അഞ്ച് വന്‍കരകളില്‍ പടരുന്ന കാട്ടുതീ

First Published | Aug 10, 2021, 3:48 PM IST

രിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനായി ഏറെ നാളായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയൊക്കെ പല താത്പര്യങ്ങളുടെ ഫലമായി പ്രായോഗികമാക്കുന്നതില്‍ ലോക രാജ്യങ്ങള്‍ നിരന്തരം പരാജയപ്പെട്ടു. അതിന്‍റെ ഫലമായി ഭൂമിയിലെ ചൂട് കൂടുകയും നിലനിന്നിരുന്ന കാലാവസ്ഥയില്‍ ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ പ്രകടമാകുകയും ചെയ്തു. 2021 കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഏറ്റവും പ്രകടമായ വര്‍ഷങ്ങളിലൊന്നാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചൂട് കൂടുകയും അത് ഉഷ്ണതരംഗത്തിന് കാരണമാവുകയും ചെയ്തു. ഇതോടെയാണ് കാട്ടുതീ രൂക്ഷമായതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് പ്രദേശങ്ങള്‍ ഇന്നും നിന്ന് കത്തുകയാണ്.  യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ വന്‍കരകളില്‍ സജീവമായ കാട്ടുതീ പടര്‍ന്നു കയറുമ്പോള്‍ അന്‍റാര്‍ക്കില്‍ അതിശക്തമായ മഞ്ഞുരുക്കമാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിന് തടയിടാന്‍ കഴിയാത്തിടത്തോളം ഈ ദുരന്തങ്ങള്‍ക്ക് ശക്തിയേറുകയേയുള്ളൂവെന്ന് ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കുന്നു. ഹരിതഗൃഹ വാതക ഉദ്‌വമനം മൂലം ആഗോള താപനില ഉയരുന്നത് ഗ്രഹത്തിലുടനീളം അഗ്നിബാധയുടെ സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിന്‍റെ ചില ഭാഗങ്ങൾ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെങ്കില്‍ അതേസമയം ചൂടുകൂടിയ ഉണങ്ങിയ പ്രദേശമായ കാലിഫോർണിയയില്‍ അതിശക്തമായ കാട്ടുതീ പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്ക അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം നിയന്ത്രിക്കാൻ പോരാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. (വിവിധ രാജ്യങ്ങളില്‍ കാട്ടുതീ പടരുന്ന ദൃശ്യങ്ങള്‍ ഗെറ്റിയില്‍ നിന്ന്)

ഗ്രീസ്

പൊള്ളുന്ന താപനിലയാണ് ഇപ്പോള്‍ ഗ്രീസില്‍ അനുഭവപ്പെടുന്നത്. ഏകദേശം രണ്ടാഴ്ചയായി രാജ്യത്തുടനീളം തീ പടർന്നിട്ട്. കാട്ടുതീ നിയന്ത്രണ വിദേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല. അതിശക്തമായ രീതിയില്‍ തീ പടര്‍ന്ന് പിടിക്കുകയാണ്. മനുഷ്യരുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ആയിരക്കണക്കിന് പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങി. 

ഗ്രീസിലെ രണ്ടാമത്തെ വലിയ ദ്വീപായ ഇവിയ കടുത്ത കാട്ടുതീ ഭീഷണിയിലാണ്. ഇവിടെ നിന്ന്  ആയിരങ്ങൾ പലായനം ചെയ്യു. ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ തീപിടിത്തമാണ് ഇത്തവണത്തേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീസിലെ ചരിത്രപ്രസിദ്ധമായ ഒളിംപിക് ഗ്രാമം തീ പിടിത്തത്തില്‍ കത്തിയമര്‍ന്നു.


