Heavy rain in Kerala: നാല് നാള്‍ കൂടി മഴ തുടരും ഇടിമിന്നലും; തെക്കന്‍ - മധ്യ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

First Published | Apr 5, 2022, 9:53 AM IST

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യതയില്ല. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം ഏറിയ കാറ്റും, ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. നാല് ദിവസം കൂടി (എട്ടാം തിയതി വരെ) സംസ്ഥാനത്ത്  ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം നഗരത്തില്‍ മഴ പെയ്തപ്പോള്‍. തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍.

ഇന്നലെ തന്നെ തലസ്ഥാനത്തടക്കം വേനല്‍ മഴ ശക്തമായിരുന്നു. പലയിടങ്ങളിലും കനത്ത നാശ നഷ്ടം റിപ്പോർട്ട് ചെയ്തു. ഇന്ന് തെക്കൻ ആന്തമാൻ കടലിൽ ചക്രവതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നീട് ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ  മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 


പൊതുവിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും മഴ സാഹചര്യം നോക്കി ചില പ്രദേശങ്ങളിൽ ചില ദിവസങ്ങളിൽ വിലക്കുണ്ട്. അതോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. തിരുവനന്തപുരത്തും കൊല്ലത്തും പലയിടത്തും മരം കടപുഴകി വീണു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 

ബംഗാൾ ഉൾക്കടലിൽ കൊമാരിൻ ഭാഗത്ത് നിന്നുള്ള ഈർപ്പം കൂടിയ കാറ്റ് അനുകൂലമായി വന്നതാണ് തെക്കൻ കേരളത്തിലെ അതിശക്തമായ മഴയ്ക്ക് കാരണം. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ മണിക്കൂറുകളോളം നിർത്താതെ പെയ്തു. 

തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. അരുവിക്കര ഡാമിന്‍റെ ഷട്ടർ തുറന്നു.  തിരുവനന്തപുരം കൊട്ടിയത്തറയിൽ മരം വീണ് വീടിന്‍റെ ഒരു ഭാഗം തകർന്നു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു. 

മന്ത്രി ജി.ആർ.അനിലിന്‍റെ ഓദ്യോഗിക വസതിയിലെ പറമ്പില്‍ മരം ഒടിഞ്ഞ് വീണു. കൊല്ലം ചടയമംഗലം കൂരിയോട്ട് വീടിന്‍റെ മുകളിലേക്ക് റബ‍ർ മരങ്ങൾ വീണ് മേൽക്കൂര തകർന്നു. കൊട്ടാരക്കര ഈയം കുന്നിൽ  വീട് തകർന്നു. 

കരവാളൂർ പഞ്ചായത്തിൽ നാല് വീടുകളുടെ മേൽക്കൂരകൾക്ക് കേടുപാടുണ്ടായി. റോഡില്‍ വെള്ളം നിറഞ്ഞത് കാരണം ചാത്തന്നൂർ പാരിപ്പള്ളി ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിട്ടു. എറണാകുളം, തൃശ്ശൂർ, ഇടുക്കി ലോവർ റേഞ്ചിലും ഇന്നോടെ മഴ ശക്തമാകും. 

തെക്ക് - മധ്യ കേരളത്തില്‍ മഴ കനക്കുമെങ്കിലും വടക്കൻ കേരളത്തിൽ മഴ ശുഷ്കമായിരിക്കും. അടുത്ത ദിവസങ്ങളും ഉച്ചയ്ക്ക് ശേഷം സമാനമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകീട്ടോടെ ആന്തമാൻ കടലില്‍ ചക്രവതച്ചുഴി രൂപപ്പെടും. 

ഈ ചക്രവാതച്ചുഴി പിന്നീട് ന്യൂനമർദ്ദമായി മാറും. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുണ്ട്. 60 കി .മീ വരെ വേഗതയിൽ കാറ്റിനും, ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ശക്തമായ കാറ്റുള്ളതിനാല്‍ കടലിൽ പോകുന്ന മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

Latest Videos

click me!