ഭാഗ്യം വന്നതും പോയതുമായ വഴികള്‍; അഞ്ചൂറ് ക്ലബ്ബ് ട്രോളുകള്‍ കാണാം

First Published | Sep 19, 2022, 11:15 AM IST

ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വിശ്വാസിക്കാത്ത ആരാണ് ഉള്ളത്. പ്രത്യേകിച്ചും സാമ്പത്തികമായി ആകെ പെട്ട് കിടക്കുമ്പോള്‍, സര്‍ക്കാറിന്‍റെ അംഗീകാരത്തോടെ നികുതി അടച്ച് നിയമവിധേയമായി കുറച്ചേറെ പണം കൈയില്‍ കിട്ടായാല്‍ ആര്‍ക്കാണ് സന്തോഷമാകാത്തത്?  ലോക ചരിത്രത്തിലാദ്യമായി ഒരു ഭരണകൂടം ജനങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പരീക്ഷിക്കാനൊരുങ്ങിയപ്പോള്‍ കേരളത്തില്‍ ലോട്ടറി ടിക്കറ്റുകള്‍ പിറവി കൊണ്ടു. സര്‍ക്കാറിനെ സംബന്ധിച്ചും ഇതൊരു വരുമാന മാര്‍ഗ്ഗമാണെന്ന് വിറ്റുപോയ ടിക്കറ്റുകളില്‍ നിന്നും ലഭിച്ച വരുമാന കണക്കുകള്‍ കാണിക്കുന്നു. അങ്ങനെ, വര്‍ഷത്തിലൊരിക്കല്‍ തന്‍റെ പ്രജകളെ കാണാന്‍ മഹാബലി കേരളത്തിലെത്തുമ്പോള്‍, അതിലൊരു ഭാഗ്യവാനെ തേടി കോടികളെത്തുന്നു. 'അഞ്ചൂറ് വച്ചാല്‍ ഇരുപത്തഞ്ച് കോടി' എന്നതാണ് ഓണം ബമ്പറിന്‍റെ "കുലുക്കിക്കുത്ത്" മാര്‍ക്കറ്റിങ്ങ് തന്ത്രം. ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വിറ്റ് പോകുമ്പോള്‍ ഒരാളാണ് ഭാഗ്യവാനായി തീരുന്നത്. കാണാം അഞ്ചൂറ് വച്ച് അഞ്ചൂറും പോയ ട്രോളുകള്‍. 

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ സ്വപ്നം കണ്ട് , ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തേടി, പട്ടി കടി കൊള്ളാതെ, റോഡിലെ കുഴികള്‍ താണ്ടി, ജനമെത്തിയപ്പോള്‍ വിറ്റ് പോയത് 66.5 ലക്ഷം ടിക്കറ്റുകള്‍. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകള്‍ വിറ്റിടത്താണ് 10 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഈ വര്‍ഷം അധികമായി വിറ്റത്. 

ആകെ 67 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിറക്കിയത്. ലഭിക്കുന്ന തുകയുടെ വലിപ്പം തന്നെയാണ് ടിക്കറ്റ് വില്‍പ്പനയെ ഇത്രയും വിജയത്തിലെത്തിച്ചതും. 25 കോടിയില്‍ എല്ലാ നികുതിയും കഴിച്ച് ഒന്നാം സമ്മാനമടിച്ച ഭാഗ്യവാന് കയ്യിൽ കിട്ടുന്നത് 15.75 കോടി രൂപ.


രണ്ടാം സമ്മാനം 5 കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക്. 9 പേര്‍ക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവുമുണ്ട്. അങ്ങനെ ആകെ 126 കോടി രൂപയുടെ സമ്മാനങ്ങളും കൊണ്ടാണ് ഓണം ബമ്പര്‍ ഇത്തവണ കടന്ന് പോയത്. 

66.5 ലക്ഷം ഭാഗ്യാന്വേഷികള്‍ കളത്തിലിറങ്ങിയിട്ടും ആകെ സമ്മാനം ലഭിച്ചത് വിരലിലെണ്ണാവുന്ന ആളുകള്‍ക്ക്. പക്ഷേ, ഇതിലൊന്നും തളരേണ്ടതില്ല രാമന്‍കുട്ടിയെന്നാണ് ട്രോളന്മാരുടെ ഉപദേശം. ഓണം ബമ്പര്‍ കിട്ടിയില്ലേല്‍ ക്രിസ്മസ് ബമ്പര്‍. അല്ല, പിന്നെ.. ഞങ്ങളെ തോല്‍പ്പിക്കാനാകില്ലെ മക്കളെയെന്ന് പറയുന്നവരും കുറവല്ല. 

