തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഹൈക്കമാന്‍ഡിനും ഐക്യജനാധിപത്യ മുന്നണിക്കും ഉമ നന്ദി അറിയിച്ചു. നിലപാടുകളുടെ രാജകുമാരനായി പിടി ഇങ്ങനെ പ്രവര്‍ത്തിച്ചോ അതേ പോലെ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാൻ സാധിക്കാത്ത പോയ ദൗത്യങ്ങൾ പൂര്‍ത്തീകരിക്കാൻ വേണ്ടി താൻ പ്രയത്നിക്കുമെന്നും അതിനായി എല്ലാവരുടേയും പിന്തുണയും ഉമ തേടി.
പിടി എന്നും പാര്‍ട്ടിയോട് അനുസരണ കാട്ടിയ നേതാവാണ്. എന്‍റെ കുടുംബവും പാര്‍ട്ടി എന്തു പറഞ്ഞാലും അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കിയ ഉമ തനിക്ക് സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കുന്നതിൽ എനിക്ക് അധികം ആലോചിക്കേണ്ടി വന്നിട്ടില്ലെന്നും പറഞ്ഞു.
ജനാധിപത്യ രീതിയിലുള്ള മത്സരമാണിതെന്നും എതിര്‍സ്ഥാനാര്‍ത്ഥിയായി എൽഡിഎഫിൽ നിന്ന് ആര് മത്സരത്തിനായി വന്നാലും ശക്തമായി മത്സരിക്കുമെന്നും ഉമാ തോമസ് വ്യക്തമാക്കി. സിൽവര്‍ ലൈൻ വിഷയം അടക്കമുള്ള കാര്യങ്ങൾ തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാവുമെന്നും ഉമ വ്യക്തമാക്കി.
പാവപ്പെട്ടവരുടെ കിടപ്പാടം പോകുന്ന അവസ്ഥയ്ക്കെതിരെ തൃക്കാക്കരയിൽ ജനവിധിയുണ്ടാവും. ഡൊമനിക് പ്രസന്‍റേഷനോ കെ.വി.തോമസ് മാഷോ എനിക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ലെന്നും ഉമ ഒരു മുഴം നീട്ടിയെറിഞ്ഞു. അവര്‍ക്കാര്‍ക്കും തന്നെ തള്ളിക്കള്ളയാൻ പറ്റില്ലെന്നും ഇരുവരും പിടിയുമായും അങ്ങനെയൊരു ബന്ധമാണുള്ളതെന്നും ഉമ വ്യക്തമാക്കി. ഇതിലൂടെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകളെ നിശബ്ദമാക്കാനും ഉമ ശ്രമിച്ചു.
തൃക്കാക്കരയ്ക്ക് വേണ്ടി പിടിക്ക് പൂര്‍ത്തിയാക്കാൻ സാധിക്കാത്ത പോയ കാര്യങ്ങൾ ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്നും എല്ലാവരുടേയും പിന്തുണയോടെ ആ ഉത്തരവാദിത്തം നിറവേറ്റാൻ പ്രയത്നിക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി രാവിലെ തന്നെ പി ടി തോമസിന്‍റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തിയ ഉമാ തോമസ് എത്തി. പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം പി ടിതോമസിന്‍റെ കല്ലറയിലെത്തി പ്രാർഥിച്ചു.
തുടര്‍ന്ന് ഇടുക്കി ബിഷപ്പിനെ സന്ദർശിച്ച ഉമാ തോമസ് ബിഷപ്പിന്‍റെ അനുഗ്രഹം വാങ്ങി. എല്ലാ സഹകരണം ഉണ്ടാകുമെന്ന് ബിഷപ് ഉമയ്ക്ക് വാക്കുകൊടുത്തു. തെറ്റിദ്ധാരണയെ തുടർന്ന് പി ടി യോട് ഒന്നോ രണ്ടോ പേർ എതിര് നിന്നാലും അതിലേറെ പേർ ഒപ്പം ഉണ്ടായിരുന്നല്ലോയെന്ന് ഉമയും മറുപടി പറഞ്ഞു.
