'സ്ത്രീ തന്നെ ധന'മെന്ന് പറഞ്ഞ് വിവാഹം; ഒടുവില്‍ മരണം സ്ത്രീധനത്തിന്‍റെ പേരില്‍
First Published | Jun 22, 2021, 12:31 PM IST
1961 ലാണ് കേന്ദ്രസര്‍ക്കാര്‍ സ്ത്രീധന നിരോധന നിയമം (Dowry Prohibition Act) പാസാക്കിയത്. സ്ത്രീധനം മൂലം സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്നും ഭര്‍ത്തൃ വീട്ടുകാരില്‍ നിന്നും നിരന്തരം പീഢനമേല്‍ക്കേണ്ടിവരികയും ഇതുമൂലമുള്ള മരണങ്ങള്‍ കൂടുകയും ചെയ്തപ്പോഴാണ് രാജ്യത്ത് ഇത്തരമൊരു നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. 1961 ല്‍ തന്നെ നിയമം കൊണ്ടുവന്നെങ്കിലും (1984-ല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു.) 2001 ജനുവരി മുതൽ 2012 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിൽ 91,202 സ്ത്രീധനമരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. 2015 ല്‍ മാത്രം 7634 സ്ത്രീകള്‍ രാജ്യത്ത് സ്ത്രീധന പീഢനത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. (2018 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ അവസാനമായി രേഖപ്പെടുത്തിയത്. 2015 ന് ശേഷമുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമല്ല.) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി പ്രകാരം വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഏഴ് കൊല്ലത്തിനകം തീ പൊള്ളലേറ്റോ, മറ്റ് മുറിവുകൾ മൂലമോ, ദുരൂഹ സാഹചര്യത്തിലോ മരണപ്പെടുകയും ഭർത്താവോ അയാളുടെ ബന്ധുക്കളോ മരണത്തിന് തൊട്ട് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി പെരുമാറുകയും ചെയ്താൽ അത്തരം മരണം സ്ത്രീധന കൊലപാതകമാണ്. സ്ത്രീധന കൊലപാതകത്തിന് ചുരുങ്ങിയത് 7 വർഷം തടവും പരമാവധി ജീവപര്യന്തം ശിക്ഷയുമാണ് ലഭിക്കുക. സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ ജാമ്യം ലഭിക്കുവാൻ അർഹതയില്ലാത്തതും രാജിയാക്കാൻ വ്യവസ്ഥ ഇല്ലാത്തതുമാണെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നു.
2020 മാര്‍ച്ചില്‍ രാജ്യം അടച്ച്പൂട്ടലിലേക്ക് പോകുന്നതിന് തൊട്ട് മുമ്പായിരുന്നു കൊല്ലം ശൂരനാട് പോരുവഴിയിൽ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാര്‍, നിലമേൽ കൈതോട് സ്വദേശിനിയും ബിഎംഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ വിസ്മയ(24)യുടെ വീട്ടില്‍ വിവാഹാലോചനയുമായി എത്തിയത്. വിവാഹാലോചനാ വേളയില്‍ 'സ്ത്രീയാണ് ധനം, മറ്റൊരു സ്ത്രീ ധനം ആവശ്യമില്ലെന്ന്' പറഞ്ഞായിരുന്നു കിരണ്‍ വിവാഹാലോചനയുമായി എത്തിയത്. എങ്കിലും പ്രവാസിയായിരുന്നു വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍, 1.25 ഏക്കര്‍ സ്ഥലവും 100 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയോ അതിനൊത്ത കാറോ വിവാഹത്തോടെ നല്‍കാമെന്ന് ഏറ്റു. ഇതനുസരിച്ച് വിവാഹത്തോടെ സ്ഥലവും സ്വര്‍ണ്ണവും കാറും നല്‍കി. എന്നാല്‍ വര്‍ഷം ഒന്ന് തികയുമ്പോഴേക്കും മകളുടെ മരണ വാര്‍ത്തയാണ് നിലമേലിലെ വീട്ടിലേക്ക് എത്തിയത്. സ്ത്രീധനമായി നല്‍കിയ കാര്‍ പത്ത് ലക്ഷം രൂപ വിലമതിക്കുന്നതല്ലെന്നും കാറിന് പകരം പണം മതിയെന്നും പറഞ്ഞായിരുന്നു കിരണിന്‍റെ ഗാര്‍ഹിക പീഢനമെന്ന് വിസ്മയയുടെ അച്ഛനും അമ്മയും സഹോദരനും പറയന്നു. (ചിത്രങ്ങള്‍: കിരണിന്‍റെയും വിസ്മയയുടെയും വിവാഹത്തിന്‍റെയും വിവാഹ വാര്‍ഷികത്തിന്‍റെയും ചിത്രങ്ങള്‍.)