കവളപ്പാറ; പ്രകൃതിയോട് നമ്മള്‍ ഇനിയും കരുണ കാണിക്കേണ്ടതുണ്ട് !

First Published | Aug 7, 2021, 3:36 PM IST

2019 ഓഗസ്റ്റ് എട്ടിന്, കനത്ത മഴപെയ്തുകൊണ്ടിരിക്കുമ്പോഴാണ് രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഓഫീസിലെത്തിയത്. ഉച്ചയോടെ ക്യാമറ ചീഫ് വിനോദ് ചേട്ടൻ പറഞ്ഞു,  "മലപ്പുറത്ത് വലിയ മഴക്കെടുതിയുണ്ടായിട്ടുണ്ട്. ഉരുൾപൊട്ടലും. തകഴി ഒന്ന് പോകണം" അന്ന് രണ്ട് ജോഡി ഡ്രസിന് പകരം മൂന്ന് ജോഡി കയ്യിൽ കരുതി. റിപ്പോർട്ടർ എൻ.കെ.ഷിജുവും ഞാനും സാരഥി ശരത്തും കൂടി വൈകീട്ട് 3.30 ന് പുറപ്പെട്ടു. തൃശൂർ മുതൽ വഴി മൊത്തം ബ്ലോക്ക്. ചങ്കുവെട്ടി കഴിഞ്ഞപ്പോൾ മുതൽ റോഡിൽ മുഴുവൻ വെള്ളവും. കിഴക്കേത്തല എന്ന സ്ഥലത്ത് എത്തിയപ്പോൾ റോഡിലെ വെള്ളത്തിന്‍റെ അളവ് കൂടിക്കൂടിവന്നു. രാത്രി 12 മണി കഴിഞ്ഞപ്പോൾ വണ്ടി ഓടിച്ചുപോകുവാൻ പോലും പറ്റാത്ത അവസ്ഥയായി. കിഴക്കേത്തലയിൽ നിന്നും കുറച്ചു കൂടി മുൻപോട്ട് പോയപ്പോൾ വണ്ടിയുടെ ഹെഡ്‍ലൈറ്റ് മുങ്ങുന്ന തരത്തില്‍ വെള്ളം കയറിത്തുടങ്ങി. ശരത്ത് വണ്ടി ഒരു വിധത്തിൽ ഓടിച്ച് കുറച്ച് പൊക്കമുള്ള സ്ഥലത്ത് കൊണ്ടുചെന്നു നിർത്തി. രാത്രി ഒരുമണിയോടെ  ലോറി പോലും ഓടിച്ചു പോകാൻ പറ്റാത്തതരത്തില്‍ റോഡില്‍ വെള്ളമുയര്‍ന്നു. ആദ്യമായിട്ടായിരുന്നു ഇത്തരമൊരു അനുഭവം. ഇനി കാണാന്‍ പോകുന്ന കാഴ്ചകളിലേക്കുള്ള സൂചനയായിരുന്നതെന്ന് അപ്പോള്‍ തോന്നിയില്ല.  കവളപ്പാറ ദുരന്തക്കാഴ്ചകളിലേക്കുള്ള യാത്രയായിരുന്നു അത്. എഴുത്തും ചിത്രങ്ങളും രാജേഷ് തകഴി, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍. 

പണി നടന്നുകൊണ്ടിരുന്ന ഷോപ്പിംഗ് മാളിന്‍റെ താഴെ കാർ നിര്‍ത്തി. വണ്ടി തിരികെ പോരുവാൻ പോലും പറ്റാത്ത അവസ്ഥ. രജിസ്ട്രഷൻ പോലും കഴിയാത്ത പുതിയ ടാറ്റ നെക്സോൺ ആയത് കൊണ്ട് ഞങ്ങൾക്കും പേടിയായി. കുറച്ചുസമയം കാറിലിരുന്ന് മയങ്ങി. അരമണിക്കൂർ കഴിഞ്ഞപ്പോള്‍ ഷിജു വിളിച്ചുണർത്തിയിട്ട് പറഞ്ഞു. 'വെള്ളം നല്ലവണ്ണം കയറുന്നുണ്ട്'. 

എണീറ്റ് നോക്കിയപ്പോൾ മലവെള്ളം നല്ലപോലെ പൊങ്ങുന്നുണ്ട്. പിന്നെ ഒന്നുമാലോചിക്കാൻ സമയമുണ്ടായിരുന്നില്ല. പണി നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന് അകത്തേക്ക് വണ്ടി കയറ്റുവാനുള്ള ശ്രമം തുടങ്ങി. കെട്ടിടം പണിക്ക് കൊണ്ടുവന്നിട്ടിരുന്ന തടിക്കഷണങ്ങൾ ഉപയോഗിച്ച് വണ്ടി ഒരു വിധം അകത്തേക്ക് കയറ്റിയിട്ടു. 