ഇതിനിടെ പുതിയൊരു ക്ലബ് തുടങ്ങി. പണ്ട് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരെ അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന സിപിഎം നടത്തിയ  "എന്‍റെ അഞ്ചൂറ്" ക്യാമ്പൈനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പുതിയ ക്യാമ്പൈന്‍. നഷ്ടപ്പെടുന്നവന്‍റെ വേദന, നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ അറിയൂ എന്നാണ് ട്രോളന്മാരും പറയുന്നത്. 

അങ്ങനെ, അഞ്ചൂറ് പോയവരാരൊക്കെ എന്ന അന്വേഷണം ചെന്നെത്തിയതാകട്ടെ, രാവിലെ ഇറച്ചി വാങ്ങാനായി അച്ഛന്‍ കൊടുത്ത പൈസയ്ക്ക് ബമ്പറെടുത്തവനും, കടം വാങ്ങി ബമ്പര്‍ എടുത്തവനും, ഇഎംഐ അടയ്ക്കാന്‍ വച്ച പൈസയ്ക്ക് ബമ്പര്‍ എടുത്തവനും മറ്റുമായിരുന്നു. 

ആ കൈവിട്ട അഞ്ചൂറിന് എത്ര പരിപ്പ് വടകള്‍ കിട്ടുമായിരുന്നുവെന്ന് കണക്ക് കൂട്ടുകയായിരുന്നു മറ്റ് ചിലര്‍. വേറെ ചിലര്‍ രണ്ട് തവണ ഓണം ബമ്പര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് അടിച്ചതെന്ന് കണ്ടെത്തി. അതിന്‍റെ പേരില്‍ പുതിയ ഓട്ടോ വാങ്ങാനുള്ള ഓട്ടത്തിലാണെന്നാണ് ട്രോളന്മാരുടെ നിരീക്ഷണം.

മറ്റ് ചിലരുടെ വേദന ഓണം ബമ്പറടിച്ചാല്‍ എങ്ങനെ 10 കോടി ടാക്സ് കൊടുക്കുമെന്നായിരുന്നു. എല്‍ഐസി, ബാങ്ക്, സംഭാവനക്കാര്‍, ബന്ധുക്കള്‍, കടം ചോദിച്ച് വരുന്നവര്‍ എന്നിവരെ കൊണ്ട് പൊറുതി മുട്ടി, നിര്‍ത്താതെ ഓടുന്ന ആ ബമ്പറടിക്കാരനെ കുറിച്ചായിരുന്നു ചിലരുടെ ആശങ്ക. 

ഓര്‍മ്മയുടെ അരികില്‍ പോലുമില്ലാത്ത കൂട്ടുകാരൊക്കെ ബമ്പര്‍ ഭാഗ്യവാനെ തേടി വീട്ടിലെത്തുന്ന കാഴ്ചകളും കുറവല്ലായിരുന്നു. ബമ്പറ് അടിച്ചതിന് ശേഷം മനസമാധാനം പോയ ഭാഗ്യവാനെയും ചില ട്രോളന്മാര്‍ ഓര്‍ത്തെടുത്തു. 

ഇത്തവണ ടിക്കറ്റെടുക്കണം... ടിക്കറ്റെടുക്കണം... എന്നോര്‍ത്തോര്‍ത്തിരുന്ന് ഓടുവില്‍ റിസല്‍ട്ട് വന്നപ്പോള്‍ " ആ ശോടാ, ടിക്കറ്റ് എടുത്തില്ലല്ലോ" എന്ന് നിരാശപ്പെടുന്നവരും കുറവല്ലായിരുന്നു. 

കാറിന്‍റെ ബമ്പര്‍ ഇടിച്ചെന്ന് വീട്ടില്‍ വിളിച്ച് പറഞ്ഞ്, തിരിച്ച് വീട്ടിലെത്തുമ്പോള്‍ 'ബമ്പറ് അടിച്ച' ആളെ കാണാനെത്തിയ കാഴ്ചകളും ട്രോളന്മാരുടെ ഭാവനയില്‍ വിരിഞ്ഞു. അഞ്ചൂറ് രൂപ പോയവരുടെ ഇടയിലേക്ക് അര്‍മ്മാദിച്ചെത്തുന്ന ടിക്കറ്റെടുക്കാത്തവരും കുറവല്ലായിരുന്നു. 

ഇനി ബമ്പര്‍ അടിച്ച അനൂപിനെന്ത് പറയാനാണ് ഉള്ളതെന്ന് നോക്കാം. ലോട്ടറിയടിച്ച സന്തോഷത്തെ കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ അനൂപിനോട് ചോദിച്ചത്. എന്നാല്‍ മറുപടി എല്ലാ ലോട്ടറി ഭാഗ്യവാന്മാര്‍ക്കും പറയാനുള്ളത് തന്നെയായിരുന്നു. 

