ഭരണഘടനയെ കുറിച്ച് വിവാദ പരാമര്‍ശം; മന്ത്രി സജി ചെറിയാന്‍റെ കോലം കത്തിച്ചു

First Published | Jul 5, 2022, 4:48 PM IST

നങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന (indian constitution) മന്ത്രി സജി ചെറിയാന്‍റെ (saji cheriyan) വിവാദ പ്രസ്ഥാവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭരണഘടനയിൽ 'മതേതരത്വം, ജനാധിപത്യം പോലെ കുന്തവും കുടചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘാന സംരക്ഷണം നൽകുന്നില്ല.' തുടങ്ങി കോടതികളെയും മന്ത്രി വിമർശിച്ചു. മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിലായിരുന്നു  മന്ത്രിയുടെ പരാമർശം. വിവാദ പരാമര്‍ശത്തോടെ മന്ത്രിയുടേത് സത്യപ്രതിജ്ഞ ലംഘനമാണെന്ന വിമര്‍ശനം ഉയര്‍ന്നു. 'ഇത്രയും വിവരം കെട്ടവർ നമ്മളെ ഭരിയ്ക്കുക എന്ന് പറയുന്നതും, അങ്ങനെ ഭരിക്കപ്പെടുന്നവരുടെ കീഴിൽ കഴിയുക എന്നതും നമ്മുടെ ദുര്യോഗമാണ്. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം'. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് റിട്ട.ജസ്റ്റീസ് കമാല്‍ പാഷ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ യുവമനോര്‍ച്ച മന്തിയുടെ കോലം കത്തിച്ചു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അരവിന്ദ്. 

ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. രാജി വച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. അതിന് സർക്കാർ തയാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനം ആണ് മന്ത്രി നടത്തിയത്. സത്യപ്രതിജ്ഞയോടെ കൂറ് കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ആണ് മന്ത്രി പറഞ്ഞത്. ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം. ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

മന്ത്രിയുടെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും സുരേന്ദ്രന്‍ പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയിൽ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത വ്യക്തിയാണ് സജി ചെറിയാൻ. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്‍റെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല കേരളത്തിന്‍റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയൻ മനസിലാക്കണമെന്നും കെ സുരേന്ദ്രന്‍ ഓര്‍മ്മപ്പെടുത്തി. 


സജി ചെറിയാന്‍റെ പ്രസംഗത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടി. ഭരണഘടനയെക്കുറിച്ച് പരാമർശം നടത്താനിടയായ സാഹചര്യം വിശദീകരിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.  ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിയെ അറിയിച്ചു. വിമർശിച്ചത് ഭരണകൂടത്തെയാണെന്നും മന്ത്രി സജി ചെറിയാൻ പറയുന്നു.  മന്ത്രി രാജിവക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അവകാശപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം വിവാദത്തെക്കുറിച്ച് അന്വേഷിച്ചു. വിമർശനം ഭരണഘടനക്ക് എതിരല്ല. ഇന്ത്യയിലെ ഭരണകൂട സംവിധാനത്തിനെതിരെയാണ് വിമർശനം. രാജ്യത്തെ സാമ്പത്തിക സാമൂഹിക സാഹചര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ നാവ് പിഴ ഉണ്ടായതാകാമെന്നും എം എ ബേബി പറയുന്നു. ഭരണഘടനക്ക് ചില അപാകതകൾ ഉണ്ടാകാം എന്ന് നിർമാതക്കൾ തന്നെ സമ്മതിച്ചിട്ടുണ്ട്. അതു കൊണ്ടാണ് ഭരണഘടന ഭേദഗതി തന്നെ വരുന്നത്. പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രി രാജി വെക്കേണ്ടതില്ലെന്നും എം എ ബേബി പറഞ്ഞു

Latest Videos

click me!