ശ്രീലങ്കയില്‍ നിന്ന് മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് ഒരു വയസുള്ളപ്പോഴാണ് കാവന്‍ പാകിസ്ഥാനിലെത്തുന്നത്. എന്നാല്‍ അവിടെ നിന്ന് ഇങ്ങോട്ട് മിക്കവാറും ഏകാന്തവും പീഡനം നിറഞ്ഞതുമായ നരക ജീവിതത്തിന് ശേഷമാണ് കാവന് ഇപ്പോള്‍ മോചനം സാധ്യമാകുന്നത്.
1985 ല്‍ ശ്രീലങ്കയിലെ പിന്നവാല ആന സങ്കേതത്തില്‍ നിന്നാണ് കാവന്‍ പാകിസ്ഥാനിലെത്തിയത്. നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി അന്നത്തെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റാണസിംഹേ പ്രേമദാസ അന്നത്തെ പാകിസ്ഥാന്‍ സൈനിക ഭരണാധികാരിയായിരുന്ന ജനറല്‍ സിയാവുല്‍ ഹഖിന് നല്‍കിയ സമ്മാനമായിരുന്നു കുഞ്ഞു കാവന്‍.
പാകിസ്ഥാനിലെത്തിയ കാവന്‍ നേരെ മാര്‍ഘുസാര്‍ മൃഗശാലയിലെത്തി. പക്ഷേ, സ്വന്തമായി മൃഗശാലാനയമോ മൃഗസംരക്ഷണ നയമോ ഒന്നും പാകിസ്ഥാനിലില്ലായിരുന്നു. ഇതൊരു സാധ്യതയായി കണ്ട മൃഗശാല സംരക്ഷകര്‍ കാവനെ ഉപയോഗിച്ച് പണമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു.
മൃഗശാലയിലെ ഏറ്റവും ആകര്‍ഷണമുള്ള മൃഗമായി വളരെ പെട്ടെന്ന് തന്നെ കാവന്‍ മാറി. ഇതോടെ സന്ദര്‍ശകര്‍ക്ക് മുന്നില്‍ അഭ്യാസങ്ങള്‍ കാണിക്കാനും പണക്കാരായ ആവശ്യക്കാര്‍ക്കായി വിവാഹം പോലുള്ള അത്യാഢംബര പാര്‍ട്ടികളില്‍ എഴുന്നള്ളിക്കാനും കാവനെ ഉപയോഗിച്ച് തുടങ്ങി.
ഒടുവില്‍ പാകിസ്ഥാനിലെത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1990-ലാണ് കാവന്‍ ഏതാന്ത ജീവിതത്തിന് ഒരു അവസാനമുണ്ടാകുന്നത്. 1990 ല്‍ ബംഗ്ലാദേശില്‍ നിന്നും സഹേലി എന്ന പിടിയാന മാര്‍ഘുസാര്‍ മൃഗശാലയിലെത്തി. പിന്നീട് അവള്‍ കാവന്‍റെ ജീവിത സഹിയായി. ദുഃഖത്തിലും സന്തോഷത്തിലും അവര്‍ ഒന്നിച്ച് നിന്നു.
ഇരുപത്തിരണ്ട് വര്‍ഷം ആ ബന്ധം ഊഷ്മളമായി തുടര്‍ന്നു. പക്ഷേ 2012 ല്‍ സഹേലി എന്നന്നേക്കുമായി കാവനെ വിട്ട് പോയി. ജീവിതത്തില്‍ മറ്റൊന്നും നഷ്ടപ്പെടാന്‍ ഇല്ലാതിരുന്നതിനാല്‍ കാവന്, സഹേലിയുടെ നഷ്ടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
അവന്‍ അക്രമാസക്തമായി, ആരെയും അടുപ്പിക്കാതെ ഏകാന്ത ജീവിതത്തിലേക്ക് കടന്നു. മൃഗമെന്നാല്‍ മനുഷ്യന് ലാഭമുണ്ടാക്കാനുള്ള വസ്തുവെന്ന് മാത്രം കണ്ടിരുന്ന മാര്‍ഘുസാര്‍ മൃഗശാല അധികൃതര്‍ കാവനെ കഠിനമായി പീഡിപ്പിച്ച് തുടങ്ങി. തോട്ടിയും കമ്പിയും ഉപയോഗിച്ചുള്ള ക്രൂരമായ പീഢനം. ദിവസം മുഴുവന്‍ ചങ്ങല.
ഏകാന്ത ജീവിതം കാവന് ദുരിതപൂര്‍ണ്ണമായിരുന്നു. നടത്തവും വ്യായാമങ്ങളും കുറവായതിനാല്‍ ശരീരഭാരം കൂടി. കാലുകള്‍ക്ക് ശരീരത്തെ താങ്ങാന്‍ പറ്റാതെയായി. അതിനിടെ ക്രൂരമായ മര്‍ദ്ദനം സമ്മാനിച്ച ഉണങ്ങാത്ത നിരവധി മുറിവുകള്‍ കൂടിയായതോടെ കാവന്‍റെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ആരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. പക്ഷേ, അപ്പോഴം സന്ദര്‍ശകര്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ അവന്‍ നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടേയിരുന്നു.
ഓടുവില്‍ 2016 മാര്‍ഘുസാര്‍ മൃഗശാല സന്ദര്‍ശിക്കുന്ന ഫ്രന്‍റ്സ് ഓഫ് ഇസ്ലാമബാദ് സൂ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ കാവന്‍ മേചനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. മൃഗശാലയ്ക്കും പുറത്തും അകത്തും നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കാവനെ കുറിച്ച് ലോകം അറിഞ്ഞു.
ലോകത്തിലെ ഏറ്റവും ഏകാന്തനായ ആന എന്ന വിശേഷണം കൂടിയായതോടെ ലോകത്തിലെ മൃഗസ്നേഹികള്‍ കാവന്‍റെ മോചനത്തിനായി ഒന്നിച്ചു. പക്ഷേ അധികാര കേന്ദ്രങ്ങളുടെ രാഷ്ട്രീയ സമവാക്യങ്ങള്‍ സങ്കീര്‍ണ്ണമായ പാകിസ്ഥാന്‍ പോലൊരു രാജ്യത്ത് നിന്ന് കാവന് പെട്ടെന്നൊരു മോചനം സാധ്യമായിരുന്നില്ല.
ഫ്രന്‍റ്സ് ഓഫ് ഇസ്ലാമബാദ് സൂ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഒടുവില്‍ ഓസ്കാര്‍ ജേതാവും നടിയും സംഗീതജ്ഞയുമായ ഷേരിന്‍റെ മുന്നിലുമെത്തി. മൃഗസംരക്ഷണത്തിനായി തന്‍റെതായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷേര്‍, കാവനെ കുറിച്ചറിഞ്ഞ് വികാരാധീനയായി. അവര്‍ കാവന്‍ മോചനത്തിനായി ലോകമെങ്ങും സംഗീത നിശകള്‍ സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ക്യാമ്പൈനുകള്‍ക്കും തുടക്കം കുറിച്ചു. കാവന്‍റെ മോചനത്തിനായി ലക്ഷക്കണക്കിന് പേര്‍ ഒപ്പിട്ട പെന്‍റീഷനുകള്‍ സമര്‍പ്പിക്കപ്പെട്ടു.
പക്ഷേ, മാര്‍ഘുസാര്‍ മൃഗശാല അധികൃതര്‍ക്ക് മാത്രം മാറ്റമുണ്ടായില്ല. ഓടുവില്‍ ഷേര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ നേരിട്ട് കണ്ട് കാവന്‍റെ മോചനം ആവശ്യപ്പെട്ടു. ഇതിനെല്ലാം മൊടുവിലാണ് കാവനെ മോചിപ്പാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. പക്ഷേ അപ്പോഴേക്കും കാവന്‍റെ നില ഏറെ പരിതാപകരമായിരുന്നു. ശരീരഭാരവും മുറിവുകളും കാവനെ കൂടുതല്‍ അക്രമാസക്തനാക്കിയിരുന്നു.
ഒടുവില്‍ ഈജിപ്ത്യനും ഫോര്‍ പോസ് ഇന്റര്‍നാഷനലിലെ മൃഗപരിപാലന വിദഗ്ധനുമായ ഡോ. ആമിര്‍ ഖലീല്‍ പാകിസ്ഥാനിലെത്ത് കാവന്‍റെ പരിചരണം ഏറ്റെടുത്തു. പക്ഷേ ആദ്യത്തെ കുറച്ച് മാസങ്ങള്‍ ഡോ. ആമിര്‍ ഖലീലിന് കാവന്‍റെ അടുത്തുപോലും ചെല്ലാന്‍ കഴിഞ്ഞില്ല. ആ അനുഭവങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ ഡോ, ഖലീല്‍ പറയുന്നത് കാവന്‍റെ അടുത്തെത്താനായി തനിക്ക് പാട്ടുപോലും പാടേണ്ടിവന്നെന്നാണ്.
ഓടുവില്‍ ഏകാന്തവാസത്തിന് കാവന് കൂട്ടായി ഡോ.ആമിര്‍ ഖലീല്‍മാറി. അവര്‍ അടുത്തു. ഡോ,ഖലീലിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ കാവന്‍ തയ്യാറായി. ഇതിനിടെ കംബോഡിയയിലെ പ്രശസ്തമായ കുലേന്‍ പ്രോംതെപ് വന്യജീവി സങ്കേതത്തിലേക്ക് കാവനെ കൊണ്ടുപോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.
