ഐപിഎല്‍ 2021: എല്ലാം ന്യൂസിലന്‍ഡ് മയം, വ്യത്യസ്തനായി പോണ്ടിംഗ്; പ്ലേ ഓഫിലെത്തിയ ടീമുകളിലെ ചില രസകരമായ വസ്തുത

First Published | Oct 10, 2021, 12:20 PM IST

ഐപിഎല്‍ (IPL 2021) പ്ലേ ഓഫിലെത്തിയ ടീമുകളിലെ പരിശീലകരില്‍ ന്യൂസീലന്‍ഡിന്റെ (New Zealand) ആധിപത്യം. കിരീടപ്രതീക്ഷയുള്ള നാല് ടീമുകളുടെ പരിശീലകരില്‍ മൂന്ന് പേര്‍ ന്യൂസീലന്‍ഡില്‍ നിന്നാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (Chennai Super Kings) സ്റ്റീഫന്‍ ഫ്‌ളമിംഗ് (Stephen Fleming), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (Kolkata Knight Riders) ബ്രണ്ടന്‍ മക്കല്ലം (Brendon Mccullum), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (Royal Challengers Bangalore) മൈക്ക് ഹെസ്സന്‍ (Mike Hesson) എന്നിവരാണ് ന്യൂസിലന്‍ഡുകാരായ പരിശീലകര്‍.
 

സ്റ്റീഫന്‍ ഫ്‌ളമിംഗ് 

ആദ്യ സീസണില്‍ ചെന്നൈയുടെ (CSK) താരമായിരുന്നു ഫ്‌ളമിംഗ്. പിന്നീടിങ്ങോട്ട് ടീമിന്റെ പരിശീലകനായി. ഒത്തുകളി വിവാദത്തില്‍ ചെന്നൈയെ വിലക്കിയപ്പോള്‍ ധോണിക്കൊപ്പം പൂനെയിലേക്ക് മാറിയ ഫ്‌ളമിംഗ് മഞ്ഞപ്പടയുടെ തിരിച്ചുവരവില്‍ തന്ത്രങ്ങളുമായി ഒപ്പമുണ്ടായി. കഴിഞ്ഞ സീസണില്‍ നിറംമങ്ങിയ സിഎസ്‌കെ വലിയ അഴിച്ചുപണിയില്ലാതെ തന്നെ പ്ലേഓഫിലെത്തിയെങ്കില്‍ നായകനൊപ്പം ഫ്‌ളമിംഗിനും കിട്ടണം ക്രെഡിറ്റ്. ലോകത്തെ ഏറ്റവും മികച്ച നായകനെന്ന് സാക്ഷാല്‍ ഷെയിന്‍ വോണ്‍ വിശേഷിപ്പിച്ച തന്ത്രശാലിയായിരുന്നു ന്യൂസീലന്‍ഡ് ജേഴ്‌സിയില്‍ ഫ്‌ളമിംഗ്. 

ബ്രണ്ടന്‍ മക്കല്ലം

ലോകകപ്പ് ഫൈനല്‍ വരെ ന്യൂസീലന്‍ഡിനെ എത്തിച്ച നായകനായിരുന്നു മക്കല്ലം. ഐപിഎല്ലിലെ പ്രഥമ മത്സരത്തില്‍ തകര്‍ത്തടിച്ച കൊല്‍ക്കത്ത താരം 2019ലാണ് ടീമിന്റെ പരിശീലകനായത്. വെങ്കടേഷ് അയ്യറിനെ പോലുള്ള യുവതാരങ്ങള്‍ ക്രീസില്‍ തകര്‍ത്തടിക്കുമ്പോള്‍ ആരെയും കൂസാത്ത മക്കല്ലം ശൈലിക്കുള്ള അംഗീകാരമായി കൂടി വിലയിരുത്താം. 

Latest Videos


മൈക്ക് ഹെസ്സന്‍

ന്യൂസീലന്‍ഡിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകന്‍ മൈക്ക് ഹെസ്സന്‍ എന്നത് തര്‍ക്കമില്ലാത്ത വസ്തുത. കൗമാര പ്രതിഭകളെ കണ്ടെത്തുന്നതിലും വിപ്ലവകരമായ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതിലും ശ്രദ്ധേയനായ ഹെസ്സന്റെ തന്ത്രങ്ങളാണ് ആര്‍സിബിയുടെ കരുത്ത്. നാലാം നമ്പറില്‍ സ്ഥിരമായി അവസരം നല്‍കിയാല്‍ ഗ്ലെന്‍ മാക്‌സ്വെല്‍ മാച്ച് വിന്നറാകുമെന്ന ഹെസ്സന്റെ വാക്കുവിശ്വസിച്ചാണ് ആര്‍സിബി താരലേലത്തില്‍ 14.25 കോടി മുടക്കിയത്. 500 റണ്‍സനിടുത്ത് നേടിക്കഴിഞ്ഞ മാക്‌സവെല്‍, ഹെസ്സന്‍ പ്രവചിച്ചതുപോലെ ആര്‍സിബിയുടെ തലവര മാറ്റി.

റിക്കി പോണ്ടിംഗ്

പ്ലേ ഓഫിലെത്തിയ ടീമുകളില്‍ ന്യൂസീലന്‍ഡുകാരനല്ലാത്ത പരിശീലകനുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന് മാത്രം. ഡല്‍ഹി ഡ്രെസ്സിംഗ് റൂമിലെ അവസാന വാക്ക് നായകന്‍ റിഷഭ് പന്ത് അല്ല, ഓസ്‌ട്രേലിയക്കാരനായ റിക്കി പോണ്ടിംഗ് എന്നത് പരസ്യമായ രഹസ്യം. മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ ചാംപ്യന്മാരാക്കിയ മാജിക്ക് ഡല്‍ഹിയുടെ യുവനിരയിലൂടെ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ നായകന്‍ കൂടിയായ റിക്കി പോണ്ടിംഗ്.

click me!