കണ്ണീര്‍ വറ്റാത്ത കാഴ്ചകള്‍ ; പെട്ടിമുടിയിലെ ദുരന്ത കാഴ്ചകള്‍ പകര്‍ത്തിയ ഒരനുഭവക്കുറിപ്പ്
First Published | Aug 6, 2021, 4:13 PM ISTനല്ല മഴയുള്ള ദിവസമായിരുന്നു അന്ന്. തൊടുപുഴ ബ്യൂറോയിലെ വരാന്തയിൽ രാവിലെ ഒരു കട്ടനൊപ്പം പത്രം വായിച്ചുകൊണ്ടിരിക്കുമ്പോളാണ് ഇടുക്കി വാർത്താ ഗ്രൂപ്പിൽ ഒരു മെസ്സേജ് കാണുന്നത്. ' മൂന്നാറിൽ വെള്ളം പൊങ്ങിയിരിക്കുന്നു സ്ഥിതി മുൻപത്തെക്കാളും മോശമാണ്. ' അന്ന് തന്നെ സ്ഥിതീകരിക്കാത്ത മറ്റൊരു വാർത്തയും വന്നു പെട്ടിമുടിയിൽ ഒരു ലയത്തിന് മുകളിലേക്കു മണ്ണിടിഞ്ഞ് വീണിരിക്കുന്നു. ആളപായമുണ്ടോയെന്ന് അറിയില്ല. കുറച്ചുപേർ മണ്ണിനടിയിൽ പെട്ടുവെന്ന് കേൾക്കുന്നു. പോയി നോക്കാതെ സത്യാവസ്ഥ അറിയാൻ കഴിയില്ല. അവിടെ മൊബൈൽ സിഗ്നൽ കിട്ടുന്നത് വളരെ അപൂർവമായാണ്. മഴ തുടങ്ങിയാൽ ടവറുകൾ എല്ലാം നിശ്ചലമാകും. ഏതായാലും പോയി നോക്കാൻ തന്നെ തീരുമാനിച്ചു. തൊടുപുഴയിൽ നിന്ന് മൂന്നര മണിക്കൂർ യാത്രയുണ്ട്. റിപ്പോർട്ടർ നവീൻ വർഗീസിനും ഡ്രൈവർ ശ്രീകുമാറിനും ഒപ്പം യാത്ര ആരംഭിച്ചു. പോകുന്നവഴി മറ്റൊരു വിവരം വന്നു. സ്ഥിതി അതീവ ഗുരുതരമാണ് 90 ഓളം ആളുകൾ അടിയിൽപ്പെട്ടിട്ടുണ്ടെന്ന് കേൾക്കുന്നു. രക്ഷപ്പെട്ടവരിൽ ചിലർ ഫോറസ്റ്റ് ഓഫീസിൽ വന്ന് വിവരം അറിയിച്ചപ്പോളാണ് വാർത്ത പുറംലോകം അറിയുന്നത്. അപ്പോളേക്കും സമയം വളരെ വൈകിയിരുന്നു. ( ചിത്രങ്ങളും എഴുത്തും അശ്വൻ പ്രഗതി, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ )
അന്ന് സംസാരത്തിനിടയിൽ ഒരാൾ തമിഴ് കലർന്ന മലയാളത്തിൽ എന്നോട് പറഞ്ഞു "ഞങ്ങൾ ഒരു ഉപ്പ് ചാക്കിന്‍റെ മുകളിൽ ജനിക്കുന്നു. അതേ ഉപ്പ്ച്ചാക്കിന്‍റെ മുകളിൽ മരിക്കുന്നു".