കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പ്പെട്ട് കാട്ടാന ചരിഞ്ഞു

First Published | Sep 14, 2022, 10:18 AM IST

പാലക്കാട് മുണ്ടൂര്‍ നൊച്ചുപുളളിയിൽ കൃഷി നടത്താത്ത പാടത്ത് കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പ്പെട്ട് കാട്ടാന ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടുകാരാണ് കാട്ടന പാടത്ത് ചരിഞ്ഞ നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. 

നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കാട്ടുപന്നിയെ പിടിക്കാന്‍ പാടത്ത് സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നുള്ള ഷോക്കേറ്റാണ് കാട്ടാന ചരിഞ്ഞതെന്ന് വ്യക്തമായതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ പാടത്ത് മൂന്നോളം കാട്ടാനകള്‍ എല്ലാ ദിവസം എത്താറുണ്ടായിരുന്നെന്ന് നാട്ടുകാരും പറയുന്നു.  

ഇതേ തുടര്‍ന്ന് വൈകീട്ട് ഏഴ് മണി കഴിഞ്ഞാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പിന്‍റെ പരിശോധനയില്‍ പ്രദേശത്ത് ഏതാണ്ട് അഞ്ചൂറ് മീറ്ററോളം നീളത്തില്‍ വൈദ്യുതി കമ്പി വലിച്ച് ത്രീഫേയ്സ് കണക്ഷന്‍ കൊടുത്തിരുന്നതായി തെളിഞ്ഞെന്ന് സെക്കന്‍റ് ഫോറസ്റ്റ് ഓഫീസര്‍ കെ സന്തോഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 


സ്ഥിരമായി വന്യമൃഗശല്യമുള്ള പ്രദേശമാണ് മുണ്ടൂര്‍ നൊച്ചുപുളളി പ്രദേശം. ഇവിടെ സ്ഥിരമായ ആന, പന്നി, തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമണെന്ന് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നു.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രദേശത്ത് ഇറങ്ങിയിരുന്ന കാട്ടാന കൂട്ടത്തിലെ പിടിയാനയാണ് വൈദ്യുതി കമ്പിയില്‍ നിന്നുള്ള ഷോക്കേറ്റ് ചരിഞ്ഞത്. 

കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ട് കാട്ടാനകളെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടിലേക്ക് തന്നെ ഓടിച്ച് വിട്ടു. വന്യമൃഗങ്ങളെ പിടിക്കാന്‍ കൃഷിയില്ലാത്ത പാടത്ത് വൈദ്യുതി കെണിവച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന ശല്യമുള്ളതിനാല്‍ രാത്രിയില്‍ ആരും പുറത്തിറങ്ങാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. 

കൃഷിയില്ലാത്തായതോടെ ഈ പാടത്ത് ആളുകള്‍ സഞ്ചരിക്കുന്ന നടവഴിയുണ്ട്. രാത്രിയില്‍ 500 മീറ്ററോളം നീളത്തില്‍ വൈദ്യുതി കെണി വച്ചതറിയാതെ ആരെങ്കിലും ഇത് വഴി വന്നിരുന്നെന്തില്‍ വലിയ ദുരന്തം ഉണ്ടായേനെയെന്ന് നാട്ടുകാര്‍ ആശങ്കപ്പെട്ടു. . 

ആരാണ് കെണി വച്ചതെന്ന അന്വേഷണത്തിലാണ് പൊലീസ്. കാട്ടാനയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമാകും ഇത് സംബന്ധിച്ച കൂടുതല്‍ നടപടികളുണ്ടാവുകയെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ടൗണ്‍ സ്വദേശിയായ സഹസ്രനാമന്‍റെ ഉടസ്ഥതയിലുള്ള കൃഷിയില്ലാത്ത പാടത്താണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 

മാസങ്ങള്‍ക്ക് മുമ്പ് പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങരയെന്ന സ്ഥലത്ത് പുലര്‍ച്ചെ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് പൊലീസുകാര്‍ വന്യമൃഗങ്ങള്‍ക്ക് വച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. 
 

Latest Videos

click me!