ഐഎസ്എല്‍: റോയ് കൃഷ്ണ മികച്ച താരം, ഗോൾഡൻ ബൂട്ട് അൻഗ്യൂലോയ്‌ക്ക്; പുരസ്‌കാരങ്ങള്‍ അറിയാം

First Published | Mar 14, 2021, 9:54 AM IST

ഫത്തോര്‍ഡ: കെങ്കേമമായി ഐഎസ്എല്‍ ഏഴാം സീസണ്‍ ഫൈനല്‍. മൂന്ന് തവണ ചാമ്പ്യന്‍മാരായതിന്‍റെ റെക്കോര്‍ഡുമായി കിരീടം നിലനിര്‍ത്താനുമിറങ്ങിയ എടികെ മോഹന്‍ ബഗാനെ 90-ാം മിനുറ്റിലെ ഗോളില്‍ തറപറ്റിച്ച് മുംബൈ സിറ്റി കിരീടം ചൂടുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈ സിറ്റി ജയിച്ചത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് മുംബൈ സിറ്റി കിരീടം നേടുന്നത് എന്നതാണ് സവിശേഷത. വിജയഗോളുമായി മുംബൈയുടെ ബിപിന്‍ സിംഗ് ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയപ്പോള്‍ ഗോള്‍ഡണ്‍ ബോളും, ഗോള്‍ഡണ്‍ ബൂട്ടും, ഗോള്‍ഡണ്‍ ഗ്ലൗവുമടക്കമുള്ള സീസണിലെ അവാര്‍ഡുകള്‍ ആര്‍ക്കൊക്കെ എന്ന് പരിശോധിക്കാം. 

ഐഎസ്എൽ ഏഴാം സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോള്‍ പുരസ്‌കാരം എടികെ മോഹൻ ബഗാന്റെ റോയ് കൃഷ്ണയ്‌ക്ക്. 14 ഗോളുമായി എടികെ മോഹൻ ബഗാനെ ഫൈനലിലേക്ക് നയിച്ച മികവിനാണ് അംഗീകാരം. എട്ട് അസിസ്റ്റുകളും റോയ്‌യുടെ പേരിലുണ്ട്.
ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് എഫ്‌സി ഗോവയുടെ ഇഗോർ അൻഗ്യൂലോ സ്വന്തമാക്കി. 14 ഗോളുകള്‍ തന്നെയാണ് നേടിയതെങ്കിലും റോയ് കൃഷ്ണയേക്കാൾ കുറച്ച് സമയം കളിച്ച ആനുകൂല്യത്തിലാണ് ഗോൾഡൺ ബൂട്ട് അൻഗ്യൂലോയ്ക്ക് ലഭിച്ചത്.

ഫൈനലിൽ വലിയ പിഴവ് വരുത്തിയെങ്കിലും എടികെ മോഹന്‍ ബഗാന്റെ അരിന്ദം ഭട്ടാചാര്യക്കാണ് മികച്ച ഗോളിക്കുള്ള ഗോൾഡൺ ഗ്ലൗ. സീസണില്‍ 23 മത്സരങ്ങളില്‍ 10 ക്ലീന്‍ഷീറ്റുകള്‍ സ്വന്തമാക്കിയ അരിന്ദം 59 സേവുകള്‍ നടത്തി. വഴങ്ങിയത് 19 ഗോള്‍ മാത്രം.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ 20കാരനായ അപുയിയാണ് എമർജിംഗ് പ്ലെയർ. സീസണില്‍ 22 മത്സരങ്ങള്‍ കളിച്ച താരംബ്ലാസ്റ്റേഴ്‌‌സിനെതിരെ ഗോള്‍ നേടിയിരുന്നു. നോര്‍ത്ത് ഈസ്റ്റിനെ നയിച്ച് പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡിടുകയും ചെയ്തു അപുയി.
കലാശപ്പോരിലെ മികച്ച താരത്തിനുള്ള ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം വിജയഗോളുമായി മുംബൈ സിറ്റിയുടെ ബിപിന്‍ സിംഗ് സ്വന്തമാക്കി. 90-ാം മിനുറ്റിലെ ബിപിന്‍റെ ഗോളാണ് മുംബൈക്ക് 2-1ന്‍റെ ജയം സമ്മാനിച്ചത്. സീസണില്‍ ഹാട്രിക് നേടിയ ഏക താരം കൂടിയാണ് ബിപിന്‍ സിംഗ്.
കലാശപ്പോരിലെവിന്നിംഗ് പാസിനുള്ള പുരസ്‌കാരം മുംബൈ സിറ്റി താരം ബെര്‍ത്തലോമ്യൂ ഓഗ്‌ബെച്ചേയ്‌ക്കാണ്. ബിപിന്‍ സിംഗിന്‍റെ വിജയഗോളിന് വഴിതുറന്നതിനാണ് അംഗീകാരം. എടികെ ഗോളി അരന്ദം ഭട്ടാചാര്യയുടെ പിഴവില്‍ നിന്ന് പന്ത് റാഞ്ചിബിപിന് കൈമാറുകയായിരുന്നു ഓഗ്‌ബെച്ചേ.

Latest Videos

click me!