Kerala Rain: വൃഷ്ടിപ്രദേശങ്ങളില്‍ മഴ; നദീ തീരങ്ങളില്‍ ജലനിരപ്പുയരുന്നു, ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയേക്കും
First Published | Aug 9, 2022, 10:37 AM ISTസംസ്ഥാനത്ത് വീണ്ടും തീവ്ര ന്യൂനമർദ്ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ശക്തികൂടിയ ന്യൂനമർദ്ദം, തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ശക്തിപ്പെടുന്നത്. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 12 -ാം തിയതി വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ തന്നെ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് കേരളത്തില്‍ 8 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിലപ്പുയരുമ്പോള്‍ കേരളത്തില്‍ ഇതുവരെയായി തുറന്നിരിക്കുന്നത് 25 അണക്കെട്ടുകള്‍. വൃഷ്ടിപ്രദേശങ്ങള്‍ നിന്ന് കൂടുതല്‍ ജലം എത്തിചേര്‍ന്നതിനെ തുടര്‍ന്ന് പല ഡാമുകളും ഇന്നലെ വീണ്ടും ഉയര്‍ത്തിയിരുന്നു. ഇത് വഴി കൂടുതല്‍ ജലമാണ് തുറന്ന് വിടുന്നത്. എന്നാല്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. കെഎസ്ഇബിയുടെ 17 അണക്കെട്ടുകളില്‍ 10 എണ്ണത്തിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് എണ്ണം ഇടുക്കി ജില്ലിയിലാണുള്ളത്. ജലസേചന വകുപ്പിന് 3 ബരേജുകളും ഒരു റഗുലേറ്ററിയുമുള്‍പ്പെടെ 20 അണക്കെട്ടുകളാണ് ഉള്ളത്. ഇവ റെഡ് അലര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇടുക്കിയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഷെഫീഖ് മുഹമ്മദ്, കൃഷ്ണപ്രസാദ്.