എല്‍സാല്‍വദോറിലെ ഇപ്പോഴത്തെ സംസാരവിഷയം ഒരു വീടാണ്. വെറും വീടല്ലത്. എൽ സാൽവഡോറിലെ ഒരു ഉഷ്ണമേഖലാ ബീച്ചിൽ, റോമന്‍ ശൈലിയില്‍ നിരകളുള്ള തൂണുകളോട് കൂടിയ നിഗൂഢമായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവ്. ആ ഉപേക്ഷിക്കപ്പെട്ട വീട് കടല്‍ തീരത്ത് നിന്ന് കരയിലേക്ക് ഒഴുകുന്നതായി തോന്നും.
ലാ പന്‍റില്ല ബീച്ചിലെത്തുന്ന സഞ്ചാരികള്‍ ഇന്ന് ഈ ബംഗ്ലാവ് ലക്ഷ്യം വച്ചാണ് തീരത്തെത്തുന്നത്. വീടിന് ചുറ്റും പസഫിക് സമുദ്രമാണ്. ചെറിയൊരു കാറ്റില്‍ ഇല്ലെങ്കില്‍ തിരയിളക്കത്തില്‍ വീടിനുള്ളിലേക്ക് കടല്‍ വെള്ളം അടിച്ച് കയറും.
ചില സഞ്ചാരികള്‍ 'അപകടം' എന്നെഴുതിയ മുന്നറിയിപ്പുകള്‍ അവഗണിച്ച് ജീര്‍ണ്ണിച്ച ഗോവണിപ്പടി കയറി കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറുന്നു. അപ്പോഴും ബംഗ്ലാവിന്‍റ താഴത്തെ നിലയില്‍ കടല്‍വെള്ളം അടിച്ച് കയറുകയായിരുന്നു.
ചോലോപാൻസ ഒരു അന്വേഷണാത്മക വീഡിയോ ചിത്രീകരിക്കുകയായിരുന്നു. കൃത്യമായ ഒരു വിശദീകരണമില്ലാതെ ഉപേക്ഷിക്കപ്പെട്ട കടല്‍തീര വീടായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം.
വീഡിയോ യൂട്യൂബിലിട്ടതും സഞ്ചാരികള്‍ പുതിയ പ്രേതഭവനം തേടിയെത്തി. അതോടെ ചോലോപാൻസയുടെ വീഡിയോ വൈറലായി. ഇതോടെ ' നീണ്ട മനുഷ്യൻ ' വേട്ടയാടുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്ന പ്രേത ബംഗ്ലാവ് കാണാന്‍ വളരെ ദൂരദേശത്ത് നിന്നുപോലും സന്ദര്‍ശകരെത്തിത്തുടങ്ങുന്നുവെന്ന് പ്രദേശവാസികളും പറയുന്നു.
ഇരുമ്പും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിച്ച ഇളം പിങ്ക് നിറത്തിലുള്ള വില്ല, വർഷങ്ങളായി ഒരു പ്രാദേശിക രഹസ്യമാണെന്ന് തകര്‍ന്ന ചുവരുകളിലെ ചുവരെഴുത്തുകൾ സൂചിപ്പിക്കുന്നു.
ഉച്ചകഴിഞ്ഞാല്‍ കടലില്‍ വേലിയേറ്റമുണ്ടാകും. സ്വാഭാവികമായും മുറികളിൽ ഉപ്പുവെള്ളം നിറയും. അതിനാൽ ബംഗ്ലാവിലേക്ക് കയറാന്‍ ബുദ്ധിമുട്ടാകും. നിങ്ങള്‍ക്ക് വീട്ടിനുള്ളില്‍ കയറാന്‍ പറ്റിയ സമയം രാവിലെയാണെന്ന് ചോലോപാൻസ പറയുന്നു.
കടൽത്തീരത്ത് വില്ല ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സാൽവദോറൻ ദിനപത്രമായ ലാ പ്രെൻസ ഗ്രാഫിക്കയുടെ അഭിപ്രായത്തിൽ, കടൽത്തീരത്ത് നിർമ്മിച്ച പ്യൂർട്ടോ വെഞ്ചുറ എന്ന ഹോട്ടലാണ് ഇതെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.
'അവർ കടൽത്തീരത്ത് വളരെ ആഴത്തിലാണ് കെട്ടിടം പണിതത്. മുമ്പ്, കടല്‍ തീരത്ത് കെട്ടിടം പണിയാൻ ഔദ്യോഗിക അനുമതി ആവശ്യമായിരുന്നില്ല.' ഒരു പ്രാദേശിക മത്സ്യത്തൊഴിലാളിയായ ഓസ്കാർ വലൻസിയ പറയുന്നു.
25 വർഷങ്ങൾക്ക് മുമ്പ് ഹോട്ടൽ ഉപേക്ഷിക്കപ്പെട്ടതായി ചില പ്രദേശവാസികൾ അവകാശപ്പെടുന്നു. അതേസമയം 1998 ൽ എല്‍സാല്‍വദോറില്‍ ആഞ്ഞടിച്ച ' മിച്ച് ചുഴലിക്കാറ്റി'നെ തുടര്‍ന്ന് ഹോട്ടല്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നുവെന്നും അഭിപ്രായമുണ്ട്.
മധ്യ അമേരിക്കയെ തകർത്ത് കളഞ്ഞ ചുഴലിക്കാറ്റാണ് 'മിച്ച് ചുഴലിക്കാറ്റ്'. ശക്തമായ മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച ചുഴലിക്കാറ്റില്‍ നിരവധി മണ്ണിടിച്ചിലുമുണ്ടായി. 19,000 ത്തിലധികം ആളുകളെയാണ് മിച്ച് ചുഴലിക്കാറ്റ് കൊന്ന് തള്ളിയത്.
ഉപേക്ഷിക്കപ്പെട്ട വില്ലയ്ക്ക് കൊടുങ്കാറ്റിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അതിന്‍റെ അടിത്തറയിലെ മണല്‍ കടലെടുത്തു. മേല്‍ക്കൂര തകര്‍ന്നു. ഇതോടെയാണ് ഈ ബംഗ്ലാവ് ഉപേക്ഷിക്കപ്പെട്ടതെന്നും ചിലര്‍ കരുതുന്നു.
അറ്റ്ലാന്‍റിക് സമുദ്രത്തിലെ രണ്ടാമത്തെ മാരകമായ ചുഴലിക്കാറ്റായിരുന്നു 'മിച്ച് ചുഴലിക്കാറ്റ്'. 5 ബില്യൺ ഡോളറിലധികം നാശനഷ്ടമാണ് അന്ന് ചുഴലിക്കാറ്റ് മൂലമുണ്ടായത്.
താഴത്തെ നിലകളിലെ മുറികളിലൊന്നില്‍ ഒരു നക്ഷത്ര ചിഹ്നമുണ്ട്. ഇത് ഏതോ സമയത്ത് കെട്ടിടം പള്ളിയാക്കി പരിവര്‍ത്തിപ്പിച്ചതിന്‍റെ ബാക്കിയാണെന്ന് ചിലര്‍ കരുതുന്നു. ചോലോപാൻസയുടെ യൂട്യൂബ് വീഡിയോ തരംഗമായതോടെ ആ പ്രേതഭവനം കാണാനും ആളുകളെത്തിതുടങ്ങി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona