ലോകം മാറിയിരിക്കാം പക്ഷേ, താലിബാന്‍ മാറില്ല, പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍
First Published | Sep 13, 2021, 12:57 PM IST
ഓഗസ്റ്റ് 15 ന് കാബൂള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട താലിബാന്‍ ഈ സമയങ്ങളിലെല്ലാം റഷ്യയിലും ഖത്തറിലും വച്ച് ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ എല്ലാ ചര്‍ച്ചയിലും തങ്ങള്‍ പുതിയ താലിബാനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. മതം അനുശാസിക്കുന്ന സ്വാതന്ത്രം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും അവര്‍ അവകാശപ്പെട്ടു. ഓഗസ്റ്റ് 17 -ന് താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് സ്ത്രീകളെ മാന്യമായി പരിഗണിക്കുമെന്ന് ലോകത്തിന് ഉറപ്പ് നൽകി. "ശരീഅത്ത് നിയമപ്രകാരം, ദൈവം ഉദ്ദേശിക്കുന്നുവെങ്കിൽ, ഞങ്ങൾ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കും. സ്ത്രീകൾ സമൂഹത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഞങ്ങൾ അവരെ ബഹുമാനിക്കുന്നു. സമൂഹത്തിന് ആവശ്യമായ എല്ലാ മേഖലകളിലും അവർക്ക് സ്വാതന്ത്രം ഉണ്ടാകും. ഒപ്പം ഒരു സജീവ സാന്നിധ്യമായി അവരും. " അന്ന് സബിയുല്ല ലോക പ്രതിനിധികളോട് പറഞ്ഞു. എന്നാല്‍, ഭരണത്തില്‍ പിടിമുറുക്കിയ പഷ്ത്തൂണ്‍-സുന്നി നേതൃത്വത്തിലധിഷ്ടിതമായ താലിബാന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബഖി ഹഖാനിയുടെ ഏറ്റവും പുതിയ വിദ്യാഭ്യസ മാര്‍ഗ്ഗ രേഖ പറയുന്നതും അതുതന്നെയാണ്, "നഃസ്ത്രീ സ്വാതന്ത്രമര്‍ഹതി."