ദുരന്തമുഖത്ത് ജീവന്‍റെ തുടിപ്പുതേടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍

First Published | Jul 31, 2024, 8:43 AM IST

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി വയനാട് മുണ്ടക്കൈ ദുരന്തം മാറിക്കഴിഞ്ഞു. മണ്ണിനടിയിൽ പുതഞ്ഞ ജീവന്‍റെ തുടിപ്പ് തേടി ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലകളില്‍ സജീവമായി. കിലോമീറ്ററുകള്‍ ദൂരത്തില്‍ ഏതാണ്ട് 600 മീറ്ററോളം വീതിയിലാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയൊഴുകിയത്. ഒഴുകിയ വഴികളിലെ എല്ലാ വസ്തുക്കളെയും തൂത്തെടുത്ത് കിലോമീറ്റര്‍ ദൂരത്തേക്കാണ് മലവെള്ളം കുത്തിയൊഴുകിയത്. ദുരന്തമുഖത്ത് കുടുങ്ങിക്കിടക്കുന്ന ജീവന്‍റെ തുടിപ്പ് തേടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് ദുരന്തമുഖത്തുള്ളത്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് ആല്‍ബര്‍ട്ട്, രാഗേഷ് തിരുമല.  

ഇന്നലെ വൈകീട്ടോടെ താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ഏഴ് മണിയോടെ തന്നെ ആരംഭിച്ചു. കിലോമീറ്ററുകള്‍ പൊട്ടിയൊഴുതിയ ഉരുളിന് അടിയില്‍പ്പെട്ട് പോയ ജനവാസമേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 

മിനിയാന്ന് രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലായിരുന്നു പ്രദേശത്ത് മരണമുഖം തീര്‍ത്തത്. കുത്തിയൊലിച്ചെത്തിയ വെള്ളം ചൂരൽമല ടൗൺ പൂര്‍ണമായും ഇല്ലാതാക്കി. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്നലെ രാവിലെയോടെ മാത്രമാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമായിട്ടില്ല. 


ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തിയത്. കര,നാവിക, വ്യോമ സേനകളും രക്ഷാപ്രവര്‍ത്തകരും ദുരന്തമുഖത്ത് സജീവ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. 180-ലധികം പേര്‍ ആശുപത്രികളിൽ ചികിത്സയിലാണ്. 

ദുരന്തത്തിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്താണ് ഒരു താൽക്കാലിക പാലം ഉണ്ടാക്കിയത്. പിന്നീട് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കയര്‍ കെട്ടി രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് കടക്കാൻ വഴിയൊരുക്കി. 300 ഓളം പേര്‍ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം ഇന്നലെ വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. കുടുങ്ങിക്കിടന്നതായി വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും എല്ലാവരെയും രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. 
 

ചൂരൽമലയിൽ ഇന്ന് രാവിലെ ആറ് മണിയോടെ സൈന്യം രക്ഷാദൗത്യം ആരംഭിച്ചു. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യത്തിന്‍റെ രക്ഷാദൗത്യം. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അ​ഗ്നിശമനസേനയുടെ തെരച്ചിൽ 7 മണിയോടെ ആരംഭിച്ചു. 

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരി​ഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്. 151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്‍റെ ഔദ്യോ​ഗിക കണക്കിൽ പറയുന്നത്. 

20 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതർക്കായി 8 ക്യാംപുകൾ ആരംഭിച്ചു.  1,222 പേരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്.  കോഴിക്കോട് വാണിമേൽ  വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു.

വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. ഇതിന്റെ തീരത്തെ 12 വീടുകൾ ഒലിച്ചു പോയി. നിരവധി വാഹനങ്ങൾ തകർന്നു.

ഉരുൾ പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയ കുളത്തിങ്കൽ മാത്യൂ എന്ന മത്തായിയെയാണ് കാണാതായത്. പുഴ കടന്നു പോകുന്ന 5 കിലോമീറ്റർ വ്യാപ്തിയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വിലങ്ങാട് ടൗണിൽ കടകളിൽ വെള്ളം കയറി. നിരവധി കടകളും രണ്ട് പാലങ്ങളും തകർന്നു. ഇതോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. എൻഡിആർ എഫും ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 

ഇന്ന് കേന്ദ്ര-സംസ്ഥാന ഏജൻസികളെ ഏകോപിപ്പിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുക. പാറക്കഷണങ്ങൾക്കും തകര്‍ന്ന വീടുകൾക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താനാവും ശ്രമം. ഇതിനായി ഡോഗ് സ്വാഡിന്‍റെ സഹായം ലഭിക്കും. ദുരന്തമുഖത്തെ ലയങ്ങളും പാടികളും പലതും ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ളവരെ രക്ഷിക്കാനായോ എന്ന് വ്യക്തമല്ല. ഒപ്പം വിനോദസഞ്ചാരികളാരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്നും അന്വേഷിക്കുന്നു. ഇന്നത്തെ തെരച്ചിലോടെ ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാകുമെന്നാണ് കരുതുന്നത്.

Latest Videos

click me!