10 ലക്ഷം ഏക്കര്‍ വിസ്തൃതിയുള്ള കുലേന്‍ പ്രോംതെപ് വന്യജീവി സങ്കേതം മൃഗങ്ങളെ അവയുടെ സ്വാഭാനിക പ്രകൃതി സാഹചര്യങ്ങളില്‍ സ്വതന്ത്രരായി സഞ്ചരിക്കാന്‍ അനുവദിക്കുന്ന വന്യമൃഗസങ്കേതം കൂടിയാണ്.
ഡോ.ആമിര്‍ ഖലീന്‍റെ സ്നേഹോഷ്മളമായ സാമീപ്യം കൂടിയായതോടെ യാതൊരു പ്രതിബന്ധങ്ങളും ഇല്ലാതെ കാവന്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ കയറി. 10 ടണ്‍ ഭാരമുള്ള കാവനെയും വഹിച്ച് റഷ്യയുടെ പ്രത്യേകം തയ്യാറാക്കിയ ചാര്‍ട്ടേഡ് വിമാനം ആറ് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം കംബോഡിയയിലെത്തി.
അവിടെ കാവനായി പ്രത്യേകം സ്വീകരണം ഒരുക്കിയിരുന്നു. മന്ത്രോച്ചാരണങ്ങളോടെ ബുദ്ധ സന്ന്യാസിമാരാണ് കാവനെ കംബോഡിയയില്‍ സ്വീകരിക്കാനായെത്തിയത്. കാവനോടൊപ്പം അവന്‍റെ മോചനത്തിനായി ഏറെ പ്രയത്നിച്ച സംഗീതജ്ഞ ഷേറും ഉണ്ടായിരുന്നു. " അവൻ ഇവിടെ ശരിക്കും സന്തോഷവാനാണ്. " കംബോഡിയയിലെത്തിയെ ഷേര്‍ കാവനെ കുറിച്ച് പറഞ്ഞു. കാവന് ഈ യാത്ര അനിവാര്യമായിരുന്നുവെന്ന് ഡോ. അമീർ ഖലീൽ പറഞ്ഞു.
പ്രായപൂർത്തിയായ ആനയെ വിമാനത്തിൽ കയറ്റുന്നത് ചെറിയ കാര്യമല്ല, മാത്രമല്ല കുറച്ച് തവണ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളൂ. ഒടുവില്‍ സൈനീക വാഹനങ്ങളുടെ അകമ്പടിയോടെ വിമാനത്താവളത്തിലെത്തിച്ച കാവനെ പ്രത്യേകം തയ്യാറാക്കിയ വിമാനത്തില്‍ കയറ്റി. വിമാനത്തില്‍ കാവനായി 200 കിലോ ഭക്ഷണം കരുതിയിരുന്നു.
ഏഴ് മണിക്കൂർ പറക്കലിനൊടുവില്‍ കംബോഡിയയുടെ മണ്ണില്‍ കാവന്‍ കാല്‍കുത്തി, സ്വാതന്ത്രത്തിലേക്ക്.വിമാനത്തില്‍ നിന്ന് താഴെ ഇറങ്ങിയ കാവനെ ബുദ്ധ സന്യാസിമാർ പഴങ്ങള്‍ കൊടുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന കാവനെ കാത്ത് മൂന്ന് പെൺ ആനകളെ ഇതിനകം തയ്യാറാക്കിയിരുന്നു.
കാവന്‍ ഇനി ലോകത്തിലെ ഏകാന്തനായ ആനയായിരിക്കില്ലെന്ന് ഉപപരിസ്ഥിതി മന്ത്രി നെത്ത് ഫെക്ട്ര പറഞ്ഞു. പ്രാദേശിക ആനകള്‍ക്കൊപ്പമാകും കാവന്‍ ഇനി ജീവിക്കുക അദ്ദേഹം എ.എഫ്.പിയോട് പറഞ്ഞു.
കാവന്‍ ജീവിതവും രക്ഷാപ്രവര്‍ത്തനവും ഉള്‍ക്കൊള്ളുന്ന ഒരു ഡോക്യുമെന്‍ററിയുടെ തയ്യാറെടുപ്പിലാണ് ഷേര്‍. സ്മിത്‌സോണിയൻ ചാനലിനൊപ്പമാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടുത്ത വര്‍ഷത്തോടെ ഇത് പുറത്തിറക്കാമെന്ന് കരുതുന്നതായി ഷേര്‍ പറഞ്ഞു.