വെള്ളം ഇനിയും പൊങ്ങിയാൽ വണ്ടി മുങ്ങും. ഒന്നും ചെയ്യുവാൻ കഴിയില്ലെന്ന് മനസിലായി. മൂന്ന് നിലയുള്ള കെട്ടിടമായത് കൊണ്ട് ഞങ്ങൾക്ക് മുകളിലേക്ക് കയറി രക്ഷപ്പെടാം. വീണ്ടും വണ്ടിയിലേക്ക് തന്നെ കയറി കുറച്ച് നേരം കൂടി മയങ്ങി. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് നോക്കുമ്പോൾ കെട്ടിടത്തിനകത്തേക്ക് വെള്ളം കയറിയിട്ടില്ലെങ്കിലും പുറത്ത് നല്ലവണ്ണം വെള്ളമുയര്‍ന്നിട്ടുണ്ട്. ഇനിയും വണ്ടി അവിടെ ഇടുന്നത് സുരക്ഷിതമല്ലെന്ന് തോന്നി. നേരെ എതിർവശത്ത് ഒരു വീടുണ്ട്. അത് നല്ല പൊക്കമുള്ള സ്ഥലത്താണ്. വണ്ടി അവിടെ കയറ്റിയിടാമെന്ന് ഷിജു പറഞ്ഞു. 

ഞങ്ങൾ നടന്ന് വെള്ളമെത്ര കയറിയെന്ന് നോക്കി. വണ്ടി മാറ്റിയിടാനുള്ള ശ്രമം തുടങ്ങി. റോഡ്സൈഡിൽ കാനയുണ്ടോയെന്ന് പോലുമറിയില്ല. കാനയുണ്ടെങ്കിൽ വണ്ടിയതിൽ വീഴും. ഒത്തിരി പാടുപെട്ട് വണ്ടി ആ വീട്ടിലേക്ക് ഓടിച്ചുകയറ്റി. അത് കരീം ഇക്കയുടെ വീടായിരുന്നു. അവിടെ വണ്ടി സുരക്ഷിതമായി കയറ്റിയിട്ടു. വണ്ടിയിൽ നിന്നും ലൈവിനുള്ള ടിവിയു എടുത്ത് ഒരു സ്റ്റാന്‍റപ്പ് കൊടുത്തു. സ്റ്റോന്‍റപ്പിനിടെ നിസാന്‍റെ ഒരു പിക്കപ്പ് വാൻ അവിടെ വന്നുനിന്നു. വെള്ളമില്ലാത്ത സ്ഥലത്ത് ഞങ്ങളെ ഇറക്കിത്തരാമോയെന്ന് അവരോട് ചോദിച്ചു.

അവർ സന്തോഷത്തോടെ സമ്മതിച്ചു. സ്റ്റാൻഡ് അപ്പ് കഴിഞ്ഞ് നാല് പേരുടെ ആ സംഘത്തിലേക്ക് ഞങ്ങളും ചേർന്നു. ഡ്രൈവർ ബാവ ഒഴികെയുള്ള മൂന്ന് പേരും പിക്കപ്പ് വാനിന്‍റെ പുറകിലേക്ക് ഞങ്ങള്‍ക്ക് വേണ്ടി മാറി. മലമുകലില്‍ കഴിഞ്ഞ ദിവസം തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് അരക്കിലോ തക്കാളി വാങ്ങാൻ ഇറങ്ങിയതായിരുന്നു അവർ. 

ഞങ്ങളുടെ ലക്ഷ്യമറിഞ്ഞപ്പോൾ , ഡീസൽ അടിച്ചുകൊടുത്താൽ കവളപ്പാറയിലെത്തിക്കാമെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ സമ്മതിച്ചു. ഞങ്ങൾ മൂന്ന് പേരും ക്യാബിനിൽ മഴ കൊള്ളാതെയിരിക്കുമ്പോൾ വണ്ടിയുടെ പുറകിൽ മറ്റ് മൂന്ന് പേരും പെരുമഴയിൽ കുതിർന്നിരിക്കുകയായിരുന്നു.

