K swift: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ്സ് സര്‍വ്വീസ് തുടങ്ങി; പിറ്റേന്ന് തന്നെ ഒരെണ്ണം 'കട്ടപ്പുറം' കയറി

First Published | Aug 3, 2022, 1:06 PM IST

മിനിയാന്നാണ് കെഎസ്ആര്‍ടിസി (ksrtc) സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വ്വീസ് (city circular electric bus service) പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തി തുടങ്ങിയത്. കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് (K Swift) വാങ്ങിച്ച ഇലക്ട്രിക്ക് ബസുകളുടെ സര്‍വ്വീസ്, തമ്പാനൂരിലെ കെ.എസ്.ആര്‍.ടിസി. ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഫ്ളാഗ് ഓഫ് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ബ്ലൂ സര്‍ക്കിളിനായി വിട്ട് നല്‍കിയ ബസുകളിലൊന്ന് പണിമുടക്കി.  ബസ്സൊന്നിന് 95 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെ സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസുകള്‍ വാങ്ങിയത്. ഇതിലൊന്നാണ് ഇന്നലെ നിരത്തില്‍ പണിമുടക്കി കിടന്നത്. ചിത്രങ്ങള്‍ പകര്‍ത്തിയത് വിഷ്ണു എസ്. 

കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കിള്‍ സര്‍വ്വീസുകളിലൊന്നായ ബ്ലൂ സര്‍വ്വീസിനായി വിട്ടുനല്‍കിയ ബസ്സുകളിലൊന്നാണ് ഇന്നലെ തന്നെ പണിമുടക്കി പെരുവഴിയിലായത്. ഹരിയാനയിലെ സ്വിഫ്റ്റ് ഹബ്ബില്‍ നിന്ന് ഒരു മാസം മുമ്പാണ് ഇലക്ട്രിക്ക് ബസുകള്‍ കേരളത്തിലെത്തിയത്. 

കേരളത്തിലെത്തിയ ശേഷം നിരവധി ട്രയല്‍ റണ്ണുകളും നിരവധി ക്ഷമതാ പരിശോധനകളും പുതിയ പെയിന്‍റ് അടിയും എല്ലാം കഴിഞ്ഞാണ് കെ സ്വഫ്റ്റുകള്‍ നിരത്തിലിറങ്ങിയത്. എന്നാല്‍, നിരത്തിലിറങ്ങി ആദ്യ ഓട്ടം പൂര്‍ത്തിയാക്കും മുമ്പ് തന്നെ ഇപ്പോള്‍ അതിലൊരു ബസ് കട്ടപ്പുറത്തേക്ക് കയറി. 


മിനിയാന്ന് കെ സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറക്കുന്നതിനെതിരെ സിഐടിയും അടക്കമുള്ള തൊഴിലാളി സംഘടനകള്‍ സമരവുമായി രംഗത്തെത്തിയിരുന്നു. ആദ്യം കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുക. അതിന് ശേഷം പരിഷ്ക്കരണം എന്ന് മുദ്രാവാക്യമുയര്‍ത്തിയായിരുന്നു സിഐടിയു സമരം. 

ദീര്‍ഘദൂര സര്‍വ്വീസായി തുടങ്ങിയ ബസ് സിറ്റി സര്‍വ്വീസ് പോലുള്ള ഹ്രസ്വദൂര സര്‍വ്വീസുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനെതിരെയും തൊഴിലാളി സംഘടനകള്‍ക്കും ജീവക്കാര്‍ക്കും ഇടയില്‍ നിന്നും പ്രതിഷേധമുണ്ടായിരുന്നു. 

സിഐടിയു പ്രതിഷേധത്തെ തുടര്‍ന്ന് പേരൂര്‍ക്കട ഡിപ്പോയിലും തമ്പാനൂര്‍ ഡിപ്പോയിലെയും നിരവധി കെഎസ്ആര്‍ടിസി തൊഴിലാളികള്‍ അറസ്റ്റ് വരിക്കുകയുമുണ്ടായിരുന്നു. 

അടുത്ത കാലത്തായി സ്വിഫ്റ്റ് ബസ്സുകള്‍ നിരവധി തവണ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ബസുകളുടെയും ബസ് ഡ്രൈവര്‍മാരുടെയും ക്ഷമതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. 

ഇതിനിടെയാണ് ഉദ്ഘാടനം കഴിഞ്ഞതിന് തൊട്ടടുത്ത ദിവസം തന്നെ കെ സ്വിഫ്റ്റ് ബസുകളില്‍ ഒരെണ്ണം കട്ടപ്പുറത്തേക്ക് കയറിയത്. കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് ബസുകള്‍ ആദ്യമായി ഹ്രസ്വദൂര സര്‍വ്വീസ് ആരംഭിച്ചതിന് പിന്നാലെ തന്നെ ബസ് കട്ടപ്പുറത്തായതില്‍ പ്രതിഷേധം ശക്തമായി.

Latest Videos

click me!