Azov Battalion: യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയ്ക്ക് സംഭവിച്ചതെന്ത് ? വീഡിയോ പറയുന്നത്

First Published | Apr 11, 2022, 10:54 AM IST


യുക്രൈന്‍ അധിനിവേശം തുടങ്ങി നാല്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യ യുക്രൈന്‍ മണ്ണില്‍ നിന്ന് പിന്മാറാന്‍ തുടങ്ങിയത്. കീവിനെ ലക്ഷ്യമാക്കി വന്‍ സൈനിക വാഹനവ്യൂഹത്തെ തന്നെ റഷ്യ അയച്ചെങ്കിലും അവയില്‍ ഒരു വാഹനത്തിന് പോലും തലസ്ഥാനമായ കീവിലെത്താന്‍ കഴിഞ്ഞില്ല. യുദ്ധത്തില്‍ തിരിച്ചടി നേരിടുകയാണെന്ന് വ്യക്തമായപ്പോള്‍, യുക്രൈന്‍റെ വടക്ക് പടിഞ്ഞാറാന്‍ മേഖലയില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്ന് റഷ്യ അറിയിച്ചു. ഇതോടെ ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയായിരുന്നിട്ടും 22- മത്തെ മാത്രം സൈനിക ശക്തിയായ യുക്രൈന് മുമ്പില്‍ റഷ്യന്‍ സായുധ സേനയ്ക്ക് എന്ത് സംഭവിച്ചുവെന്നത് ലോകമെമ്പാടുനിന്നും ചോദ്യമുയര്‍ന്നു. യുദ്ധം ആരംഭിച്ച് അമ്പത് ദിവസങ്ങള്‍ക്ക് ശേഷം അതിനുള്ള ഉത്തരമെന്നവണം ഒരു വീഡിയോ യൂറോപ്പിലെ സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായി പങ്കിടപ്പെട്ടു. മരിയുപോളില്‍ നിന്നുള്ള വീഡിയോയില്‍ റഷ്യയുടെ ബിഎംപി 2 എന്ന ടാങ്കിനെ ഒളിച്ചിരുന്ന ഒരു സംഘം യുകൈന്‍റെ അസോവ് പട്ടാളക്കാര്‍ തകര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. 

യുക്രൈന്‍റെ സൈനിക വിഭാഗത്തിന് കീഴിലുള്ള ഒരു നിയോ നാസി സൈനിക വിഭാഗമാണ് അസോവ് ബറ്റാലിയന്‍. (Azov Battalion -Azov Special Operations Detachment ) അസോവ് ബറ്റാലിയനിലെ സൈനികരാണ് റഷ്യന്‍ ടാങ്കിന് നേരെ മിസൈല്‍ പയിച്ചത്. 

ആഴ്ചകളായി റഷ്യ പോരാട്ടം കടുപ്പിച്ചിരിക്കുന്ന മരിയുപോളില്‍ നിന്നുള്ളതാണ് വീഡിയോ. ഒരു വീടിന് മുകളിലെ ചിമ്മിനിക്ക് സമീപത്ത് നിന്ന് ഒരു പട്ടാളക്കാരന്‍ താഴെയുള്ള റഷ്യന്‍ ടാങ്കിന് നേര്‍ക്ക് തന്‍റെ കൈവശമുള്ള റഷ്യൻ നിർമ്മിത RPO-A Shmel ( Rocket-propelled Infantry Flamethrower) ഉപയോഗിച്ച്  നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കുന്നു. 


സംഭവസ്ഥലത്ത് നിന്ന് എടുത്ത തുടർന്നുള്ള വീഡിയോയിൽ കുറഞ്ഞത് ആറ് റഷ്യൻ കാലാൾപ്പട സൈനികരുടെ മൃതദേഹങ്ങൾ റോഡില്‍ ചിതറിക്കിടക്കുന്നതായി കാണിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  റഷ്യയുടെ ബി‌എം‌പി-2 ടാങ്കുകളില്‍ മൂന്ന് ജീവനക്കാരാണുള്ളത്. 

