ആദ്യ എലിമിനേറ്ററില്‍ നാല് വിക്കറ്റിനായിരുന്നു കൊല്‍ത്തയുടെ ജയം. രണ്ട് പന്ത് ശേഷിക്കെ കൊല്‍ക്കത്ത, ആര്‍സിബി വച്ചുനീട്ടിയ വിജലക്ഷ്യം മറികടന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. കോലി (39) ആയിരുന്നു അവരുടെ ടോപ് സ്‌കോറര്‍.
നാല് ഓവറില്‍ 21 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്‌നാണ് ആര്‍സിബിയുടെ നടുവൊടിച്ചത്. കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡിവില്ലിയേഴ്‌സ്, ശ്രീകര്‍ ഭരത് എന്നിവര്‍ നരെയ്ന്‍ മുന്നില്‍ കീഴടങ്ങി.
ഷാക്കിബ് അല്‍ ഹസന്‍ നാല് ഓവറില്‍ 24, വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 20 മികച്ച പ്രകടനം പുറത്തെടുത്തു. ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 29 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് അവരുടെ ടോപ് സകോറര്‍. വെങ്കടേഷ് അയ്യര്‍ (26), സുനില്‍ നരെയ്ന്‍ (26), നിതീഷ് റാണ (23) എന്നിവരുടെ പ്രകടനവും എടുത്തുപറയേണ്ടതായിരുന്നു.
മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 1.4 ഓവറില്‍ 29 റണ്‍സ് വഴങ്ങിയ ഡാന്‍ ക്രിസ്റ്റിയന്‍ നിരാശപ്പെടുത്തി.
ഇതോടെ ആര്‍സിബിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. കൊല്‍ക്കത്ത രണ്ടാം എലിമിനേറ്ററിന് യോഗ്യത നേടി. നാളെ ഡല്‍ഹി കാപിറ്റല്‍സിനെ മറികടന്നാല്‍ കൊല്‍ക്കത്തയ്ക്ക് ഫൈനലിലെത്താം.
2008 പ്രഥമ ഐപിഎല്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമാണ് കോലി. 2013ല്‍ നായകനായ ചുമതലയേറ്റു. ഡാനിയേല്‍ വെട്ടോറി സ്ഥാനമൊഴിഞ്ഞപ്പോഴാണ് കോലി ക്യാപ്റ്റനാകുന്നത്.
2016ല്‍ കോലിക്ക് കീഴില്‍ ആര്‍സിബി ഫൈനലിലെത്തി. ഈയൊരു തവണ മാത്രമാണ് കോലിക്ക് കീഴില്‍ ആര്‍സിബി ഫൈനല്‍ കളിച്ചിട്ടുള്ളത്. അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു.
2015, 2020, 2021 സീസണുകളില്‍ പ്ലേഓഫ് കളിക്കാനും ആര്‍സിബിക്കായി. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ 140 മത്സരങ്ങളില്‍ കോലി നയിച്ചു. 66ല്‍ ജയിച്ചപ്പോള്‍ 70 കളികളില്‍ പരാജയമറിഞ്ഞു. നാല് മത്സരങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.
ബാംഗ്ലൂര്‍ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന ടോട്ടലായ 263 റണ്‍സ് നേടിയിട്ടുള്ളത് കോലിക്കു കീഴിലായിരുന്നു.
കൂടാതെ അവരുടെ ഏറ്റവും ചെറിയ സ്‌കോറും അദ്ദേഹത്തിനു കീഴില്‍ തന്നെയായിരുന്നുവെന്നത് മറ്റൊരു കൗതുകം. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരേ 49 റണ്‍സിന് ഓള്‍ഔട്ടായതാണ് ആര്‍സബിയുടെ ഏറ്റവും ദയനീയ ബാറ്റിങ് പ്രകടനം.
ബാറ്റ്സ്മാനെന്ന നിലയില്‍ ബംഗ്ലൂരിനൊപ്പം പല വമ്പന്‍ റെക്കോര്‍ഡുകളും കുറിക്കാന്‍ കോലിക്കായിട്ടുണ്ട്...
ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോലി. 2017, 2019 സീസണില്‍ കോലിക്ക് കീഴില്‍ ആര്‍സിബി തീര്‍ത്തും നിരാശപ്പെടുത്തി. രണ്ട് സീസണിലും എട്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
2016ല്‍ കോലി നേടിയത് റെക്കോഡ് പ്രകടനമാണ്. 16 മത്സരത്തില്‍ നിന്ന് 973 റണ്‍സാണ് കോലിക്ക് നേടാനായത്. 81.08 ശരാശരിയിലും 152.03 എന്ന മികച്ച സ്ട്രൈക്കറേറ്റിലുമായിരുന്നു കോലിയുടെ ഈ പ്രകടനം. നാല് സെഞ്ച്വറിയും ഉള്‍പ്പെടും.
ആര്‍സിബി നായകനെന്ന നിലയില്‍ മികച്ച ബാറ്റിങ് റെക്കോഡ് കോലിക്കുണ്ട്. ക്യാപ്റ്റനായ 140 മത്സരങ്ങളില്‍ നിന്ന് 4481 റണ്‍സ് കോലി നേടി. 42.07 ശരാശരിയും 133.32 സ്ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. അഞ്ച് സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്.
ഇതിനെ മറികടക്കുന്ന ഒരു പ്രകടനം ഇതുവരെയുണ്ടായിട്ടില്ല. എം എസ് ധോണി 203 മത്സരത്തില്‍ നിന്ന് 4456 റണ്‍സുമായി രണ്ടാം സ്ഥാനത്താണ്. ഗൗതം ഗംഭീര്‍ (3518), രോഹിത് ശര്‍മ (3406), ഡേവിഡ് വാര്‍ണര്‍ (2840) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
തോല്‍വിക്കിടയിലും ആര്‍സിബി താരം ഹര്‍ഷല്‍ പട്ടേലിനെ തേടി ഒരു നേട്ടമെത്തി. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് പങ്കിടുകയാണ് ഹരിയായ പേസര്‍.
32 വിക്കറ്റാണ് ഇത്തവണ ഹര്‍ഷല്‍ വീഴത്തിയത്. ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോയ്‌ക്കൊപ്പമാണ് ഹര്‍ഷല്‍. 2013 എഡിഷനില്‍ ബ്രാവോ 32 വിക്കറ്റ് നേടിയാണ് റെക്കോഡിട്ടത്.
ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ് ഈ സീസണിനിടെ ഹര്‍ഷല്‍ സ്വന്തമാക്കിയിരുന്നു. 2020 സീസണില്‍ 27 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഹര്‍ഷലിന് മുന്നില്‍ വഴിമാറിയത്.
ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്ഡ് താരം എന്ന റെക്കോര്‍ഡും ഇത്തവണ താരത്തിന് സ്വന്തമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കുന്ന താരം ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഉറപ്പിച്ചു.
സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേശ് ഖാനേക്കാള്‍ ഒമ്പത് വിക്കറ്റ് കൂടുതല്‍ ഇപ്പോള്‍ത്തന്നെ ഹര്‍ഷലിനുണ്ട്. 23 വിക്കറ്റാണ് ആവേശിന്റെ സമ്പാദ്യം.