ആഗസ്റ്റ് 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ, ഗ്രീസിൽ ഏകദേശം 57,000 ഹെക്ടർ (1,40,000 ഏക്കർ) പ്രദേശം കത്തിനശിച്ചു. 2008 നും 2020 നും ഇടയിലുള്ള അതേ കാലയളവിൽ കരിഞ്ഞ ശരാശരി വിസ്തീർണ്ണം വെറും 1700 ഹെക്ടറായിരുന്നുവെന്ന കണക്കുകൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 

തുര്‍ക്കി


കഴിഞ്ഞ 10 ദിവസമായി തെക്കൻ തീരത്ത് തീ പടർന്ന് എട്ട് പേരാണ് മരിച്ചത്. പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പൈൻ വനത്തിന്‍റെയും കാർഷിക ഭൂമിയുടെയും വലിയ ഭാഗങ്ങൾ കത്തി നശിപ്പിച്ചു.

ഇറ്റലി


തെക്കൻ ഇറ്റലിയിലെ ചില ഭാഗങ്ങളിൽ അതിശക്തമായ തീപിടുത്തം തുടരുന്നതായാണ് റിപ്പോര്‍ട്ട്.  സിസിലി, സാർഡിനിയ എന്നിവിടങ്ങളിൽ തീ പിടിത്തം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. രാജ്യത്തെ ആദ്യത്തെ സുപ്രധാന കാട്ടുതീ, ജൂലൈ 24 നും 26 നും ഇടയിലായിരുന്നു. 10,000 ഹെക്ടർ (24,710 ഏക്കർ) വനം കത്തി നശിച്ചു. തെക്കുപടിഞ്ഞാറൻ സാർഡിനിയയിലെ 800 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. 

റഷ്യ


സൈബീരിയയിലെ പ്രാദേശിക അധികാരികൾ കഴിഞ്ഞ ഞായറാഴ്ച (8.7.21) 155 തീജ്വാലകൾ കത്തുന്ന വിശാലമായ മേഖലയിലെ നിരവധി ഗ്രാമങ്ങൾ ഒഴിപ്പിക്കാൻ നീക്കം തുടങ്ങിയതായി വാര്‍ത്തകള്‍ പുറത്ത് വന്നു. ചൂടുള്ള കാലാവസ്ഥ കാട്ടുതീയ്ക്ക് കാരണമായതായി പറയുന്നു. നിരവധി വീടുകള്‍ കത്തിയമര്‍ന്നു. 

അമേരിക്ക


യുഎസഎയിൽ വടക്കൻ കാലിഫോർണിയയിലെ അഗ്നിശമന സേനാംഗങ്ങൾ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയോട് എതിരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഏകദേശം നാലാഴ്ച മുമ്പ് ആരംഭിച്ച ഡിക്സി ഫയർ 725 ചതുരശ്ര മൈൽ (1,875 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തേക്ക് ഇതിനകം വ്യാപിച്ചു. കാലിഫോർണിയ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ പ്രകാരം, തീയുടെ 21% മാത്രമേ അടങ്ങിയിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. 

ന്യൂയോർക്ക് നഗരത്തിന്‍റെ ഇരട്ടിയിലധികം വലിപ്പമുള്ള പ്രദേശം ഇതിനകം കത്തിത്തീര്‍ന്നു. ഉഷ്ണതരംഗങ്ങളും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചരിത്രപരമായ വരൾച്ചയും അമേരിക്കൻ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാട്ടുതീയെ നേരിടാൻ ബുദ്ധിമുട്ടാക്കി.

സമീപകാലത്ത് രേഖപ്പെടുത്തിയ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം കാട്ടുതീയാണിത്. 50 സംസ്ഥാനങ്ങളുള്ള അമേരിക്കിലെ 15 സംസ്ഥാനങ്ങളിലുടനീളം നൂറ് കണക്കിന് തീപിടിത്തമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനഡയോട് ചേര്‍ന്നുള്ള പടിഞ്ഞാറ് ഭാഗത്താണ് ഏറ്റവും കൂടുതല്‍ തീ പിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. 

