ഷെര്‍ലി ശീതകൊടുങ്കാറ്റ്; അമേരിക്കയില്‍ ഒറ്റ ദിവസം 300 ഓളം അപകടങ്ങള്‍, ഒമ്പത് മരണം

First Published | Feb 12, 2021, 2:26 PM IST

ഷെര്‍ലി ശീതകൊടുങ്കാറ്റിനെ തുടര്‍ന്ന് യുഎസിന്‍റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഞ്ഞും ഐസും പെയ്തത് നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായി. ഇന്നലെ ഒറ്റ ദിവസം മാത്രം 300 ഓളം അപകടങ്ങളുണ്ടായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ അപകടങ്ങളില്‍ ഒമ്പത് പേര്‍ മരിച്ചു. 65 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ടെക്സസ് ഫ്രീവേയിൽ മാത്രം ഇന്നലെ രാവിലെ 133 കാർ കൂട്ടിയിടിച്ചതിനെ തുടർന്ന് ആറ് പേരാണ് മരിച്ചത്. ഡള്ളസില്‍ ഉണ്ടായ അപകടത്തില്‍  മൂന്ന് മരണം രേഖപ്പെടുത്തി. രാവിലെ ആറ് മണിക്ക് ശേഷം ടെക്സസിലെ ഫോർട്ട് വർത്തിനടുത്തുള്ള അന്തർസംസ്ഥാന പാതയായ 35 ലാണ് ദുരന്തമുണ്ടായത്.  മഞ്ഞുവീഴ്ചയെ തുടര്‍ന്ന് റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഹൈവേയായതിനാല്‍ വളരെ വേഗത്തില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ഒന്നിന് പുറകേ ഒന്നായി കൂട്ടിയിടിച്ചു. ശക്തമായ മഞ്ഞ് വീഴ്ചയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. ഹൈവേകളിലെ അമിതവേഗതയും അപകടങ്ങള്‍ക്ക് കാരണമായി. ടെക്സസിലെ ഫ്രീവേയില്‍ വീണുകിടന്ന മഞ്ഞില്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്കിന് പുറകേ വന്ന കാറുകളാണ് കൂടിയിച്ചതെന്നാണ് പ്രഥമിക വിവരം. കാലാവസ്ഥ മോശയമായതാണ് ഡള്ളസിലെയും ടെക്സാസിലെയും അപകടങ്ങളുടെ പ്രധാന കാരണം. 

