ഹവുലത്തിന് വയസ്സ് 55 ആയി. ജീവിതത്തില്‍ ഒരു കാലത്തും അവര്‍ നല്ലകാലമെന്താണെന്ന് അറിഞ്ഞിട്ടില്ല. അർബുദം ബാധിച്ച് ഭർത്താവ് മാഹീൻ മരിച്ചിട്ട് വര്‍ഷങ്ങളായി. അതില്‍ പിന്നെ മാനസിക വൈകല്യമുളള മകന്‍റെ സംരക്ഷണവും കുടുംബവും ഹവുലത്തിന്‍റെ ഒരാളുടെ ചുമതലയിലായി. മകന് മാനസീക പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഡോക്ടറെ കാണിക്കണം. ചികിത്സിക്കണം, മരുന്ന് വേണം. ഇതിനെല്ലാം കാശും വേണം. പക്ഷേ ഏറെ ആരോഗ്യപ്രശ്നങ്ങളുള്ള അമ്പത്തിയഞ്ച് വയസുള്ള താന്‍ ഇനിയെന്ത് ചെയ്യുമെന്നാണ് ഹവുലത്ത് ചോദിക്കുന്നത്.
കോവളം തോപ്പിൻ പുരയിടത്തിലെ സര്‍ക്കാര്‍ പുറമ്പോക്കായ ചരുവിലെ ആദ്യ കുടില്‍ നൂർജഹാന്‍റെതാണ്. രണ്ട് മക്കളുണ്ട്. പ്ലസ്ടുവിനും പത്തിലും പഠിക്കുന്നവരാണ്. ഞെരുങ്ങിയ ഷെഡിൽ കുട്ടികള്‍ക്ക് തന്നെ കിടക്കാൻ പോലും പറ്റില്ലെന്ന് നൂർജഹാൻ പറഞ്ഞു. അടച്ച് പൂട്ടലിനെ തുടര്‍ന്ന് രണ്ട് കുട്ടികളുടെ പഠനവും മുടങ്ങി. നേരത്തെ ഡ്രസും പുസ്തകവും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്കൂളിലേക്ക് കുട്ടികളെ അയച്ചാല്‍ മതി. എന്നാല്‍ അടച്ച് പൂട്ടല്‍ വന്നതോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ മൊബൈലും പിന്നെ കറന്‍റും വേണം. അതിന് പണം വേണം, ജോലി വേണം. അടച്ച് പൂട്ടലോടെ ഭര്‍ത്താവിന്‍റെ കൂലിപ്പണിയും പോയി. പലപ്പോഴും വീട്ടില്‍ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിലാണെന്ന് തൊണ്ടയിടറി നൂര്‍ജഹന്‍ പറയുന്നു.
തൊട്ട് താഴത്ത നിരയിലിലെ കുടിലില്‍ മീൻപിടിത്ത തൊഴിലാളിയായ ബഷീറും ഭാര്യ ജമീലയുമാണ്. അച്ഛനും അമ്മയും ഉപേക്ഷിച്ച് പോയതിനെ തുടർന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന ചെറുമകളുടെ സംരക്ഷണവും ഈ വൃദ്ധ ദമ്പതികളുടെ ചുമതലയാണ്. ഒൻപത് വയസ്സാണ് അവള്‍ക്ക്. ആകെയുള്ളത് മൂന്ന് ജോടി വസ്ത്രങ്ങള്‍ മാത്രം. അടച്ച് പൂട്ടലിന് മുമ്പ് അവള്‍ വെങ്ങാനൂർ ഗവ.മോഡൽ സ്കൂളില്‍ പോയിരുന്നു. അടച്ച് പൂട്ടില്‍ പ്രഖ്യാപിച്ചതോടെ അത് നിന്നു. കൂടെ പഠനവും. പ്രായാധിക്യം കാരണം വല്ലപ്പോഴുമേയുളളൂ ബഷീര്‍ മീൻപിടിത്തത്തിന് പോകാറുള്ളൂ. ഈ ഒറ്റമുറി ഷെഡിലെ ദുരിതത്തില്‍ അവളും ' ഞങ്ങൾക്കൊപ്പം ' കഴിയുകയാണെന്ന് ജമീല പറഞ്ഞു.
തൊട്ടടുത്ത വീട്ടിലെ ബുഷ്‌റയ്ക്കും പറയാന്‍ സങ്കടങ്ങളേയുള്ളൂ. പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകളുണ്ട്. വളര്‍ന്നുവരുന്നത് ഒരു പെണ്‍കുട്ടിയായതിനാല്‍ ഭർത്താവ് പണം കടമെടുത്ത് കട്ടക്കെട്ടി ഒറ്റമുറി ഷെഡ് കെട്ടിയിട്ടുണ്ട്. കറന്‍റോ ഫോണോ ഇല്ലാത്തതിനാല്‍ വിദ്യാഭ്യസ സൌകര്യം അവള്‍ക്ക് കൊടുക്കാന്‍ കഴിയുന്നില്ലെന്നും ബുഷ്റ പറഞ്ഞു. മീൻപിടിത്തം വല്ലപ്പോഴുമുളളതിനാൽ ഭര്‍ത്താവ് വാടകയ്ക്ക് ഓട്ടോ റിക്ഷയെടുത്ത് ഓടിയിരുന്നു. എന്നാല്‍ നാട് അടച്ച് പൂട്ടാന്‍ തുടങ്ങിയതോടെ ജീവിതത്തിന്‍റെ താളവും തെറ്റിയെന്ന് ബുഷ്റ പറയുന്നു.
