ലഡാക്കിൽ വാഹനാപകടത്തില്‍ മരിച്ച ഷൈജലിന്‍റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി

First Published | May 29, 2022, 3:26 PM IST

ഡാക്കിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്‍റെ വീട് റവന്യു മന്ത്രി കെ. രാജൻ, പുരാരേഖ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ സന്ദർശിച്ചു. ബിനോയ്‌ വിശ്വം എം. പി, പി. അബ്ദുൽ ഹമീദ് എം. എൽ. എ, നഗരസഭ ചെയർമാൻ എ. ഉസ്മാൻ, തിരൂരങ്ങാടി തഹസിൽദാർ പി. ഒ സാദിഖ്, ആർ. ഡി. ഒ പി. സുരേഷ് എന്നിവരും സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബഷീര്‍, ജിതേഷ്. 

മലപ്പുറം പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകനാണ് മുഹമ്മദ് ഷൈജല്‍. 20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുകയായിരുന്നു  ഷൈജല്‍. 

നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. 26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴി വാഹനം നദിയിലേക്ക് തെന്നിയാണ് അപകടമുണ്ടായത്.


ഷൈജലിന്‍റെ ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് മാതാവ് സുഹ്റയുടെയും ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് ഷൈജലും സഹോദരങ്ങളായ ഹനീഫയും സലീനയും വളര്‍ന്നത്. 

പഠനത്തില്‍ മിടുക്കനായ ഷൈജല്‍ നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ റഹ്‌മത്ത്, പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍.

ഷൈജലിന്‍റെ മൃതദേഹം വഹിച്ചുള്ള സൈനിക സംഘം ഇന്ന് (മെയ്‌ 29) രാവിലെ 10.10 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും. തുടർന്ന് രാവിലെ 11ന് തിരൂരങ്ങാടി യതീം ഖാനയിലും (പിഎസ്എംഒ കോളേജ്  ക്യാമ്പസ്‌ ), ഉച്ചക്ക് ഒന്നിന്  സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും  പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് മൂന്നിന് അങ്ങാടി മുഹയദീൻ ജുമാഅത്ത് പള്ളിയിലാണ് സംസ്‍കാരം.

Latest Videos

click me!