കാനഡ

അതിശക്തമായ ഉഷ്ണതരംഗത്തിന്‍റ പിടിയിലാണ് പടിഞ്ഞാറന്‍ കാനഡയും. പ്രാദേശിക മാധ്യമങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച 279 കാട്ടുതീ പിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പോര്‍പ്പിച്ചു. ബ്രിട്ടീഷ് കൊളംബിയയിൽ വസന്തകാലം മുതൽ ഏകദേശം 5,800 ചതുരശ്ര കിലോമീറ്റർ വനം കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാനഡയിലെ ചൂട് കൂടിയ വേനല്‍ക്കാലം കഴിയാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ടെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.  

ലിമാസോൾ കാട്ടുതീ

2021 ജൂലൈ 3 ശനിയാഴ്ച സൈപ്രസിലെ അരകപാസിൽ ഉണ്ടായ കാട്ടുതീയുടെ ഒരു പരമ്പരയാണ് 2021 ലിമാസോൾ കാട്ടുതീ. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇസ്രായേൽ, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യൻ യൂണിയൻ അംഗങ്ങൾ എന്നിവ കാട്ടുതീ നിയന്ത്രിക്കാൻ സൈപ്രസിനെ സഹായിക്കുന്നവരിൽ ഉൾപ്പെടുന്നു.

ഇന്ത്യ ; ഡിസോകോ വാലി കാട്ടുതീ

നിലവില്‍ സജീവമായ കാട്ടുതീ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കഴിഞ്ഞ ഡിസംബർ 29 മുതല്‍ ജനുവരി 11 വരെ ശക്തമായ കാട്ടുതീ ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്  നാഗാലാൻഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഡിസോകോ വാലിയിലായിരുന്നു. കാട്ടുതീയുടെ ഫലമായി പാരിസ്ഥിതികമായി ദുര്‍ബലമായ ഡിസോകോ താഴ്‌വരയിലെ 200 ഏക്കർ ഭൂമിയാണ് തകത്തിയമര്‍ന്നത്. സമുദ്രനിരപ്പിൽ നിന്ന് 2452 മീറ്റർ ഉയരത്തിലായിരുന്നു അന്ന് തീയാളിയ പ്രദേശങ്ങള്‍. 

സിംലിപാൽ കാട്ടുതീ

2021 മാർച്ചിലും ഏപ്രിലിലും ഇന്ത്യൻ സംസ്ഥാനമായ ഒഡീഷയിൽ ശക്തമായി വീശിയ കാട്ടു തീയാണിത്. ഒഡീഷയിലാണ് സിംലിപാൽ ബയോസ്ഫിയർ റിസർവ് വനഭൂമിയുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാട്ടുതീ സംഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. മണ്‍സൂണ്‍ ലഭ്യത കുറഞ്ഞതും നീണ്ട വരള്‍ച്ചയും തീപിടിത്തം വ്യപകമാക്കി. ഇത്തവണത്തെ തീ പിടിത്തം പ്രദേശത്തെ ചരിത്രത്തിലെ ഏറ്റവുംവലിയ തീപിടിത്തമായാണ് കണക്കാക്കുന്ന്. 
 

ഫെബ്രുവരി ആദ്യം മുതൽ 3,400 ലധികം ചെറിയ തോതിലുള്ള തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. 2021 മാർച്ച് 5 വരെ സിംലിപാൽ ബയോസ്ഫിയർ റിസർവിൽ 233 സജീവ കാട്ടുതീകളാണ് രേഖപ്പെടുത്തിയത്.  2021 മാര്‍ച്ചില്‍  സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു ടാസ്ക് ഫോഴ്സ് സംസ്ഥാനത്തെ 30 ജില്ലകളില്‍ 26 -ലും കാട്ടു തീ പടര്‍ന്ന് പിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 9 ഓടെ ഇത് നിയന്ത്രണ വിധേയമാക്കിയെങ്കിലും 14 വീണ്ടും ഈ പ്രദേശത്ത് കാട്ടുതീ റിപ്പോര്‍ട്ട് ലഭിച്ചു.

