കോഴിക്കോട്ട് ഒറ്റ രാത്രിയില്‍ രണ്ട് തീപിടിത്തങ്ങള്‍; ചിത്രങ്ങള്‍ കാണാം

First Published | May 14, 2024, 1:31 PM IST

ന്ന് (14.5.2024) രാവിലെ തന്നെ കോഴിക്കോട് ജില്ലയില്‍ രണ്ട് തീപിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്  കുറ്റികാട്ടൂർ പൂവാട്ട് പറമ്പിലെ ഒരേക്കറോളം വരുന്ന പ്ലാസ്റ്റിക്ക് സംസ്കരണ കേന്ദ്രത്തില്‍ തീ പിടിത്തമായിരുന്നെങ്കിലും രാവിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആംബുലൻസ് അപകടം വലിയൊരു ദുരന്ത വാര്‍ത്തയായി. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ വി. ആര്‍. രാഗേഷ്, രാഗേഷ് തിരുമല. 

ഇന്ന് പുലർച്ചെ മൂന്നരയോടെ രോ​ഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തുകയായിരുന്നു. ആംബുലന്‍സിന് തീ പിടിച്ചതിന് പിന്നാലെ രോഗി വെന്തു മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന ആറ് പേര്‍ക്ക് സാരമായ പോള്ളലേറ്റു. 

മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയയ്ക്കായി രോഗിയുമായി മിംസ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നാദാപുരം സ്വദേശി സുലോചന (57) ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്. 


നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കടയിലേക്ക് കയറുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആംബുലന്‍സില്‍ നിന്നും തീ ഉയര്‍ന്ന് കടയിലേക്കും തീ പടര്‍ന്നു. മിംസ് ആശുപത്രിക്ക് പരിസരത്ത് വച്ചാണ് അപകടം സംഭവിച്ചത്. 

അതേസമയം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് കുറ്റികാട്ടൂർ പൂവാട്ട് പറമ്പിലെ ഒരേക്കറോളം വരുന്ന പ്ലാസ്റ്റിക്ക് സംസ്കരണ കേന്ദ്രത്തില്‍ തീ പിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

സംസ്കരണ കേന്ദ്രത്തിലെ മൂന്ന് സിലണ്ടറുകളില്‍ ഒന്ന് വലിയ ശബ്ദത്തോളെ പൊട്ടിത്തെറിക്കുകയായിരുന്നു. തീണയ്ക്കാനായി കോഴിക്കോട് ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി എട്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി. 

ഈ സമയം പ്രദേശത്ത് കനത്ത മഴയായിരുന്നെങ്കിലും സംസ്കാരണ കേന്ദ്രത്തിന് മുകളിലുണ്ടായിരുന്ന തകര ഷീറ്റ് കാരണം മഴ വെള്ളം അകത്ത് കയറിയില്ല. പുലര്‍ച്ചയോടെ തീ അണയ്ക്കാന്‍ സാധിക്കാതെ വന്നതോടെ ക്രെയിന്‍ ഉപയോഗിച്ച് തകര ഷീറ്റ് തകര്‍ത്താണ് കെട്ടിടത്തിന് അകത്തേക്ക് വെള്ളം അടിച്ചത്. 

തീ നിയന്ത്രണ വിധേയമായതിന് ശേഷം പ്ലാസ്റ്റിക് മാലിന്യം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും തീ ആളിക്കത്തുകയായിരുന്നു. സമീപ പ്രദേശത്തുകാരില്‍ ചിലര്‍ക്ക് ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് പ്രഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Latest Videos

click me!