വൃഷ്ടി പ്രദേശത്ത് മഴ; മുല്ലപ്പെരിയാര്‍ തുറന്നു, ആശങ്ക വേണ്ടെന്ന് മന്ത്രി
First Published | Aug 5, 2022, 1:10 PM ISTകേരളത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ് കൂടി. ഇതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്‍റീമീറ്റർ വീതം ഉയര്‍ത്തി സെക്കന്‍റിൽ 534 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ഷട്ടർ തുറക്കുമെന്നാണ് തമിഴ‍്‍നാട് അറിയിച്ചിരുന്നത്. എന്നാൽ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞതോടെ ഷട്ടർ തുറക്കുന്നത് തമിഴ‍്‍നാട് താമസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മണിയോടെയാണ് ഒടുവിൽ ഷട്ടർ തുറന്നത്. മണിക്കൂറിൽ 0.1 ഘനയടി എന്ന തോതിൽ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് 0.05 ഘനയടിയിലേക്ക് താഴ്ന്നതോടെയാണ് ഷട്ടർ തുറക്കുന്നത് തമിഴ‍്നാട് താമസിപ്പിച്ചത്. നേരത്തെ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു. അണക്കെട്ടുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്നും 2018 ലെ അനുഭവം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുക. 534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് ആദ്യം തുറന്ന് വിടുക. രണ്ട് മണിക്കൂർ കഴിഞ്ഞാൽ 1,000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടിവന്നേക്കാമെന്നും മന്ത്രി പറഞ്ഞു. അതിനിടെ നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്ത് നൽകി. കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മഴ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ ജി കെ പി വിജേഷ്, പ്രശാന്ത് ആല്‍ബര്‍ട്ട്, ശ്യാം, അരവിന്ദ് വി.