Thrikkakkara polling: തൃക്കാക്കര പോളിങ്ങ് 68.2 %; കനത്ത പോളിങ്ങില്‍ വിജയം പ്രതീക്ഷിച്ച് മുന്നണികള്‍

First Published | May 31, 2022, 7:28 PM IST

വികസനവും വര്‍ഗ്ഗീയതയും ചര്‍ച്ചയായ തൃക്കാക്കരയില്‍ വോട്ടെടുപ്പ് കഴിഞ്ഞു. കനത്ത പോളിങ്ങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വിധി അറിയാനായി രണ്ട് നാളിന്‍റെ കാത്തിരിപ്പാണ് ഇനി. മുന്നണികളുടെ കണക്കുകളെ പോലും തകിടം മറിച്ചുള്ള പോളിങാണ് ഇത്തവണ തൃക്കാക്കരയിൽ നടന്നത്. തൃക്കാക്കരിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ ചന്തു പ്രവത്, അക്ഷയ്. 

കൊച്ചി കോർപറേഷന് കീഴിലെ വാർഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും രാവിലെ മുതൽ മികച്ച പോളിങാണ് നടന്നത്. ഉച്ചയ്ക്ക് ശേഷം പോളിങ് പെട്ടെന്ന് മന്ദഗതിയിലായത് പോളിങ് ശതമാനത്തെ നേരിയ തോതിൽ ബാധിച്ചതൊഴിച്ചാല്‍ വോട്ടെടുപ്പിന് വന്‍ ജനപങ്കാളിത്തം ദൃശ്യമായിരുന്നു.

കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച പോളിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാനത്തെ വിവരങ്ങളനുസരിച്ച് 68.42 ശതമാനമാണ് പോളിങ്ങ്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. 


കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് തൃക്കാക്കരയിൽ പോളിങ് അവസാനിച്ചതെങ്കിലും ഇടയ്ക്ക്  കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശിയെ പൊന്നുരുന്നിയിൽ വച്ച് പൊലീസ് പിടികൂടി. 

അതോടൊപ്പം തൃക്കാക്കരയിൽ പോളിംഗ് ബൂത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കമുണ്ടായതാണ് എടുത്ത് പറയാവുന്ന മറ്റൊരു പ്രശ്നം. ബൂത്തിലെത്തിയ എ എൻ രാധാകൃഷ്ണൻ  മാധ്യമങ്ങളെ കണ്ടതോടെയാണ് പൊലീസ് ഇടപെട്ടത്. 

ബൂത്തിന് പുറത്ത് വച്ച് മാത്രമേ മാധ്യമങ്ങളെ കാണാൻ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും അത് തര്‍ക്കത്തിലേക്ക് നീങ്ങി. തർക്കം മൂത്തപ്പോൾ 'വേണമെങ്കിൽ നിങ്ങൾ കേസെടുത്തോ', എന്നായി സ്ഥാനാർത്ഥി. 

ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് എ എൻ രാധാകൃഷ്ണൻ അവകാശപ്പെട്ടത്. താന്‍ നിയമസഭയില്‍ ഒ രാജഗോപാലിന്‍റെ പിന്‍ഗാമിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഫലം എന്ത് തന്നെയായാലും അത് ഭരണത്തെ ബാധിക്കില്ല. എങ്കിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഒരു തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. 

100 തികയ്ക്കുമെന്ന് എല്‍ഡിഎഫും 100 തികയ്ക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫും അവകാശപ്പെട്ടതോടെ തൃക്കാക്കരയ്ക്ക് ചൂട് പിടിച്ചു. 

പ്രചാരണം കനത്തതോടെ വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലേക്ക് ഒഴുകിയെത്തി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ ഇക്കുറി പോളിങ് ഉയര്‍ന്നു. ആദ്യ കണക്കുകള്‍ പ്രകാരം ഇന്ന് വൈകീട്ട് അഞ്ച് മണി വരെ 66.42 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 

മഴ മാറി നിന്നതും പോളിങ് ഉയരാൻ മറ്റൊരു കാരണമായി. പോളിങ്ങ് തുടങ്ങിയ ആദ്യ മണിക്കൂറില്‍ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. 

രണ്ടു ബൂത്തുകളിൽ വോട്ടിങ് യന്ത്രം തുടക്കത്തിൽ തകരാറിലായത് ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റിടങ്ങളില്‍ പോളിങ് സുഗമമായി നടന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ 70.39 ശതമാനമായിരുന്നു പോളിങ്. 

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 76.05 ശതമാനമായിരുന്നു പോളിങ്. 2016 ൽ 74.71 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. 2014 ൽ 71.22 ശതമാനമായിരുന്നു പോളിങ്.  2011 നിയമസഭാ തെരഞ്ഞെടുപ്പിലും 73.76 ശതമാനമായിരുന്നു പോളിങ്. 2009 ലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്, 70 ശതമാനം.

Latest Videos

click me!