കണ്ണൂര്‍ പിണറായിലെ പാറപ്രത്ത് 1939 ഡിസംബറില്‍ നടത്തിയ പിണറായി-പാറപ്രം സമ്മേളനം പുനരാവിഷ്‌കരിച്ചത് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍ സന്ദര്‍ശിക്കുന്നു. ഈ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന ഘടകം ഔപചാരികമായി രൂപീകരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ചേര്‍ന്ന് പി കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് സമ്മേളനം നടത്തിയത്.
പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിരിക്കുന്ന റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രപ്രദര്‍ശനം. സര്‍ രാജഭരണത്തെ തൂത്തെറിഞ്ഞ് റഷ്യന്‍ വിപ്ലവത്തിലൂടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അധികാരത്തിലെത്തിച്ച ചരിത്രം ചരിത്ര ഫോട്ടോകളിലൂടെ വര്‍ഷാടിസ്ഥാനത്തില്‍ വിവരണത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഇന്ത്യ, ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായതിന് ശേഷമുള്ള ആദ്യ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റു. അന്ന് പാര്‍ലമെന്‍റില്‍ 489 സീറ്റില്‍ 364 ലും ജയിച്ച് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി ജവഹര്‍ലാല്‍ നെഹ്റുവിനെയാണ് നിര്‍ദ്ദേശിച്ചത്.
37 സ്വതന്ത്രര്‍ കൂടി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നപ്പോള്‍ പ്രധാന പ്രതിപക്ഷമായിരുന്ന സിപിഐയ്ക്ക് ( Communist Party of India) 16 ഉം എസ്പി ( Socialist Party (India)യ്ക്ക് 12 പേരാണ് ഉണ്ടായിരുന്നത്. അങ്ങനെ പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഐ, തങ്ങളുടെ നേതാവായിരുന്ന എ കെ ഗോപാലന്‍ ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചരിത്രത്തോടൊപ്പം, ലോകത്തിന് കമ്മ്യൂണിസ്റ്റ് ആശയം സമ്മാനിച്ച മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരുടെ ശിൽപ്പങ്ങള്‍ ഉൾപ്പെടെ സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മുന്നേറ്റത്തിന്‍റെ ഭാഗമായുള്ള സംഭവങ്ങളുടെ ഒരു നീണ്ട നിരതന്നെ പ്രദർശനത്തിലുണ്ട്.
ഇന്ന് കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കയ്യൂരില്‍ 1943 മാര്‍ച്ച് 28 ന് ഒരു സംഘം കര്‍ഷക തൊഴിലാളികള്‍ സംഘടിക്കുന്നതിനിടെയില്‍ വന്നുപെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ സുബ്രായന്‍ രക്ഷപ്പെടാനായി കയ്യൂര്‍ പുഴയില്‍ ചാടിയെങ്കിലും അയാള്‍ക്ക് നീന്തി രക്ഷപ്പെടാനായില്ല. ഈ കേസില്‍ 61 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ, ചൂരിക്കാടൻ കൃഷ്ണൻനായർ എന്നിവര്‍ക്ക് ബ്രിട്ടീഷ് കോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെ വെറുതെ വിട്ടു. ശിക്ഷ വിധിക്കപ്പെട്ടവര്‍ കഴുമരത്തിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്ന ശില്പവും പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്.
1971 ഡിസംബര്‍ മാസത്തില്‍ സ്വാതന്ത്രാനന്തരം കേരളത്തില്‍ ആദ്യമായി വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. തലശ്ശേരി കലാപം എന്നറിയപ്പെട്ട ഈ കലാപത്തില്‍ ആര്‍എസ്എസിനുള്ള പങ്ക് ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ പ്രത്യേകം എടുത്ത് കാട്ടി. അതോടൊപ്പം കലാപം നിയന്ത്രിക്കുന്നതില്‍ സിപിഎം നേതാക്കളുടെ പങ്കും കമ്മീഷന്‍ പ്രത്യേകം സൂചിപ്പിക്കുന്നു. കലാപം തടയാനായ തലശ്ശേരിയിലെത്തിയ എ കെ ഗോപാലന്‍, ജീപ്പിന് മുകളില്‍ കയറി നിന്ന് ആളുകളോട് സംസാരിക്കുമ്പോള്‍ ജീപ്പിന് സമീപത്ത് പിണറായി വിജയനും.
ദേശീയ മുന്നേറ്റങ്ങളുടെ ചരിത്രവും വർത്തമാനവും പുതു തലമുറയിലേക്കുകൂടി എത്തിക്കാനുതകുന്ന നിലയിലുള്ള ആവിഷ്കാരം പ്രദർശനത്തിന്‍റെ സവിശേഷതയാണ്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഓർമപ്പെടുത്തലും പ്രദര്‍ശനത്തിനുണ്ട്.
കർഷകത്തൊഴിലാളി പ്രസ്ഥാനത്തെ തകർക്കുന്നതിന് തമിഴ്നാട്ടിലെ കീഴ്‌വെണ്‌മണിയിൽ ജന്മികൾ തൊഴിലാളികളെ തീവച്ച് കൊലപ്പെടുത്തിയ ഹൃദയഭേദക ദൃശ്യങ്ങളും അടുത്തകാലത്ത് രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷക പ്രക്ഷോഭവും പ്രദർശനത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം പ്രവാസി സംഗമവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു. അതോടൊപ്പം മെഗാ ക്വിസ് മത്സരവും ഉണ്ടായിരിക്കും. പാര്‍ട്ടി കോണ്‍ഗ്രസിനനുബന്ധിച്ച് നടത്തുന്ന അന്താരാഷ്ട്രാ പുസ്തകമേള ടി പത്മനാഭനാണ് ഉദ്ഘാടനം ചെയ്തത്.