ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലകൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉഴായിക്കോട് സ്വദേശി ആര്യ (23) യുടെ മൃതദേഹമാണ് ലഭിച്ചത്. ഇത്തിക്കരയാറിന്‍റെ ആദിച്ചനല്ലൂർ മീനാട് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്തൃ സഹോദരന്‍റെ ഭാര്യയാണ് ആര്യ. ആര്യയോടൊപ്പം കാണാതായ സഹോദരിയുടെ മകള്‍ ഗ്രീഷ്മയ്ക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആര്യയോട് പാരിപ്പള്ളി പൊലീസ് ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനിലേക്ക് ഇറങ്ങിയ ഇവരെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്തിക്കരയാറിന് സമീപത്ത് കൂടി ഇരുവരും നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെ പൊലീസ് ആറ്റിൽ പരിശോധന നടത്തുകയായിരുന്നു. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍. 

കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചത്.
പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കാണാതായ രണ്ടാമത്തെയാളായ ഗ്രീഷ്മയ്ക്ക് കേസുമായി ഒരു തരത്തിലുള്ള ബന്ധവും കണ്ടെത്തിയിട്ടില്ല. (കാണാതായ ആര്യയും ഗ്രീഷ്മയും)

അറസ്റ്റിലായ രേഷ്മയുടെ ഭ‌‌ർത്താവിന്‍റെ സഹോദരന്‍റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. യുവതികൾക്കായി ഇത്തിക്കരയാറിൽ പൊലീസ് തെരച്ചിൽ തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ ഇരുവരെയും ബന്ധുക്കൾ കണ്ടിട്ടില്ല.
ഇരുവരെയും അവസാനം നാട്ടുകാർ കണ്ട സ്ഥലത്തിന് സമീപത്ത് നിന്ന് എലി വിഷത്തിന്‍റെ അവശിഷ്ടം കിട്ടിയതും ദുരൂഹത ഉയർത്തിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യത്തില്‍ ഇരുവരും നടന്ന് പോകുന്ന ദൃശ്യങ്ങളും ലഭിച്ചു.
ഈ വർഷം ജനുവരി അഞ്ചിന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിച്ചു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്‍റെയും നിലപാട്.
എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്നാണ് ആറ് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്.
വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്‍റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്ന് തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാരില്‍ നിന്നെല്ലാം മറച്ചുവെച്ചു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്ന് വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്‍റെ നിർദ്ദേശപ്രകാരമായിരുന്നു ഇതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്‍റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു.
ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചെന്നും പൊലീസ് പറയുന്നു.
രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ എല്ലാ ആശുപത്രികളിലും പരിശോധന നടത്തിയ പൊലീസ് സംശയമുളള മുന്നൂറിലേറെ പേരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട രാത്രി മുഴുവന്‍ ഈ പ്രദേശത്തുണ്ടായിരുന്ന ആയിരക്കണക്കിന് മൊബൈല്‍ ഫോണ്‍ സംഭാഷണ രേഖകളും പൊലീസ് പരിശോധിച്ചു.
പക്ഷേ പിഞ്ചുകുഞ്ഞിനോട് മനസാക്ഷിയില്ലാത്ത ക്രൂരത കാട്ടിയവരെ കുറിച്ച് തരിമ്പു പോലും സൂചന കിട്ടിയില്ലായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിന്‍റെ സാധ്യതകള്‍ പലതും പരീക്ഷിച്ചിട്ടും ക്രൂരത കാട്ടിയവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല എന്നത് അന്ന് വലിയ ചർച്ചയായിരുന്നു.
ഉറ്റവരെത്തുമെന്ന് കാത്ത് പിഞ്ചു മൃതശരീരം ദിവസങ്ങളോളം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. അതിനിടെ നടത്തിയ ഡിഎന്‍എ ടെസ്റ്റിലാണ് രേഷ്മയാണ് കുട്ടിയുടെ അമ്മയെന്ന് തിരിച്ചറിഞ്ഞത്. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക ടീം എട്ട് ചെറുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!