കടലില്‍ നിന്ന് നീന്തിക്കയറിയ ജീവിയെ കണ്ട്, തീരത്ത് കുളിക്കാനായി എത്തിയവര്‍ ഓടി

First Published | Aug 12, 2022, 11:07 AM IST

യൂറോപ്പിന്‍റെ തെക്കന്‍ ഭൂപ്രദേശങ്ങളെ ഏറ്റവും മോശമായ രീതിയില്‍ ബാധിച്ച ഉഷ്ണതരംഗം മനുഷ്യന് മാത്രമല്ല മറ്റ് ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഉഷ്ണതരംഗത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. ഹെക്ടര്‍ കണക്കിന് വനഭൂമിയാണ് സ്പെയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കത്തിക്കൊണ്ടിരിക്കുന്നത്. കടുത്ത വേനല്‍ക്കാലങ്ങളില്‍ കടല്‍ത്തീര വിനോദസഞ്ചാരത്തിന് യൂറോപ്പില്‍ ഏറെ പ്രചാരമുണ്ട്. അത്തരത്തില്‍ കോസ്റ്റ ഡെൽ സോളിലെ ബെനജറഫെ ബീച്ചിൽ കടലില്‍ കുളിക്കാനെത്തിയ സഞ്ചാരികള്‍ കടലില്‍ നിന്ന് പെട്ടെന്ന് ഉയര്‍ന്നു വന്ന ജീവിയെ കണ്ട് ഭയന്നോടി. യൂറോപ്യന്‍ തീരത്ത് സ്രാവുകള്‍ എത്താറുണ്ടെങ്കിലും കടലില്‍ നിന്ന് ബെനജറഫെ ബീച്ചിലേക്ക് നീന്തിക്കയറിയ ജീവിയെ കണ്ട് സഞ്ചാരികളെല്ലാം എഴുന്നേറ്റ് ഓടി. കാരണം കടലില്‍ നിന്ന് നീന്തിക്കയറിയ ആ ജീവി ഒരു കാട്ടുപന്നിയായിരുന്നു. 

സ്പെയിനിന്‍റെ തെക്കന്‍ നഗരമായ മലാഗയിൽ നിന്ന് അര മണിക്കൂർ യാത്ര ചെയ്താൽ കോസ്റ്റ ഡെൽ സോളിന്‍റെ കിഴക്കേ അറ്റത്തുള്ള കുടുംബസൗഹൃദ വിനോദത്തിന് പേര് കേട്ട  ബെനജറഫെ ബീച്ചിൽ എത്തിച്ചേരാം. ഈ ബീച്ചില്‍ കഴിഞ്ഞ ദിവസം ആളുകള്‍ വിശ്രമിക്കുമ്പോഴാണ് ഒരു കാട്ടു പന്നി കടലില്‍ നിന്നും ഓടിക്കയറിയത്. കാട്ടുപന്നി കടലില്‍ നിന്നും നീന്തിക്കയറുന്നത് കണ്ടുനിന്നവവരില്‍ ആരോ വിളിച്ച് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. 

'സൂക്ഷിക്കുക, ഇത് വെള്ളത്തിൽ നിന്ന് വരുന്നു.' ആളുകളുടെ ഉറക്കെയുള്ള ശബ്ദം കേട്ട് കടല്‍തീരത്ത് കിടന്നവര്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് കാട്ടുപന്നിയെ കണ്ടത്. 'മുട്ടന്‍' ഒരു കാട്ടുപന്നിയെ കണ്ട്, സൂര്യസ്നാനത്തിനായി തീരത്ത് കിടന്നിരുന്ന വിനോദസഞ്ചാരികളെല്ലാം എഴുന്നേറ്റ് ഓടി. ഏകദേശം മൂന്ന് വയസ് പ്രായമുള്ള വലിയൊരു കാട്ടു പന്നിയായിരുന്നു അത്. കടലില്‍ നിന്ന് കരയ്ക്ക് കയറിയ കാട്ടുപന്നി മനുഷ്യരെ കണ്ടതും പൂഴിമണലിലൂടെ 'നിലം തൊടാതെ' ഓടി. 