ഇവരെ കൂടാതെ ഏഴ് സൈനികരെ കൂടി കൊണ്ടുപോകാന്‍ ബിഎംപി 2 ന് കഴിയും. 1980 ല്‍ സോവിയറ്റ് സൈന്യം, അഫ്ഗാനിസ്ഥാനിലാണ് ഈ ടാങ്കിനെ ആദ്യമായി യുദ്ധമുഖത്ത് അവതരിപ്പിച്ചത്. റഷ്യ, യുക്രൈനെതിരെ സൈനിക നീക്കം പ്രഖ്യാപിക്കുന്നതിനുള്ള പ്രധാനകാരണമായി ഉന്നയിച്ചത് യുക്രൈന്‍ സൈന്യത്തിലെ നവനാസി സഖ്യത്തെയാണ്. 

യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച സൈനിക സേവനം നടത്തുന്ന സൈനിക വിഭാഗമാണ് അസോവ് ബറ്റാലിയന്‍. പ്രധാനമായും ഡോണ്‍ബോസ് മേഖല കേന്ദ്രീകരിച്ചാണ് ഈ സൈനിക വിഭാഗം പ്രവര്‍ത്തിക്കുന്നത്. അസോവ് ബറ്റാലിയനെ ഉക്രൈന്‍ സൈന്യത്തിലെ നവനാസി വിഭാഗമാണ്. 

യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയിലെ റഷ്യന്‍ വിമതരുമായി പോരാടാനാണ് അസോവ് ബറ്റാലിയന്‍ സൃഷ്ടിക്കപ്പെട്ടത്. 'മരിയുപോളിലെ അസോവ്, ശത്രുവിനെ നശിപ്പിക്കുന്നത് തുടരുന്നു' എന്ന തലക്കെട്ടോടെയാണ് അസോവ് ബറ്റാലിയൻ ഈ വീഡിയേോ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടത്. 

യുകെ മിലിട്ടറി ഇന്‍റെലിജൻസിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ റഷ്യൻ യുക്രൈനിലെ ഡോൺബാസ് മേഖല, മരിയുപോൾ, മൈക്കോളൈവ് എന്നിവിടങ്ങളിലെ സൈനിക നീക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അവകാശപ്പെട്ടു. യുക്രൈന്‍റെ കിഴക്കന്‍ മേഖലകളില്‍ റഷ്യ ക്രൂയിസ് മിസൈലുകളുപയോഗിച്ചാണ് അക്രമണം കടുപ്പിക്കുന്നത്.  

അതിനിടെ കീവില്‍ നിന്നും പിന്മാറിയ റഷ്യന്‍ സൈന്യത്തിന് യുദ്ധത്തില്‍ കനത്ത നാശം നേരിടേണ്ടിവന്നതായി യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കീവ് മേഖലയില്‍ നിന്നും പിന്മാറിയ റഷ്യന്‍ സൈനിക യൂണിറ്റുകള്‍ റഷ്യൻ പട്ടണമായ  ബെൽഗൊറോഡിലേക്ക് നീങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കീവ് ലക്ഷ്യമാക്കി നീങ്ങിയ റഷ്യന്‍ സൈനിക യൂണിറ്റുകള്‍ക്കെല്ലാം കനത്ത നാശം നേരിടേണ്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കീവിന് കിഴക്കന്‍ നഗരമായ ഖാര്‍കീവിലും ഡോണ്‍ബോസിലും പുനര്‍വിന്യസിക്കാനായാണ് ഈ യൂണിറ്റുകളെ നീക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഖാര്‍കീവിലേക്കും ഡോണ്‍ബോസിലേക്കും ആയിരക്കണക്കിന് പുതിയ സൈനികരെയാണ് റഷ്യ വിന്യസിക്കുന്നത്. അതോടൊപ്പം ഫെബ്രുവരി 24 ന് മുമ്പ് യുക്രൈന്‍ അതിര്‍ത്തിയില്‍ സജ്ജീകരിച്ച യുദ്ധശക്തിയുടെ 15 മുതല്‍ 20 ശതമാനം വരെ റഷ്യയ്ക്ക് നഷ്ടമായെന്നും യുഎസിന്‍റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Latest Videos

click me!