കെ.വി.തോമസ് ഒരിക്കലും തനിക്കെതിരെ പ്രവർത്തിക്കില്ലെന്ന് തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി ഉമ തോമസ് മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാവായ അദ്ദേഹം പാർട്ടി പാളയത്തിൽ തന്നെ ഉണ്ടാകുമെന്നും. പി ടി തോമസിനെ എന്നും ചേർത്ത് പിടിച്ച ആളാണ് കെ വി തോമസെന്നും ഉമ പറഞ്ഞു. കെ വി തോമസിനെ നേരിൽ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞു.
ഇതിനിടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തൃക്കാക്കര മണ്ഡലത്തിലെ ഒരു നേതാക്കളുമായും നേതൃത്വം ചർച്ച നടത്തിയിട്ടില്ലെന്ന് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എ൦ ബി മുരളീധരൻ ആരോപിച്ചു. 'സ്ഥാനാ൪ത്ഥിത്വ൦ സജീവ പ്രവ൪ത്തക൪ക്ക് അവകാശപ്പെട്ടതാണ്. സ്ഥാനാ൪ത്ഥിത്വ൦ നൽകിയല്ല പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത്. ഈ രീതിയിൽ കോൺഗ്രസ്സിൽ തുടരാനില്ലെന്നും പാ൪ട്ടി വിടുന്ന കാര്യം പരിഗണനയിലുണ്ടെന്നും എ൦ ബി മുരളീധരൻ വെളിപ്പെടുത്തി'. കോൺഗ്രസിന്റെ പ്രചാരണത്തിൽ നിന്ന് വിട്ട് നിൽക്കു൦. പാ൪ട്ടി ഭാരവാഹിയായി തുടരാനും താൽപ്പര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
എന്നാല്‍, പാര്‍ട്ടിയിലെ ഇടഞ്ഞ കൊമ്പനായ കെ വി തോമസ് അല്പം പോലും അയയാന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പിൽ വ്യക്തി ബന്ധങ്ങളില്ല, രാഷ്ട്രീയം മാത്രമെന്ന് പറഞ്ഞ അദ്ദേഹം ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന ചോദ്യമുയർത്തിയ കെവി തോമസ്, സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്നും ആരോപിച്ചു.
ജില്ലയിലെ മുതിർന്ന നേതാക്കളായ കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബെഹ്നാൻ എന്നിവരോട് സ്ഥാനാർത്ഥി നിർണയത്തിൽ ആലോചനകൾ നടത്തിയിരുന്നോ എന്നും കെ വി തോമസ് ചോദിച്ചു. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണ്ടാകും വേദി ഏതാണെന്ന് പിന്നീട് പറയുമെന്നും കെ വി തോമസ് പറഞ്ഞു.
അതിനിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും തൃക്കാക്കരയില്‍ ഇടത് പക്ഷ സ്ഥാനാര്‍ത്ഥിക്കായി കെ വി തോമസിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ ക്ഷണിച്ചു. സ്വന്തം നിലപാട് നിശ്ചയിക്കാനുള്ള കരുത്തുള്ള നേതാവാണ് അദ്ദേഹമെന്നും അഭിപ്രായപ്പെട്ടു. വികസന നിലപാടുള്ള ആർക്കും ഇടത് മുന്നണിയുടെ പ്രചാരണത്തിൽ സഹകരിക്കാമെന്നും ഇപി ജയരാജൻ വ്യക്തമാക്കി. '
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവകാശപ്പെട്ടു. മണ്ഡലത്തിൽ മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ യുഡിഎഫിന് സാധിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം എല്ലാ മുതിർന്ന നേതാക്കളുമായും സംസാരിച്ച ശേഷമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഉമ മികച്ച സ്ഥാനാർത്ഥിയാണ്. ചിട്ടയായ പ്രവർത്തനവും നിയോജക മണ്ഡലത്തിന്‍റെ പാരമ്പര്യവും സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.