ഒറ്റരാത്രികൊണ്ട് മുന്നൂറിലധികം അപകടങ്ങളാണ് അമേരിക്കയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 103 വലിയ അപകടങ്ങൾ, ഫ്രീവേകളിൽ 133 വലിയ അപകടങ്ങൾ, 86 ചെറിയ അപകടങ്ങൾ, ചെറിയ നഗര അപകടങ്ങൾ നാല് , പ്രധാന നഗര അപകടങ്ങൾ രണ്ട്, ഫ്രീവേയിൽ ഒരു പ്രധാന അപകടം. (കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും Read More - ല്‍ ക്ലിക്ക് ചെയ്യുക)
ഷെര്‍ലി കൊടുങ്കാറ്റിന്‍റെ ഫലമായി സംസ്ഥാനങ്ങളിലുടനീളം 1,200 ലധികം വിമാനങ്ങൾ റദ്ദാക്കി. ടെക്സസ്, അർക്കൻസാസ്, ടെന്നസി എന്നിവിടങ്ങളിൽ മഞ്ഞും ഐസും ശക്തമായി പെയ്തത് കാരണം നിരവധി വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കൂട്ടിയിടിയെ തുടര്‍ന്ന് ടെക്സസില്‍ ഏതാണ്ട് 1.5 മൈല്‍ (ഏതാണ്ട് രണ്ടര കിലോമീറ്ററോളം) ദൂരത്തോളം വാഹനങ്ങള്‍ കിടന്നു. കൂടുതലും രാവിലെ ഓഫീസിലേക്ക് കാറുകളില്‍ പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
നിരവധി അപകടങ്ങളിലായി ഇന്നലെ വൈകുന്നേരത്തോടെയാണ് ഒമ്പത് മരണം സ്ഥിരീകരിച്ചത്. ഏതാണ്ട് 65 ഓളം പേര്‍ക്ക് അപകടത്തെ തുടര്‍ന്ന് പരിക്കേറ്റതായും അധികൃതര്‍ പറഞ്ഞതായി ഡെയ്‍ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെക്സാസില്‍ പരിക്കേറ്റ 65 പേരിൽ 36 പേരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മരിച്ചവരിൽ കുട്ടികളോ ഗുരുതരമായി പരിക്കേറ്റവരോ ഇല്ലെന്നാണ് പുറത്ത് വിട്ട വിവരം.
എന്നാല്‍, അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയോ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ടെക്സാസിലെ അപകടത്തെ തുടര്‍ന്ന് ആറ് പേര്‍ മരിച്ചപ്പോള്‍ ഡാളസില്‍ ഉണ്ടായ അപകടത്തിലാണ് മൂന്ന് മരണം.
കഴിഞ്ഞ ദിവസങ്ങളില്‍ ടെക്സാസ് അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച 'ഷെർലി' ശീതകാല കൊടുങ്കാറ്റ് റോഡുകളിലും മറ്റും വന്‍തോതിലുള്ള മഞ്ഞാണ് നിക്ഷേപിച്ചത്.
ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടമാകുകയും വാഹനങ്ങളുടെ ബ്രേക്കിങ്ങ് സംവിധാനം കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതാകുകയും ചെയ്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രഥമിക വിലയിരുത്തല്‍.
കെന്‍റക്കിയിലെ ലൂയിസ്‌ വില്ലിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട് മാത്രം 20 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്റ്റിനിൽ 26 കാറുകളാണ് കൂട്ടിയിടിച്ചത്.
ഫോർട്ട് വർത്തിൽ ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിലാണ് 65 പേർ ചികിത്സ തേടിയിട്ടുണ്ടെന്ന് ഫയർ ചീഫ് ജിം ഡേവിസ് പറഞ്ഞത്. നിരവധി രോഗികളെ സംഭവസ്ഥലത്ത് നിന്ന് തന്നെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചതായി മെഡ്‌സ്റ്റാർ ആംബുലൻസ് സർവീസ് വക്താവ് മാറ്റ് സവാഡ്‌സ്കി പറഞ്ഞു.
സ്‌പെഷ്യൽ ഇവന്‍റസ് യൂണിറ്റ് ഉൾപ്പെടെ 80 ലധികം പൊലീസ് യൂണിറ്റുകളാണ് അപകടങ്ങളെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ 13 ആംബുലൻസുകളും പാരാമെഡിക്കുകളും സൂപ്പർവൈസർ യൂണിറ്റുകളും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
ജൂലിയസ് സ്‌കെപ്‌സ് ഫ്രീവേയിൽ 18 ല്‍ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അമിത വേഗതയില്‍ വന്ന കാര്‍ റോഡിലെ മഞ്ഞില്‍ നിയന്ത്രണം വിടുകയും മീഡിയനിലേക്ക് ഇടിച്ച് കയറുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനെത്തിയ റസ്ക്യൂ തൊഴിലാളികള്‍ പോലും മഞ്ഞില്‍ തെന്നിവീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഞ്ഞുമൂടിയ റോഡുകളാണ് ഡാളസിൽ കുറഞ്ഞത് മൂന്ന് മരണങ്ങള്‍ക്ക് കാരണമെന്ന് ഡാളസ് പൊലീസ് വക്താവ് തമിക ഡാമെറോൺ സി‌എൻ‌എന്നിനോട് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഷെര്‍ലി ശീതകൊടുങ്കാറ്റ് ഇത്രയും രൂക്ഷമാകാന്‍ കാരണം. ശീതകൊടുങ്കാറ്റിനെ തുടര്‍ന്ന് റോഡുകളില്‍ അസാധാരണമാം വിധം മഞ്ഞുവീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് റോഡിലുണ്ടായിരുന്ന നിയന്ത്രണം നഷ്ടമാകുകയും തുടര്‍ന്ന് അപകട പരമ്പരകള്‍ ഉണ്ടാവുകയുമായിരുന്നു.
ടെക്സസ് ഫ്രീവേയുടെ നിയന്ത്രണം നോർത്ത് ടാരൻറ് എക്സ്പ്രസ് മൊബിലിറ്റി എന്ന സ്വകാര്യ കമ്പനിക്കാണ്.
ഹൈവേയില്‍ എല്ലായിടത്തും സുരക്ഷാ മുന്നറിയിപ്പുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെന്നും ടെക്സസ് ഗതാഗത വകുപ്പിന്‍റെ അതേ നടപടിക്രമത്തിലാണ് പ്രവർത്തിക്കുന്നതെന്നും നോർത്ത് ടാരൻറ് എക്സ്പ്രസ് മൊബിലിറ്റി അറിയിച്ചു. എന്നാല്‍ മഞ്ഞില്‍ അമിതവേഗതയിലെത്തിയത് അപകടങ്ങളുടെ വ്യപ്തിക്കൂട്ടുകയായിരുന്നുവെന്നും കമ്പനി വക്താവ് പറഞ്ഞു.

Latest Videos

click me!