10 ജില്ലകളില്‍ ഒരു ദിവസം പത്തിലേറെ പുതിയ രോഗികള്‍; സംസ്ഥാനത്ത് 7 ഹോട്ട്സ്പോട്ടുകള്‍ കൂടി
First Published | Jun 21, 2020, 6:32 PM ISTകേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 1490 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസം കൂടിയാണിന്ന്. 10 ജില്ലകളിലാണ് ഇന്ന് പത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 16 പേര്‍ക്കാണ് പുതുതായി രോഗം പിടിപെട്ടത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഇന്ന് 10 പേര്‍ക്ക് വീതം രോഗം പിടിപെട്ടു. തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 5 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. തൃശ്ശൂര്‍ ജില്ലയിലെ അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ എന്നിവയെയാണ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 109 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,41,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 2050 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 325 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.