ചെളിയില്‍ താഴ്ന്ന് ഒരു ഫോസില്‍ ആകില്ല നീ ! കെനിയയില്‍ നിന്ന് ഒരു രക്ഷപ്പെടുത്തലിന്‍റെ കഥ

First Published | Jul 3, 2021, 11:45 AM IST

കാടിന്‍റെ ജൈവീകമായ ആവാസവ്യവസ്ഥ ഉപേക്ഷിച്ച് ഒറ്റപ്പെട്ട സമൂഹമായി ജീവിതമാരംഭിച്ചത് മുതലാകാം മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ തുടക്കം. വിശക്കുമ്പോഴും ഭയക്കുമ്പോഴുമാണ് മൃഗങ്ങള്‍ മനുഷ്യനെ അക്രമിച്ചതെങ്കില്‍ മനുഷ്യന്‍ പക്ഷേ, ആനന്ദത്തിനും വിപണിക്കും ഭക്ഷണത്തിനും വേണ്ടി മഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ മടികാണിച്ചിരുന്നില്ല. എന്തിന് ചില മനുഷ്യ വംശങ്ങളെ ( അമേരിക്കന്‍ റെഡ് ഇന്ത്യന്‍സ് ) ഉന്മൂലനം ചെയ്യാന്‍ അവരുടെ പ്രധാന ഭക്ഷണമായ മൃഗങ്ങളെ ഉന്മൂലനം ചെയ്ത ചരിത്രം വരെയുണ്ട് മനുഷ്യന്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, അടിമലത്തുറയില്‍ ചൂണ്ടക്കൊളുത്തില്‍ തൂക്കി ബ്രൂണോ എന്ന നായയെ പ്രായപൂര്‍ത്തിയാകാത്ത കൌമാരക്കാരടക്കം ചേര്‍ന്ന് തല്ലിക്കൊന്ന് കടലിലെറിഞ്ഞത്. എന്നാല്‍ എല്ലാ മനുഷ്യരും ഇതേ വികാരത്തോടെയല്ല ജീവിക്കുന്നതെന്നും ബ്രൂണോയ്ക്ക് വേണ്ടി ഇന്നലെ സെക്രട്ടേറിയേറ്റ് പടിക്കല്‍ നടന്ന പ്രതിഷേധം കാണിക്കുന്നു. അങ്ങ് ആഫ്രിക്കന്‍ വന്‍കരയിലെ കെനിയയില്‍ കഴിഞ്ഞ മാസം മുമ്പ് നടത്തിയ ഒരു രക്ഷപ്പെടുത്തലിന്‍റെ കഥ കേള്‍ക്കാം. 

ഇന്ന് ജീവിച്ചിരിക്കുന്നതില്‍ കരയിലെ ഏറ്റവും വലിയ ജീവികളാണ് ആഫ്രിക്കന്‍ ആനകള്‍. ഏറ്റവും കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗ്ഗങ്ങളില്‍ മുന്നിലാണ് ഇവ. അനധികൃത കച്ചവടത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള വസ്തുക്കളിലൊന്നാണ് ആനക്കൊമ്പ്. ആനക്കൊമ്പ് വേണ്ടയെ തുടര്‍ന്ന് ആഫ്രിക്കന്‍ ആനകള്‍ ഇന്ന് വംശനാശ ഭീഷണിയിലാണ്.
2021 ലെ കണക്കനുസരിച്ച് ആഫ്രിക്കൻ ആനകൾ വംശനാശ ഭീഷണി നേരിടുന്നതായി കണക്കാക്കപ്പെടുന്നു, അവ ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ ഇവ ഉള്‍പ്പെട്ടു കഴിഞ്ഞു.

ഈ സംഭവം നടക്കുന്നത് അങ്ങ് കെനിയയിലെ കിഴക്കന്‍ പ്രവിശ്യയായ ഇസിയോളോ കൌണ്ടിയിലാണ് സംഭവം. പ്രദേശികമായി വരണ്ടതോ അര്‍ദ്ധവരണ്ടതോ ആയ താഴ്ന്ന സമതലങ്ങളാണ് ഇസിയോളോ കൌണ്ടി. ഇവാസോ നൈറോ നദി ഈ പ്രദേശത്ത് കൂടിയാണ് ഒഴുകുന്നത്. മൂന്ന് വ്യത്യസ്ത ദേശീയ ഗെയിം റിസർവുകൾ ഇസിയോളോ കൗണ്ടിയിലാണ് ഉള്ളത്. ബിസനാടി നാഷണൽ റിസർവ്, ബഫല്ലോ സ്പ്രിംഗ്സ് നാഷണൽ റിസർവ്, ഷബ നാഷണൽ റിസർവ്. എന്നിവയാണിവ.