ഹവുലത്തും, നൂര്‍ജഹാനും ജമീലയും ബുഷ്റയും പോലെ പതിനാറോളം കുടുംബങ്ങളാണ് കോവളം തോപ്പിൻ പുരയിടത്തിലെ സര്‍ക്കാര്‍ പുറമ്പോക്കില്‍ ജീവിക്കുന്നുന്നത്. കുടുംബങ്ങിലെ മിക്ക പുരുഷന്മാര്‍ക്കും മീന്‍പിടിത്തമായിരുന്നു തൊഴില്‍. മീന്‍ കിട്ടാതാകുമ്പോള്‍ കൂലിപ്പണിക്ക് പോയി. സ്ത്രീകളില്‍ ചിലര്‍ വീട്ടുവേലയ്ക്കും പോയിട്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അടച്ച് പൂട്ടലിലെ തുടര്‍ന്ന് ഇവര്‍ തീര്‍ത്തും ഒറ്റപ്പെടുത്തപ്പെട്ടു. മിക്ക കുടുംബങ്ങള്‍ക്കും വരുമാനമില്ലാതായി. ഇവിടെ അടുപ്പുകള്‍ പലതും പുകഞ്ഞില്ല.
ദുരിതങ്ങള്‍ക്ക് മേലെ ദുരിതങ്ങളാണ് ജീവിതത്തില്‍ ഉടനീളമുണ്ടായിരുന്നതെന്ന് അവരോരുത്തരും പറയുന്നു. കുന്നിൻ ചരിവിലെ കാടും പടർപ്പും പടർന്ന് കിടക്കുന്ന സ്ഥലത്താണ് ഈ കുടുംബങ്ങൾ കഴിയുന്നത്. നാല് ചാൺ വീതിയുളള വഴിയിലൂവേണം ഇവർക്ക് വീടുകളിലെത്താന്‍. സ്വന്തമായി ഭൂമിയില്ലാത്തവരായ ഇവർ പലയിടങ്ങളിലും നേരത്തെ വാടയ്ക്ക് താമസിച്ചിരുന്നവരാണ്. തൊഴിൽ ചെയ്ത് കിട്ടുന്ന വരുമാനം വാടകകൊടുക്കാൻ കഴിയാതെ വന്നപ്പോഴാണ് ഈ കുടുംബങ്ങൾ സുരക്ഷിതത്വമില്ലാത്തതും അപകടമേഖലയുമായ കോവളത്തിനടുത്തുളള തോപ്പിൻ പുരയിടത്തിലെ സര്‍ക്കാര്‍ പുറമ്പോക്കില്‍ കുടിലുകെട്ടിയത്.
ആക്രികടകളിൽ നിന്ന് വാങ്ങിയ വിളളൽ വീണ തകര ഷീറ്റുകളുടക്കിയാണ് പലരും വീടിന് മറതീർത്തിരിക്കുന്നത്. ചിലര്‍ മേൽക്കൂരകൾക്ക് ടാർപോളിൻ ഷീറ്റ് വലിച്ച് കെട്ടിയിട്ടുണ്ട്. ഒറ്റമുറി ഷെഡിനെ കിടപ്പ് മുറിയും അടുക്കളയുമായാണ് തിരിച്ചിരിക്കുന്നത്. ഒരു കട്ടിലിടാനുളള സ്ഥലം മാത്രമേ പലര്‍ക്കുമൊള്ളൂ. വീടുകള്‍ കുന്നിന്‍ ചെരുവിലായതിനാല്‍ മഴ ഒന്ന് പെയ്താല്‍ വെള്ളം കുടിലിനകത്ത് എത്തും. മഴക്കാലമായാല്‍ രാവും പകലും കാവലിരിക്കണം. സര്‍ക്കാര്‍ പുറമ്പോക്കിന് ചുറ്റുമുള്ള സ്വകാര്യവ്യക്തികളുടെ പറമ്പുകള്‍ കാട് പിടിച്ച് കിടക്കുന്നതിനാല്‍ ഇഴജന്തുക്കളും നിത്യ സന്ദര്‍ശകരാണ്. രോഗികളും വൃദ്ധരും വിധവകളും കൊച്ചു കുട്ടികളുമടങ്ങുന്ന ഇവരുടെ ജീവിതം സത്യത്തില്‍ അടച്ച് പൂട്ടപ്പെട്ടിരിക്കുന്നു. വൃദ്ധരുടെയും രോഗികളുടെയും മരുന്നുകള്‍ മുടങ്ങി. കുട്ടികള്‍ക്ക് നല്ല വസ്ത്രങ്ങളില്ല, പഠനസൌകര്യങ്ങളില്ല, ജോലിയില്ല. നല്ലൊരു കാറ്റില്‍ പറന്ന് പൊങ്ങാവുന്ന, മഴയില്‍ ചോര്‍ന്നൊലിക്കുന്ന തകരഷീറ്റിന്‍റെ മേല്‍ക്കൂരയ്ക്ക് താഴെ നാളെയെന്തെന്നറിയാതെ ആ പതിനാറ് കുടുംബങ്ങള്‍ നില്‍ക്കുന്നു. കരുതലില്ലാതെ , ഒപ്പം ആരൊക്കെയുണ്ടെന്നറിയാതെ ...കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona