വത്തിക്കാന്‍ സന്ദര്‍ശനത്തില്‍ കിം ധരിച്ച ഫ്രോക്ക് വിവാദത്തില്‍; വിശദീകരണവുമായി താരം

First Published | Jul 3, 2021, 11:29 PM IST

ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് കിം കര്‍ദാശിയാന്‍. മോഡല്‍, നടി, മീഡിയ പേഴ്‌സണ്‍, സംരംഭക എന്നീ നിലകളിലെല്ലാം പ്രശസ്തയായ കിം എപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം പിടിക്കാറുണ്ട്

ഇപ്പോഴിതാ വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെ കിമ്മിന്റെ വസ്ത്രധാരണരീതി വിവാദത്തിലായിരിക്കുകയാണ്. പ്രത്യേക ഡ്രെസ് കോഡ് പാലിക്കേണ്ട ഇടങ്ങളില്‍ അതിന് വിരുദ്ധമായി ശരീരം പുറത്തേക്ക് കാണുന്ന രീതിയിലുള്ള ഫ്രോക്ക് ധരിത്തുവെന്നാണ് വിവാദം.
കിമ്മിന്റെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ ഏതാനും ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്. 'ഓഫ് ഷോള്‍ഡര്‍' രീതിയിലുള്ള ഫുള്‍ ഫ്രോക്കാണ് കിം ധരിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ മെറ്റീരിയല്‍ ഏറെ നേര്‍ത്തതാണെന്നും ആകാരം കൃത്യമായി കാണുന്നതാണെന്നുമായിരുന്നു പലരുടെയും വാദം.

അതേസമയം മേക്കപ്പ് കുറച്ച്, വസ്ത്രത്തിലും വലിയ രീതിയിലുള്ള വച്ചുകെട്ടലില്ലാതെ മാന്യമായ രീതിയിലാണ് കിം വത്തിക്കാനിലെ പള്ളിയും മ്യൂസിയവുമെല്ലാം സന്ദര്‍ശിക്കാനെത്തിയത് എന്ന വാദവുമായി ആരാധകരും സജീവമായിട്ടുണ്ട്.
ഏതായാലും സംഗതി വിവാദമായതോടെ ഡ്രെസ് കോഡ് പാലിക്കേണ്ടയിടങ്ങളില്‍ ഫ്രോക്കിന് മുകളില്‍ ജാക്കറ്റ് കൂടി ധരിച്ചാണ് താന്‍ പ്രവേശിച്ചതെന്ന് കിം വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന, കിം ജാക്കറ്റ് ധരിച്ചുനില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
വളരെ അടുത്ത ചില സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിം വത്തിക്കാന്‍ സന്ദര്‍ശനത്തിനെത്തിയത്. മുമ്പും വസ്ത്രധാരണരീതിയുടെ പേരില്‍ നാല്‍പതുകാരിയായ കിം വിവാദത്തിലായിട്ടുണ്ട്. എന്നാല്‍ തന്റെ 'ബോള്‍ഡ്' ആയ സ്വഭാവരീതി ഈ വിവാദങ്ങളെയെല്ലാം അതിജീവിക്കാന്‍ കിമ്മിനെ ഏറെ സഹായിക്കാറുണ്ട്. ആരാധകര്‍ക്ക് ഏറെ പ്രിയവും കിമ്മിന്റെ ഈ നിശ്ചയദാര്‍ഢ്യം തന്നെയാണ്.

Latest Videos

click me!