ഈ പ്രദേശത്തും ആനക്കൊമ്പിനായി ആഫ്രിക്കന്‍ ആനകള്‍ ധാരാളമായി വേട്ടയാടപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ അവയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമുണ്ട്. ഇത്തരമൊരു സംരക്ഷ സംഘത്തിന്‍റെ തലവനും വെറ്റിനറി സർജനും കൺസർവനിസ്റ്റുമായ ഡോ. കീരൻ അവേരി (34)യ്ക്ക് കഴിഞ്ഞ മാസം അവസാനം തദ്ദേശീയരായ ജനവിഭാഗങ്ങളില്‍ നിന്ന് ഒരു ഫോണ്‍ സന്ദേശമെത്തി. ഒപ്പം കുറച്ച് ചിത്രങ്ങളും.
പ്രദേശത്തെ ഒരു തടാകത്തിന്സമീപത്തെ ചതുപ്പില്‍ ഒരു ആഫ്രിക്കന്‍ പിടിയാന താഴുന്നുവെന്നായിരുന്നു സന്ദേശം. ഒപ്പം , ചതുപ്പില്‍ മുങ്ങിത്താഴുന്നതിനിടെ ഒരു ആന രക്ഷപ്പെടുന്നതിനായി നടത്തുന്ന ശ്രമങ്ങളുടെ ചിത്രങ്ങളുമുണ്ടായിരുന്നു.
ഇത്തരത്തില്‍ വേട്ടക്കാരുടെ കുഴിയില്‍ വീണും ചതുപ്പില്‍ വീണും ജീവന്‍ പോകുന്ന ആനകളെ രക്ഷിക്കുന്നതില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച സംഘമാണ് ഡോ. കീരൻ അവേരിയുടെ സംഘം. ഇത്തരത്തില്‍ അകപ്പെടുന്ന ആനകളെ നേരത്തെയും രക്ഷിച്ച് ഏറെ പരിചയമുള്ളവരാണ് ഡോക്ടറുടെ സംഘം.
ഒരു ട്രാക്റ്ററും കുറച്ച് സ്ട്രിപ്പുകളും മാത്രമാണ് സംഘത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍. ചതുപ്പില്‍ വീണ ആനയെ രക്ഷിക്കാന്‍ ഇത്രം ഉപകരണങ്ങള്‍ മതിയെന്നും അദ്ദേഹം പറയുന്നു. ഏതായാലും സംഘം സ്ഥലത്തെത്തുമ്പോള്‍ ഏറെ ചതുപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള നീണ്ട ശ്രമങ്ങള്‍ നടത്തി ക്ഷീണിതയായ പിടിയാനയെയാണ് കണ്ടത്.
ഇത്രയും വലുപ്പമുള്ള ആനയെ രക്ഷപ്പെടുത്താന്‍ ശരിയായ ഉപകരണങ്ങൾ ആവശ്യമാണ്. ഇതിൽ ഒരു ട്രാക്ടർ, ഹെവി-ഡ്യൂട്ടി സ്ട്രാപ്പുകള്‍, പിന്നെ ചങ്ങലകളും ആവശ്യമാണ്. പക്ഷേ ഏറ്റവും പ്രധാനം ആനയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള അറിവാണെന്നും ഡോ. കീരൻ അവേരി പറയുന്നു.
തങ്ങളെത്തുമ്പോള്‍ ഏറെ ക്ഷീണിതയാണെങ്കിലും ജീവന്‍ രക്ഷിക്കുന്നതിനായി അവള്‍ അപ്പോഴും ഏറെ പാടുപ്പെട്ട് ശ്രമിക്കുന്നുണ്ടായിരുന്നു. അത് നല്ല ലക്ഷണമാണെന്നാണ് അദ്ദേഹം പറയുന്നത്. ദുഃഖിതയും ക്ഷീണിതയുമാണെങ്കിലും അവളില്‍ പോരാട്ടാനുള്ള മനസുണ്ടായിരുന്നു. അത് എല്ലായ്പ്പോഴും പ്രതീക്ഷ നല്‍കുന്ന ഒന്നാണെന്നും അദ്ദേഹം പറയുന്നു.
അവളെ ചതുപ്പില്‍ നിന്ന് രക്ഷിക്കാന്‍ വെറും ഒന്നര മണിക്കൂര്‍ മാത്രമേ വേണ്ടിവന്നൊള്ളൂവെന്ന് ഡോ.കിരിയന്‍ ആര്‍വേ പറയുന്നു. കാരണം അവള്‍ ചതുപ്പിലാണ് വീണത്. ചതുപ്പ് കുഴഞ്ഞ് കിടക്കുന്ന മണ്ണാണ്. താഴ്ന്ന് പോകാത്തിടത്തോളം സമയം രക്ഷപ്പെടുത്താനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നു.
രക്ഷപ്പെടുത്താന്‍ ശ്രമിക്കും മുമ്പ് ആനയുടെ തുമ്പിക്കൈയില്‍ നിന്ന് അകലം പാലിക്കണം. കാരണം, രക്ഷപ്പെടുത്തുന്നതിനിടെ അവള്‍ തുമ്പിക്കൈ വീശുകയും അത് ഞങ്ങളിലാരുടെയെങ്കിലും ദേഹത്ത് തട്ടുകയും ചെയ്താല്‍ സംഗതി കൂടുതല്‍ ഗുരുതരമാകും. അതിനാല്‍ തുമ്പിക്കൈയില്‍ നിന്ന് അകലം പാലിച്ച് വേണം രക്ഷാപ്രവര്‍ത്തനം നടത്താനെന്നും അദ്ദേഹം പറയുന്നു.
അതിന് ശേഷം തങ്ങള്‍ ആനയുടെ വാലിന് അടിയിലൂടെ ഒരു പട്ട (സ്ട്രോപ്പ്) ബന്ധിച്ചു. പിന്നീട് ഈ പട്ട ട്രാക്റ്ററിന്‍റെ പുറികില്‍ ബന്ധിക്കുന്നു. അതിന് ശേഷം ശ്രദ്ധയോടെ ട്രാക്റ്റര്‍ മുന്നോട്ടെടുക്കും. ചതുപ്പിന്‍റെ പരിധിയില്‍ നിന്ന് ആന പുറത്തിറങ്ങും വരെ ട്രാക്ടര്‍ മുന്നോട്ട് ഓടിക്കും. അല്ലാത്ത പക്ഷം ആനയുടെ ഭാരത്തോടൊപ്പം ട്രാക്ടറും ചതുപ്പിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി വലിയൊരു സംഘത്തിന്‍റെ ആവശ്യമില്ല. മറിച്ച് ആവശ്യമായ ഉപകരണങ്ങളും കുറച്ച് ആളുകളും മതിയാകും. കൂടുതല്‍ ആളുകളുണ്ടെങ്കില്‍ ഇത്തരമൊരവസ്ഥയില്‍ മൃഗങ്ങള്‍ ഭയചകിതരാകുകയും അത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇത് തന്‍റെ അനുഭവത്തില്‍ നിന്നും പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കരയിലെ ഏറ്റവും വലിയ മൃഗങ്ങളാണ് ആനകള്‍. അവയോട് ബന്ധിപ്പെട്ട് നില്‍ക്കുമ്പോള്‍ മാത്രമേ അവയ്ക്ക് എന്ത് മാത്രം ബുദ്ധിയും ശക്തിയുമുണ്ടന്ന് നിങ്ങള്‍ക്ക് ബോധ്യമാകൂ. ഞങ്ങള്‍ ചതിപ്പില്‍ നിന്ന് അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അവളുടെ കണ്ണുകളും എന്‍റെ കണ്ണുകളും തമ്മിലുടക്കി.
അത് ഏറെ വിനീതമായിരുന്നു. തങ്ങളില്‍ നിന്നുള്ള സഹായം അവള്‍ സ്വീകരിക്കുന്നതായി എനിക്ക് തോന്നി. അവയ്ക്കും വികാരങ്ങളുണ്ട്. പക്ഷേ, അത് പ്രകടിപ്പിക്കുന്നത് മനുഷ്യന്‍ പ്രകടിപ്പിക്കുന്നത് പോലെയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ചതുപ്പില്‍ നിന്ന് കരയിലേക്ക് വലിച്ചിട്ട് കുറച്ച് നേരങ്ങള്‍ക്കുള്ളില്‍ അവള്‍ എഴുന്നേറ്റു. പിന്നെ തങ്ങളുടെ വാഹനത്തിന് പിന്നാലെ കുറച്ച് ദൂരം പിന്തുടര്‍ന്നു.
എന്നെ സംബന്ധിച്ചിടത്തോളം, സ്വതന്ത്രമായി ചുറ്റിത്തിരിയുന്ന കാട്ടാനക്കൂട്ടം വിശാലമായ ഭൂമിയിലൂടെ നടക്കുന്നത് കാണുന്നതിനേക്കാള്‍ വലിയൊരു സന്തോഷമില്ല. അനിവാര്യമായ ഒരു മരണ കെണിയിൽ നിന്ന് ഒരാളെ മോചിപ്പിക്കാന്‍ കഴിയുക. അവ വിശാലമായ ഭൂമിയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നത് കാണുക. ഇതില്‍ പരം സന്തോഷം എന്താണ് ഈ ലോകത്ത് ഉള്ളതെന്നും ഡോ. കീരൻ അവേരി ചോദിക്കുന്നു.
ആവാസവ്യവസ്ഥയുടെ നഷ്ടവും അനധികൃത ആനക്കൊമ്പ് കച്ചവടത്തിനായുള്ള വേട്ടയാടലും ആഫ്രിക്കന്‍ ആനകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളാണ്. ഇന്ന്, വെറും രണ്ട് ഇനം ആഫ്രിക്കൻ ആന ജനുസ്സുകള്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. ആഫ്രിക്കൻ മുൾപടർപ്പ് ആനയും, ചെറിയ ആഫ്രിക്കൻ വന ആനയും. പതിനെട്ടാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനുമിടയിൽ ആഫ്രിക്കൻ ആനകളുടെ മറ്റ് നാല് ഇനങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. ഇന്ന് ഫോസിലുകളിലൂടെ മാത്രമാണ് ഇവയുടെ അസ്തിത്വം കണ്ടെത്തിയിട്ടുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!