ടേബിൾ മൗണ്ടൻ കാട്ടുതീ

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ടേബിൾ മൗണ്ടൻ പ്രദേശത്ത് അതിശക്തമായ കാട്ടുതീയാണ് ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേപ് ടൗൺ സർവകലാശാലാ ക്യാപസ്, ലൈബ്രറിയടക്കമുള്ള പ്രദേശങ്ങള്‍ കത്തി നശിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 
 

പാറ്റഗോണിയ കാട്ടുതീ

അർജന്റീനയിലെ പാറ്റഗോണിയ കാട്ടുതീ ആരംഭിച്ചത് 2021 മാർച്ച് 7 നാണ്.  21 കിലോമീറ്റർ ചുറ്റളവിലാണ് കാട്ടുതീ പടര്‍ന്ന് കയറിയത്.  ഒരു തീപ്പൊരി പ്രത്യക്ഷപ്പെട്ടു. ഈ കാട്ടുതീ ജനവാസ മേഖലയിലേക്ക് പടര്‍ന്ന് പിടിച്ചതോടെ നിരവധി വീടുകള്‍ കത്തിയമര്‍ന്നു. നിരവധി പേര്‍ മരിച്ചു. 11 ഓളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 

ഓസ്ട്രേലിയൻ കാട്ടുതീ  

2019–20 ബുഷ് ഫയര്‍ കാട്ടുതീ ഓസ്ട്രേലിയയ്ക്ക് വന്‍ നാശനഷ്ടമാണ് വരുത്തി വച്ചത്. ഓസ്ട്രേലിയയില്‍ പടര്‍ന്ന കാട്ടുതീ പുറത്ത് വിട്ട പുകപടലം ദിവസങ്ങളോളം നൂസ്‍ലാന്‍റിന്‍റെ ആകാശത്ത് പുകപടലം സൃഷ്ടിച്ചിരുന്നു. പുതിയ സീസണിലും അതിശക്തമായ കാട്ടുതീയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൂറലൂ കാട്ടുതീ

പെർത്ത് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ക് 45 കിലോമീറ്റർ (28 മൈൽ) വടക്ക്-കിഴക്ക്, പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഷൈർ ഓഫ് മുണ്ടാരിംഗിൽ ഫെബ്രുവരി 1-ന് ആരംഭിച്ച  കാട്ടുതീയാണ്  വൂറോലൂ ബുഷ്ഫയർ. ഒന്ന ദിവസം കൊണ്ട് കാട്ടുതീ കിലോമീറ്ററുകളോളം പ്രദേശത്തെ വിഴുങ്ങി. വൂറലൂ കാട്ടുതീ ഏതാണ്ട് 26 കിലോമീറ്റര്‍ പ്രദേശത്തെയാണ് കത്തിയമര്‍ത്തിയത്. 

ഈ തീപിടിത്തങ്ങളില്‍ മനുഷ്യരുടെ മരണനിരക്കില്‍ വലിയ വര്‍ദ്ധനയുണ്ടാക്കിയിട്ടില്ലെന്നതാണ് ഏക ആശ്വാസം. എന്നാല്‍ പക്ഷികള്‍ , മൃഗങ്ങള്‍ തുടങ്ങി കത്തി നശിച്ച കാടുകള്‍ എന്നിവയുണ്ടാക്കിയ നഷ്ടം നികത്താന്‍ തന്നെ പതിറ്റാണ്ടുകള്‍ വേണ്ടിവരും. അതോടൊപ്പം ഭക്ഷ്യക്ഷാമവും രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുണ്ടാക്കുന്ന ദൂരവ്യാപകമായ ദുരന്തത്തെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ ഏറെ പാടുപെടും. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!