രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ജാഗ്രത കൂട്ടാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നല്‍കി. കേരളത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീർത്ഥാടന യാത്രകൾ നടക്കുന്ന സ്ഥലങ്ങളിൽ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക, വാക്സിനേഷൻ സ്വീകരിച്ചവരാണോയെന്ന് പരിശോധിക്കുക, തീർത്ഥാടന കേന്ദ്രങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്.
രോഗവ്യാപനം ശക്തമായ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിച്ചിരിക്കണം.
മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിലും സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു.
മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പൊലീസ് നേരത്തെ പിഴ ഈടാക്കിയിരുന്നു. മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്കെതിരെ പിഴ നടപടികള്‍ പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം. രോഗവ്യാപനം കുറഞ്ഞപ്പോള്‍ നിയന്ത്രണങ്ങളിലും ഇളവ് വന്നിരുന്നു. ഇതേ തുടര്‍ന്ന് മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അലകം പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ നിന്നും ജനങ്ങളും ഇവ ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാരും പിന്നോക്കം പോയി.
സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് ശേഷം കൊവിഡ് കേസുകൾ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. മിനിയാന്ന് 2,994 പേർക്കാണ് സംസ്ഥാന് കൊവിഡ് സ്ഥിതീകരിച്ചതെങ്കില്‍ ഇന്നലെ മാത്രം ഇത് ഇരട്ടിയോളമായി. 4,459 പേർക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സംസ്ഥനത്ത് സ്ഥിരീകരിച്ചു. മിനിയാന്ന് 12 മരണമാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും (1081) എറണാകുളത്തും (1162) പ്രതിദിനം ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 2 മരണവും എറണാകുളത്ത് 3 മരണവും രേഖപ്പെടുത്തിയപ്പോള്‍ കോഴിക്കോട് ജില്ലയില്‍ 5 മരണമാണ് രേഖപ്പെടുത്തിയത്.
കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76 (മരണം 2), കോട്ടയം 445 (മരണം 2), ആലപ്പുഴ 242 (മരണം 1), തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223, വയനാട് 26, കണ്ണൂര്‍ 86, കാസര്‍കോട് 19 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. മിനിയാന്ന് തിരുവനന്തപുരത്ത് 782 കേസുകളും എറണാകുളത്ത് 616 കേസുകളുമാണ് സ്ഥിതീകരിച്ചിരുന്നത്.
ആഴ്ചകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ കൊവിഡ് കണക്കുകളില്‍ ഇത്രയേറെ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം മണ്‍സൂണ്‍ മഴയിലുണ്ടാകുന്ന ഏറ്റകുറച്ചിലുകളെ തുടര്‍ന്ന് സംസ്ഥാനത്ത് പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തുന്നത്.
അതിനിടെ എറണാകുളത്തും തിരുവന്തപുരത്തും മാറാതെ നില്‍ക്കുന്ന ഡങ്കിപ്പനിയുടെ സാന്നിധ്യവും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇടുക്കിയിൽ തക്കാളിപ്പനി (tomato fever) വ്യാപിക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് നിലവില്‍ ഡ്രൈഡേ ദിനാചരണങ്ങള്‍ എങ്ങുമെത്തിയിട്ടില്ലെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.
ലോകത്ത് കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയ കാലം മുതല്‍ രോഗബാധിതരുടെ കണക്കുകള്‍ പിന്തുടരുന്ന വേള്‍ഡോ മീറ്റര്‍സിന്‍റെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെയായി 55,08,62,362 പേര്‍ക്കാണ് ഇതുവരെയായി കൊവിഡ് ബാധിച്ചത്. 63,54,116 മരണവും രേഖപ്പെടുത്തിയപ്പോള്‍ 52,64,67,352 പേര്‍ക്ക് രോഗം ഭേദമായെന്നും കണക്കുകള്‍ പറയുന്നു.