white supremacists : 'അമേരിക്കയെ തിരിച്ച് പിടിക്കാന്‍' വാഷിംഗ്ടൺ ഡിസിയിലേക്ക് വംശീയ ഗ്രൂപ്പുകളുടെ മാര്‍ച്ച്
First Published | Dec 6, 2021, 4:26 PM ISTഅമേരിക്കയില്‍ ഡ്രംപ് ഭരണത്തോടെ ശക്തമായ വംശീയ ഗ്രൂപ്പുകള്‍ വീണ്ടും ശക്തിപ്രകടനവുമായി രംഗത്ത്. 'അമേരിക്കയെ തിരിച്ച് പിടിക്കാനായി' (reclaim America) വെളുത്ത വംശജരുടെ ഒരു ഗ്രൂപ്പായ പാട്രിയറ്റ് ഫ്രണ്ട് (Patriot Front) കഴിഞ്ഞ ശനിയാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ ഒരു പ്രകടനം നടത്തി. വെള്ള ഗെയ്‌റ്ററുകൾ, സൺഗ്ലാസ്, നീല ജാക്കറ്റുകൾ, കാക്കി പാന്‍റ്സ്, ബ്രൗൺ ബൂട്ട്‌സ്, തൊപ്പികൾ എന്നിവ ധരിച്ച 100 അധികം ആളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഇവര്‍ അമേരിക്കൻ പതാകകളും പ്ലാസ്റ്റിക് ഷീൽഡുകളും വഹിച്ചുകൊണ്ട് ലിങ്കൺ മെമ്മോറിയലിന്‍റെ പടികളിലൂടെ താഴേക്ക് നീങ്ങി. 'ഞങ്ങളുടെ പ്രകടനങ്ങൾ സംഘടിക്കാനും ശക്തി പ്രകടിപ്പിക്കാനുമുള്ള നമ്മുടെ ഏകീകൃത കഴിവിന്‍റെ പ്രദർശനമാണിത്. കലാപകാരികളോ പൊതു ശല്യക്കാരോ ആയിട്ടല്ല, മറിച്ച് ഒരു സന്ദേശം ചിത്രീകരിക്കാനും അതിന്‍റെ യഥാർത്ഥ ജനങ്ങളുടെ താൽപ്പര്യങ്ങളുമായി കൂടുതൽ സാമ്യമുള്ള ഒരു അമേരിക്കയെ അന്വേഷിക്കാനും കഴിവുള്ള മനുഷ്യർ എന്ന നിലയിലാണ് ഈ മാര്‍ച്ചെന്ന്' പ്രകടനക്കാരുടെ നേതാവായ തോമസ് റൂസോ പറഞ്ഞു. 'വിജയം ഇല്ലെങ്കില്‍ മരണം' (Victory or Death) എന്നെഴുതിയ ബാനറുകളോടെയായിരുന്നു പ്രകടനം.