പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അസുഖ ബാധിതനായി പ്രവർത്തനപഥത്തിൽ നിന്ന് മാറി നിന്ന സമയം മുതൽ സാദിഖലി ശിഹാബ് തങ്ങളാണ് ആ സ്ഥാനം താൽകാലികമായി വഹിച്ചിരുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാനായും സാദിഖലി തങ്ങൾ പ്രവർത്തിക്കും. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗവും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്‍റുമാണ് സാദിഖ് അലി തങ്ങൾ.
വലിയ രാഷ്ട്രീയ പ്രതിസന്ധികളാണ് സാദിഖലി ശിഹാബ് തങ്ങളെ കാത്തിരിക്കുന്നത്. യു ഡി എഫിന്റെ ഭാഗമായി നിൽക്കുമ്പോഴും ഭരണമില്ലെന്നതും അടുത്ത തെരഞ്ഞെടുപ്പും ലീഗിനെ അലട്ടുന്ന കാര്യമാണ്. മുൻഗാമികൾ നയിച്ച പാതയിലൂടെ മുന്നോട്ട് പോകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുൻ അധ്യക്ഷന്മാരെക്കാൾ സംഘടനാകാര്യങ്ങളിൽ കുറെകൂടി ഇടപെടുന്ന നേതാവാകും ലീഗിന്‍റെ പുതിയ പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 2009 മുതൽ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം.
സമസ്തയുടെ പിളര്‍പ്പിന് ശേഷം 15 വര്‍ഷക്കാലം എസ് കെ എസ് എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 2000 ത്തിൽ എം കെ മുനീർ സ്ഥാനമൊഴിഞ്ഞപ്പോൾ കെടി ജലീലിനെ മാറ്റി നിർത്താനായി യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതോടെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സജീവ രാഷ്ട്രീയത്തിലെത്തുന്നത്. 2007ൽ സ്ഥാനമൊഴിഞ്ഞു.
2009 ൽ ജ്യേഷ്ഠൻ സംസ്ഥാന അധ്യക്ഷനാകാനായി ഒഴിഞ്ഞ മലപ്പുറം ജില്ലാ പ്രസിഡന്റ് പദവിയിലേക്ക് രണ്ടാമതൊരു പേര് ലീഗിന് ആലോചിക്കാനുണ്ടായിരുന്നില്ല. അതോടെ ഹൈദരാലി ശിഹാബ് തങ്ങളുടെ തീരുമാനങ്ങളിൽ സാദിഖലി ശിഹാബ് തങ്ങളും പങ്കാളിയായി . ഉന്നതാധികാരസമിതിയിൽ കുഞ്ഞാലിക്കുട്ടിക്കും കെ പി എ മജീദിനുമൊപ്പം നിർണ്ണായക ശബ്ദമായി.
പാണക്കാട് ജുമാ മസ്ജിദിൽ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കത്തില്‍ നിന്ന് (ചിത്രം: പ്രശാന്ത് കുനിശ്ശേരി)
രാജ്യസഭാ സീറ്റ് നിർണ്ണയമടക്കം ഹൈദരലി തങ്ങളെടുത്ത പല സുപ്രധാന തീരുമാനങ്ങൾക്കു പിന്നിൽ ,സാദിഖലി തങ്ങളുടെ താല്പര്യങ്ങളും ഉണ്ടായിരുന്നു.അതോടെ ലീഗിനകത്ത് പുതിയ അധികാര കേന്ദ്രമായി സാദിഖലി തങ്ങൾ മാറി. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർ സാദിഖലിയുമായി കൂടുതലടുത്തുവെങ്കിലും ആരെയും പിണക്കിയില്ല അദ്ദേഹം.
പാണക്കാട് ജുമാ മസ്ജിദിൽ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കത്തില്‍ നിന്ന് (ചിത്രം: പ്രശാന്ത് കുനിശ്ശേരി)
സമീപകാലത്ത് ലീഗിനകത്തുണ്ടായ വിവാദങ്ങളിലൊക്കെ സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലുകളുണ്ടായിരുന്നു. ഹരിത വിവാദത്തിൽ എംഎസ്എഫ് അധ്യക്ഷൻ പി കെ നവാസ് പിടിച്ചു നിന്നത് സാദിഖലി ശിഹാബ് തങ്ങളുടെ പിന്തുണയോടെയാണ്. നവാസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചപ്പോഴുള്ള ഏതിർപ്പുകൾ തങ്ങൾ അവഗണിച്ചു. എതിർത്തവർ പിന്നീട് സംഘടനയ്ക്ക് പുറത്തേക്ക് പോയി.
പാണക്കാട് ജുമാ മസ്ജിദിൽ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കത്തില്‍ നിന്ന് (ചിത്രം: പ്രശാന്ത് കുനിശ്ശേരി)
പ്രളയഫണ്ട് തട്ടിപ്പിനെക്കുറിച്ച് ഹൈദരലി ശിഹാബ് തങ്ങൾക്ക് പരാതി അയച്ച ലീഗ് വയനാട് ജില്ലാ കമ്മിറ്റിയംഗം സി മമ്മിക്ക് നടപടി നേരിടേണ്ടി വന്നു. മുൻഗാമികളെ അപേക്ഷിച്ച് കർക്കശക്കാരനായ സാദിഖലി ശിഹാബ് തങ്ങൾ കുറേക്കൂടി സ്വതന്ത്ര നിലപാടാകും പല കാര്യങ്ങളിലും സ്വീകരിക്കുക. 'തീരുമാനം തങ്ങൾക്ക് വിട്ടു' എന്ന പതിവ് പല്ലവി വെറും വാക്കാവില്ലെന്നുറപ്പ്.
പാണക്കാട് ജുമാ മസ്ജിദിൽ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കത്തില്‍ നിന്ന് (ചിത്രം: പ്രശാന്ത് കുനിശ്ശേരി)
സാദിഖലി തങ്ങൾ സ്ഥാനമൊഴിയുന്നതോടെ മലപ്പുറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ ലീഗിൽ ആശയക്കുഴപ്പം രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സാദിഖലി തങ്ങളുടെ സഹോദരൻ കൂടിയായ അബ്ബാസ് അലി തങ്ങളെ ജില്ലാ പ്രസിഡണ്ടാക്കാനാണ് ലീഗ് നേതാക്കളുടെ താല്പര്യം.
പാണക്കാട് ജുമാ മസ്ജിദിൽ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കത്തില്‍ നിന്ന് (ചിത്രം: പ്രശാന്ത് കുനിശ്ശേരി)
എന്നാൽ അന്തരിച്ച ഉമറലി തങ്ങളുടെ മകൻ റഷീദലി തങ്ങളുടെ പേരാണ് സമസ്ത നിർദ്ദേശിക്കുന്നത്. ഇതോടെ യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി തങ്ങളുടെ പേരും ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നുണ്ട്. മുനവ്വറലി ശിഹാബ് തങ്ങൾക്കാണ് കൂടുതൽ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.