അത് ഇങ്ങനെയായിരുന്നു" 'ഏജന്‍സിയില്‍ വെച്ച് തന്നെ കുറെ ആള്‍ക്കാര്‍ പണം ചോദിക്കാന്‍ തുടങ്ങിയിരുന്നു. കുറെ ആളുകള്‍ വിളിച്ചിട്ട് വീട്ടിലേക്ക് വരാം, സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോള്‍ ടെന്‍ഷനുണ്ട്. ഇനി ബന്ധുക്കളൊക്കെ പിണങ്ങാന്‍ തുടങ്ങും. എത്ര കൊടുത്താലും ആളുകള്‍ക്ക് പറച്ചില് വരും. ഇപ്പോ എല്ലാവരും സ്നേഹത്തിലാണ്, ഇനിയത് മാറും'. അനൂപ് തന്നെ പറയുന്നു. 

ഭാഗ്യദേവത കൈയിലേക്ക് കയറി വരുമ്പോള്‍ മനസമാധാനം നഷ്ടമാകുമെന്നതിന് മറ്റൊരു ഉദാഹരണം വേണ്ട. ഹോട്ടൽ ജോലി ചെയ്തും ഓട്ടോ ഓടിച്ചുമാണ് അനൂപ് കുടുംബം നോക്കിയിരുന്നത്. വിദേശത്തേക്ക് പോകാൻ സഹകരണ ബാങ്കിൽ നിന്ന് ഇന്നലെ പാസായ അഞ്ച് ലക്ഷത്തിന്‍റെ വായ്പ, ലോട്ടറി അടിച്ചതോടെ അനൂപ് വേണ്ടെന്ന് പറഞ്ഞു. 

മകന്‍റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ചെടുത്ത കാശ് കൊണ്ടാണത്രേ ഭാഗ്യം കൊണ്ട് വന്ന ടിക്കറ്റ് അനൂപ് എടുത്തത്. എന്തായാലും സമ്മാനം അടിച്ചതറിഞ്ഞ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയിരിക്കുകയാണ് അനൂപും കുടുംബവും. ഹോട്ടൽ ജോലി ചെയ്തും ഓട്ടോ ഓടിച്ചുമാണ് അയാള്‍ ഇതുവരെ കുടുംബം നോക്കിയിരുന്നത്. 

ഹോട്ടൽ ബിസിനസ് നടത്തി ഭാര്യ മായക്കും മകൻ അദ്വൈതിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം നാട്ടിൽ തന്നെ കൂടാനാണ് അനൂപിന്‍റെ പദ്ധതി. കൈവന്ന ഭാഗ്യം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കൈവിട്ട് പോകുമെന്ന ഉപദേശവുമായി തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലനെ പോലെയുള്ള പഴയ ലോട്ടറി വിജയികളും രംഗത്തെത്തി. 

ഇതിനിടെ മഞ്ചേരിയില്‍ നിന്നും മറ്റൊരു വാര്‍ത്തയെത്തി. മഞ്ചേരിയിൽ ഒന്നാം സമ്മാനം കിട്ടിയ കേരള ഭാഗ്യക്കുറിയുടെ നിര്‍മല്‍ ലോട്ടറി ടിക്കറ്റ് എടുത്തിരുന്ന ആളുടെ അടുത്തേക്ക് സ്വകാര്യ ബാങ്കില്‍ നിന്നാണെന്നും പറഞ്ഞ് ചിലരെത്തി. ടിക്കറ്റ് ബാങ്കിന് നല്‍കണമെന്നും കച്ചേരിപ്പടിയിലെത്താനും ഇവര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍, കച്ചേരിപ്പടിയില്‍ വച്ച് സംഘം ഭാഗ്യവാനെയും സുഹൃത്തിനെയും മകനെയും കാറിന് അകത്ത് കയറ്റി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. 
ഇതിന് ശേഷം സമ്മാനർഹമായ ടിക്കറ്റുമായി കടന്ന് കളഞ്ഞു. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പൊലീസിന്‍റെ പിടിലായി. 

ഒടുവില്‍ കിട്ടിയത്, അനൂപിനെ അന്വേഷിച്ച് അദാനിയും അംബാനിയും തിരോന്തോരത്ത് എത്തി. ഇച്ചിര് ബ്ലാക്ക് വൈറ്റാക്കാനുണ്ടായിരുന്നു എന്നാണ് കേട്ടതെന്ന് ട്രോളന്മാര്‍. 
 

Latest Videos

click me!