ആവാസവ്യവസ്ഥ തകര്‍ക്കും ; ഗോള്‍ഡ് ഫിഷിനെ കുളത്തിലോ തടാകങ്ങളിലോ വിടരുതെന്ന് വിദഗ്ദര്‍

First Published | Jul 13, 2021, 4:13 PM IST

നാട്ടിലുള്ളതിനേക്കാള്‍ വിദേശിയെ സ്നേഹിക്കുന്ന പ്രവണത മലയാളിക്കല്‍പ്പം കൂടുതലാണ്. നാടന്‍ നായകളെ അകറ്റിനിര്‍ത്തുന്ന മലയാളി പക്ഷേ, വിദേശയിനം നായകളെ സ്നേഹിക്കാന്‍ മടികാണിക്കാറില്ല. പല മൃഗസംരക്ഷണ സംഘങ്ങളും ഇതിനെ കുറിച്ചുള്ള പരാതികള്‍ തങ്ങളുടെ സാമൂഹ്യമാധ്യമ പേജുകളിലൂടെ നിരന്തരം പങ്കുവെക്കാറുമുണ്ട്. ഏതാണ്ട് ഇതുപോലെ തന്നെയാണ് അലങ്കാര മത്സ്യങ്ങളുടെ കാര്യവും. നാടന്‍ അലങ്കാര മത്സ്യങ്ങളെക്കാള്‍ നമ്മുക്ക് പ്രിയങ്കരം വിദേശയിനം അലങ്കാര മത്സ്യങ്ങളാണ്. എന്നാല്‍ ഇവയെ ഫിഷ് ടാങ്കില്‍ വളര്‍ത്താമെന്നല്ലാതെ പൊതുകുളത്തിലോ നദിയിലോ തടാകങ്ങളിലോ ഉപേക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി ഇപ്പോള്‍ യുഎസ്എയിലെ സംസ്ഥാനമായ മിനിസോട്ട മുനിസിപ്പല്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുകയാണ്. 

വീടുകളില്‍ വളര്‍ത്തുന്ന ഗോള്‍ഡ് ഫിഷിനെ കുളങ്ങളിലേക്കും തടാകങ്ങളിലേക്കും വിടരുതെന്ന് മിനിസോട്ട മുനിസിപ്പല്‍ ഭരണകൂടം തങ്ങളുടെ സാമൂഹ്യമാധ്യമ പേജ് വഴിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിന് കാരണമായി പറയുന്നതാകട്ടെ, നിങ്ങള്‍ കരുതുന്നതിനെക്കാള്‍ കൂടുതല്‍ വലുപ്പതില്‍ അവ വളരുമെന്നും ഇത് ജലാശയത്തിന്‍റെ ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണമാകുമെന്നുമാണ്.
തടാകത്തിലെ ആക്രമണാത്മക ഗോൾഡ് ഫിഷുകളുടെയും മറ്റ് മത്സ്യങ്ങളുടെയും ജനസംഖ്യ വിലയിരുത്തുന്നതിനായി കെല്ലർ തടാകത്തിൽ നടത്തിയ മീനുകളുടെ കണക്കിടുപ്പില്‍ തടാകത്തില്‍ വലിയ ഗോള്‍ഡ് ഫിഷുകളെ കണ്ടെത്തിയെന്ന് പ്രാദേശിക ഭരണകൂടം അവകാശപ്പെടുന്നു. മാത്രമല്ല ഇവ തടാകത്തിലെ ചെറു സസ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നത് കൊണ്ട് തടാകത്തിലെ ഗുണനിലവാരം തകര്‍ത്ത് ആവസവ്യവസ്ഥ തന്നെ മാറിപ്പോയെന്നും പറയുന്നു.

നിങ്ങളുടെ വളർത്തുമൃഗങ്ങളായ ഗോൾഡ് ഫിഷിനെ തടാകത്തിലോ കുളത്തിലോ വിടുന്നതിനുപകരം, ഉത്തരവാദിത്തമുള്ള ഒരു സുഹൃത്തിനോടോ അയൽക്കാരനോ പരിപാലിക്കാൻ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ പുതിയൊരു ഫിഷ് ടാങ്ക് സംഘടിപ്പിക്കുകയോ വേണമെന്നും മിനിസോട്ടയിലെ മുനിസിപ്പല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. സിറ്റി ഓഫ് ആപ്പിൾ വാലി, എംഎൻ, കാർപ് സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് കണക്കെടുപ്പ് നടത്തിയത്.
കഴിഞ്ഞ നവംബറിൽ കാർവർ കൗണ്ടിയിലെ ഉദ്യോഗസ്ഥർ 50,000 സ്വർണ്ണമത്സ്യങ്ങളെ പ്രാദേശിക ജലാശയങ്ങളില്‍ നിന്ന് നീക്കം ചെയ്തെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തടാകങ്ങളുടെ ജൈവീകമായ ആവാസവ്യവസ്ഥയെ ഗോള്‍ഡ് ഫിഷ് ഇല്ലാതാക്കുമെന്ന് കൌണ്ടി വാട്ടർ മാനേജ്‌മെന്‍റ് മാനേജർ പോൾ മോളിൻ പറഞ്ഞു.
“കുറച്ച് സ്വർണ്ണമത്സ്യങ്ങൾ പ്രാദേശിക ജലാശയത്തിന് ദോഷകരമല്ലാത്തത് പോലെ തോന്നിയേക്കാം - പക്ഷേ അവ അങ്ങനെയല്ല,” മിനസോട്ട പ്രകൃതിവിഭവ വകുപ്പും മുന്നറിയിപ്പ് നല്‍കുന്നു.
അക്വേറിയം വളർത്തുമൃഗങ്ങൾ നടത്തിയ പാരിസ്ഥിതിക നാശം പുതിയ കാര്യമല്ല. 1982-ൽ ആൻഡ്രൂ ചുഴലിക്കാറ്റിന് ശേഷം ഫ്ലോറിഡയിലെ വളർത്തുമൃഗങ്ങളെ ഉടമകൾ മോചിപ്പിച്ചു. ഇതിന്‍റെ ഫലമായി പുഴകളിലും മറ്റും എത്തപ്പെട്ട മാംസഭോജികളായ സിംഹ മത്സ്യം ഡസൻ കണക്കിന് കരീബിയൻ ജലജീവികളെയാണ് കൊന്നൊടുക്കിയത്.
വിർജീനിയ, വാഷിംഗ്ടൺ സംസ്ഥാനങ്ങളിലും ഓസ്ട്രേലിയയിലും കാനഡയിലും ഗോള്‍ഡന്‍ ഫിഷുകളെ ജലാശയങ്ങളില്‍ തുറന്ന് വിടരുതെന്ന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. “ആഗോളതലത്തിൽ, ലോകത്തിലെ ഏറ്റവും മോശം ജല-ആക്രമണാത്മക ഇനങ്ങളിൽ മൂന്നിലൊന്നും അക്വേറിയം വ്യാപാരം സംഭാവന ചെയ്തതാണെന്ന് കാലിഫോർണിയയിലെ അക്വേറിയം വ്യാപാരത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തയാള്‍ പറയുന്നു.
വിർജീനിയയിലെ വന്യജീവി ഉദ്യോഗസ്ഥർ അടുത്തിടെ നല്‍കിയ മുന്നറിയിപ്പും മറ്റൊന്നല്ല. “വളർത്തുമൃഗങ്ങളുടെ ഉടമസ്ഥർ ഒരിക്കലും അവരുടെ ജലജീവികളെ കാട്ടിലേക്ക് വിടരുത്” എന്നാണ്. ഗോൾഡ് ഫിഷ് പ്രശ്നം “ഭയപ്പെടുത്തുന്നതാണ്” ഇത്തരം മത്സ്യങ്ങളെ കുറിച്ച് പഠിക്കുന്ന വിദഗ്ദരും പറയുന്നു.
കേരളത്തിലെ ഇത്തരം അധിനിവേശ സ്വഭാവമുള്ള മൃഗങ്ങളെയും സസ്യങ്ങളെയും പട്ടിക തിരിച്ച് പഠിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും എന്നാല്‍ ഇതുവരെയ്ക്കും ഗോള്‍ഡന്‍ ഫിഷില്‍ ഇത്തരമൊരു സ്വഭാവം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കെഎഫ്ആര്‍ഐ ശാസ്ത്രജ്ഞനായ ഡോ.ടി വിസജീവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!