കാട്ടുപന്നിയെ കണ്ട സഞ്ചാരികളാകട്ടെ സ്ന്തം വസ്ത്രം നഷ്ടപ്പെട്ടത് പോലും പരിഗണിക്കാതെ എഴുന്നേറ്റ് ഒടുകയായിരുന്നു. തീരപ്രദേശത്തുള്ള കുറ്റിക്കാട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറിയപ്പോള്‍ കടല്‍ത്തീരത്ത് കിടന്നിരുന്ന ചിലര്‍ അവനെ വേട്ടയാടാനായി തയ്യാറായി. എന്നാല്‍, പൊലീസ് ഇടപെടുകയും വേട്ടയ്ക്കായി തയ്യാറെടുത്തവരെ പിന്തിരിപ്പിക്കുകയും ചെയ്തു. അതിനെ ശല്യം ചെയ്യരുതെന്ന് പൊലീസ് അവശ്യപ്പെട്ടതോടെ ആളുകള്‍ പിന്തിരിയുകയായിരുന്നു. 

'ബെനജറഫിലെ കടൽത്തീരത്ത് നിന്ന് ഒരു കാട്ടുപന്നി മത്സ്യകന്യകയെപ്പോലെ പ്രത്യക്ഷപ്പെടുകയായിരുന്നു.' എന്ന് കടപ്പുറത്തുണ്ടായിരുന്ന ഒരു സഞ്ചാരി തന്‍റെ സാമൂഹിക മാധ്യമ പേജില്‍ എഴുതി. ഇതിന് മുമ്പ് പ്രദേശത്ത് അത്തരമൊരു കാട്ടുപന്നിയെ ഇതുവരെയായും കണ്ടിട്ടില്ലെന്ന് മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ക്ക് നേത‍ൃത്വം നല്‍കുന്ന ഒരു കമ്പനി നടത്തുന്ന ജോസ് അന്‍റോണിയോ പറഞ്ഞു. 

എന്നാല്‍, അത് പോയ വഴി തങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു.  'അതിന് വളരെ മൂർച്ചയുള്ള കൊമ്പുണ്ട്. അത് നിലവില്‍ ആരെയും ആക്രമിക്കുന്നില്ലെങ്കിലും നിങ്ങള്‍ അതിനെ അക്രമിക്കാന്‍ ശ്രമിച്ചാല്‍ അത് നിങ്ങൾക്ക് വളരെയധികം നാശമുണ്ടാക്കും.' ജോസ് കൂട്ടിചേര്‍ത്തു. 

അത് ബീച്ചിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്നു അദ്ദേഹം വിശദീകരിച്ചു. നിലവിൽ തെക്കൻ സ്പെയിനിനെ ബാധിക്കുന്ന വരൾച്ചയും ഉഷ്ണതരംഗവും അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും വന്യജീവികളെ കാട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ പ്രേരിപ്പിക്കുയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കടപ്പുറത്തേക്ക് കാട്ടുപന്നി ഇനിയും വന്നാല്‍ മയക്ക് വെടി വച്ച് പിടിച്ച്, അതിന്‍റെ സ്വന്തം ആവാസവ്യസ്ഥയിലേക്ക് തന്നെ മാറ്റാന്‍ തീരുമാനിച്ചെന്നും ജോസ് കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ വരവില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍, രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കോസ്റ്റ ബ്ലാങ്കയുടെ തീരത്ത് വച്ച് 67 വയസുള്ള ഒരു സ്ത്രീക്ക് കാട്ടുപന്നിയുടെ കുത്തേറ്റിരുന്നു. 

ബെനിഡ്രോം , അൽഫാസ് ഡെൽ പൈ, ആൾട്ടിയ എന്നീ മുനിസിപ്പാലിറ്റികളിലെ 5,000 ഏക്കറിലധികം വരുന്ന സംരക്ഷിത തീരപ്രദേശങ്ങൾക്ക് സമീപമുള്ള സെറ ഗെലാഡ നാച്ച്വറൽ പാർക്കിൽ നിന്നാണ് കാട്ടുപന്നി കടല്‍തീരത്തേക്ക് എത്തിയതെന്ന് കരുതുന്നു. എന്നാല്‍, ഇതെങ്ങനെ കടലില്‍ എത്തപ്പെട്ടു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല. 

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ലോക്‍ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജനവാസ മേഖലകളില്‍ പോലും ജനസമ്പര്‍ക്കം കുറഞ്ഞു. ഇതോടെ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങള്‍ കാട് വിട്ട് കൂടുതലായി പുറത്തേക്ക് ഇറങ്ങാന്‍ കാരണമായി. കഴിഞ്ഞ ആറേഴ് മാസമായി യൂറോപ്പിന്‍റെ വിവിധ തീരപ്രദേശങ്ങളില്‍ നിന്നായി നിരവധി പേരെ കാട്ടുപന്നി ആക്രമിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 
 

Latest Videos

click me!