മൂന്നര മണിക്കൂർ കൊണ്ട് ഊടുവഴികളിലൂടെ അവർ ഞങ്ങളെ കവളപ്പാറയിലെത്തിച്ചു. ബാവയ്ക്കും സുഹൃത്തുക്കൾക്കും ഒരായിരം നന്ദി. ഒരു മണിയോടടുപ്പിച്ച് കവളപ്പാറയിലെത്തി. മണ്ണിടിഞ്ഞ് കിടക്കുന്ന അവിടം കണ്ടപ്പോൾ ഒന്നു ന‍ടുങ്ങി. വീടുകൾ പലതും തകർന്നു കിടക്കുന്നു. വീണ്ടും മലയിടിയാൻ തയ്യാറായി നിൽക്കുന്ന പോലെ. 


അപ്പോഴും തുടരുന്ന കനത്ത മഴ. ഒരു സ്റ്റാൻഡ് അപ്പ് എടുത്തുവച്ചു. ഡിഎസ്എന്‍ജി എത്തിയിട്ടില്ല. മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ഫോൺ വിളിക്കാൻ പോലും കഴിയാത്ത സ്ഥിതി. സ്റ്റുഡിയോയിലേക്ക് വിഷ്വൽ അയയ്ക്കാനും കഴിഞ്ഞില്ല. കുറച്ച് മണിക്കൂറിന് ശേഷം വിഷ്വലുകൾ അൽപം ദൂരെ കിടക്കുന്ന ഡിഎസ്എൻജി വഴി ഡെസ്കിലേക്ക് എത്തിച്ചു. രാത്രിയോടെ നിലമ്പൂരിലേക്ക് ഡിഎസ്എൻജിയിൽ തന്നെ തിരിച്ചു. അവിടെ ഹോട്ടലിൽ റൂമെടുത്തു. പിറ്റേന്ന് വീണ്ടും കവളപ്പാറയിലേക്ക്. 

ഒന്ന് - രണ്ട് ജെസിബി മണ്ണ് നീക്കുന്നുണ്ട്. ആദ്യത്തെ ദിവസം അതിന്‍റെ ഭീകരത മുഴുവനായി മനസിലാക്കാൻ സാധിച്ചില്ല. താഴെ നിന്ന് ഒരു ലൈവ് കൊടുത്തതിന് ശേഷം മലയിടിഞ്ഞ ഭാഗത്തേക്ക് പോയി. ഭീകരമായിരുന്നു അവിടുത്തെ അവസ്ഥ. അവിടെയുണ്ടായിരുന്ന ഇരുപതോളം കുടുംബങ്ങളെ അപ്പാടെ കൊണ്ടുപോയത് കൊണ്ടാകാം അവർക്ക് വേണ്ടി കരയാൻ വളരെ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ. സുമേഷും സഹോദരനും മൺവെട്ടി കൊണ്ട് ഒലിച്ചിറങ്ങിയ സ്ഥലത്ത് അച്ഛനേയും അമ്മയേയും തിരയുന്നത് ആരുടെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു.

ഒരു കുടുംബത്തിലെ 8 പേരെ നഷ്ടപ്പോഴും 'ആരെയെങ്കിലും ഒന്ന് കണ്ടാൽ മതിയായിരുന്നു' വെന്ന   സുനിലിന്‍റെ കരച്ചില്‍  ആരുടേയും കണ്ണുനിറയ്ക്കും. മകൾക്ക് വേണ്ടി തിരഞ്ഞ് തിരഞ്ഞ് , മറിഞ്ഞ് വീണ കോൺക്രീറ്റ് ഒറ്റയ്ക്ക് പൊട്ടിച്ചിളക്കിയ അച്ഛൻ വിക്ടർ. ഉറങ്ങാന്‍ കിടന്ന പുതപ്പിൽ പുതഞ്ഞ നിലയിൽ 7 വയസ്സുള്ള ആ കുട്ടിയെ പുറത്തെടുത്തപ്പോൾ ആ അച്ഛന്‍റെ ഹൃദയം എത്രമാത്രം വേദനിച്ചിരിക്കാം.

സഹോദരിയുടെ കല്യാണത്തിന് ലോണെടുക്കാൻ ലീവിന് നാട്ടിൽ വന്ന പട്ടാളക്കാരൻ വിഷ്ണു. വിഷ്ണുവിന്‍റെ കുടുംബത്തിലെ എല്ലാവരേയും മലവെള്ളം അപ്പാടെ വിഴുങ്ങി. ഒരായുസ് മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ കുടുംബവും വീടും കൃഷിയിടവും ഒരു നിമിഷം കൊണ്ട് ഇല്ലാതായി. 

