വിഴിഞ്ഞം അപകടം; അപകടം പതിവാകുന്നത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലമെന്ന് മത്സ്യത്തൊഴിലാളികള്‍

First Published | May 26, 2021, 4:09 PM IST

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നലെ രാത്രി വിഴിഞ്ഞത്തുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ തിരുവനന്തപുരത്തെ തീരമേഖലയിൽ കനത്തനാശം. വിഴിഞ്ഞത്ത് വളളം മറിഞ്ഞ് കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഡേവിഡ്സണിന്‍റെ മൃതദേഹമാണ് അടിമലത്തുറയിൽ നിന്നും കണ്ടെത്തിയത്. രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽപ്പെട്ട 7 പേരെ ഇതുവരെ രക്ഷപ്പെടുത്തി. മന്ത്രിമാരായ സജി ചെറിയാന്‍, ആന്‍റണി രാജു, ജി ആർ  അനില്‍, കെ രാജന്‍, ജില്ല കളക്ടർ നവജ്യോത് ഖോസ എന്നിവര്‍ വിഴിഞ്ഞം സന്ദര്‍ശിച്ചു. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.

വിഴിഞ്ഞം തുറമുഖ പദ്ധതി നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കടലാക്രമണത്തിന്‍റെ ആഘാതം കൂട്ടിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ വൈകീട്ടോടെ മത്സ്യബന്ധനത്തിന് പോയ നാല് ബോട്ടുകളിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
പഴയ ഹാര്‍ബറിലെ പുലിമുട്ടിന് സമീപത്തായി അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പുലിമുട്ടുകളുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്. ഇതേതുടര്‍ന്ന് പഴയ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലേക്ക് പോകുന്നതിനും തിരികെ ഹാര്‍ബറിലേക്ക് പ്രവേശിക്കുന്നതിനുള്ള കവാടം ചുരുങ്ങിയതായി മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.

ഇന്നലെ രാത്രിയില്‍ കനത്ത മഴയ്ക്കും കടല്‍ക്ഷോഭത്തിനുമിടെ ബോട്ടുകള്‍ ഹാര്‍ബറിലേക്ക് കയറുന്നതിനിടെ പുലിമുട്ടിലെ കവാടത്തില്‍ വച്ച് മണല്‍ത്തിട്ടയിലിടിച്ച് മറിയുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
സംഭവം അറിഞ്ഞപ്പോള്‍ തന്നെ കോസ്റ്റ്ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നു. ഏഴ് പേരെ ഇന്നലെ രാത്രി തന്നെ രക്ഷിക്കാന്‍ സാധിച്ചു. എന്നാല്‍ മൂന്ന് പേരെ കാണാതായിരുന്നു. ഇനി രണ്ട് മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്താനുണ്ട്. ഇതില്‍ ഒരാള്‍ നീന്തികയറി എന്ന സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അദാനിയുടെ വിഴിഞ്ഞം തുറമുഖം പണിയുന്നത് കാരണം പഴയ ഹാര്‍ബറിലേക്ക് ബോട്ടുകള്‍ കയറുന്നതിനുള്ള കവാടം ചുരുങ്ങിവരുന്നതായും ഈ ഭാഗത്ത് മണല്‍ നിറഞ്ഞ് അപകടം പതിവാകുന്നതായും മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാരെ അറിയിച്ചു.
അതോടൊപ്പം കടപ്പുറത്ത് ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച കാര്യങ്ങളില്‍ അടിയന്തര നടപടിയുണ്ടാകുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ഓഫീസിലെത്തിയ മന്ത്രിമാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് കോസ്റ്റ്ഗാര്‍ഡ് ബോട്ടുകളും നേവിയുടെ ഡോണിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.

Latest Videos

click me!