മൂന്നാം ദിവസമായപ്പോൾ കവളപ്പാറ മുഴുവൻ അഴുകിയ റബ്ബർ മരങ്ങളുടേയും മനുഷ്യശരീരത്തിന്‍റെയും ഗന്ധം നിറഞ്ഞു. പല രാഷ്ട്രീയക്കാരും അവിടെ വന്നുപോയി. ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയിലും മാധ്യമങ്ങളെ ചീത്തവിളിക്കാനും തല്ലാനും ആളുകള്‍ക്ക് വല്ലാത്ത ഇഷ്ടമാണെന്ന് തോന്നി. മുട്ടറ്റം ചെളിയിലും മണ്ണിനടിയിലെ മൃതദേഹങ്ങൾക്ക് മുകളിലും നിന്ന് കാഴ്ചകള്‍ പകര്‍ത്തുമ്പോള്‍ കൂടെയുള്ള ഡോക്ടർമാർ പറയും, 'ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. സൂക്ഷിക്കണം.' പക്ഷേ ജോലി ചെയ്യാതെ പറ്റില്ലല്ലോ...

നാലാം ദിവസമായപ്പോൾ ദുരന്തഭൂമിയില്‍ നിന്ന് മൃതദേഹങ്ങള്‍ കിട്ടിയാൽ ആംബുലൻസിൽ കയറാൻ പോലും ആളുകളില്ലാതായി. അടുത്ത് നിൽക്കുവാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അന്തരീക്ഷം. ' നേരത്തെ മല ഹിറ്റാച്ചി വച്ചാണ് ഇടിച്ചത്. അതുകൊണ്ട് ചെറിയ ജെസിബിയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഇതുമൊത്തം മാന്തി മാറ്റണമെങ്കില്‍ ഹിറ്റാച്ചി തന്നെവേണ'മെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് മാറ്റി റബര്‍ നട്ടത് ഒരുപക്ഷേ മരിച്ചവരാരുമായിരിക്കില്ല. 

എങ്കിലും ആ മണ്ണിടിച്ചിലില്‍ തകര്‍ന്ന് പോയ മനുഷ്യര്‍ക്കും ആശകളും സ്വപ്നങ്ങളും ഉണ്ടായിരുന്നിരിക്കും. എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. നാം കുഴിക്കുന്ന ഓരോ കുഴിയും നാം വെട്ടുന്ന ഓരോ മരവും ഈ ഭൂമിയുടെ നന്മയ്ക്കാണോ തിന്മയ്ക്കാണോയെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യന്‍ ചൂഷണം ചെയ്യുന്ന ഭൂമിയിലെ ഓരോ വസ്തുക്കളും വിപത്തായി മനുഷ്യനെതിരെ വരാതിരിക്കാൻ നമ്മള്‍ തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ വീണ്ടും വീണ്ടും മലകളുരുണ്ട് താഴ്വാരങ്ങളെ നികത്തിക്കൊണ്ടേയിരിക്കും. 

കവളപ്പാറയ്ക്ക് ശേഷം വര്‍ഷം രണ്ട് കഴിഞ്ഞിരിക്കുന്നു. ഈ കൊറോണാക്കാലത്തും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വാര്‍ത്തകളാണ് ലോകമെങ്ങുനിന്നും നമ്മുക്ക് മുന്നിലേക്കെത്തുന്നത്. അമേരിക്കയും കാനഡയും തുര്‍ക്കിയും ഗ്രീക്കും പശ്ചിമേഷ്യയും ഉഷ്ണതരംഗത്താല്‍ കത്തിയമരുമ്പോള്‍ ഇന്ത്യയിലും കിഴക്കന്‍ അമേരിക്കയിലും ഓസ്ട്രേലിയയിലും ഇറ്റലിയിലും ചൈനയിലും മറ്റും പ്രളയത്തില്‍ കുത്തിയൊലിക്കുകയാണ്. നഷ്ടപ്പെട്ട് സന്തുലിതാവസ്ഥ നമ്മള്‍ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഗ്രേറ്റ തുംബര്‍ഗ് പറഞ്ഞത് പോലെ നാളെത്തെ തലമുറയ്ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അതെ, അത് നിഷേധിക്കാന്‍ നമ്മുക്കധികാരമില്ല. ഇനിയും ഈ പ്രകൃതിയോട് ചെയ്യാനിരിക്കുന്ന കാര്യങ്ങള്‍ക്ക് നമ്മള്‍ ആദ്യം ഗൃഹപാഠം ചെയ്യേണ്ടിയിരിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!